NEWS

മാണി സാറിന് പാലാ ഭാര്യയാണെങ്കില്‍ തനിക്കത് ഹൃദയമാണ്: മാണി സി കാപ്പന്‍

തിരുവനന്തപുരം: പാലാ വിട്ടുകൊടുക്കാനാകില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. മാണി സാറിന് പാലാ ഭാര്യയാണെങ്കില്‍ തനിക്കത് ഹൃദയമാണ്. എന്‍സിപി ജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കാനാകില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

പാലാ മാത്രമല്ല, കുട്ടനാട്, ഏലത്തൂര്‍ എന്നീ എന്‍സിപി വിജയിച്ച സീറ്റുകളൊന്നും വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പാലായില്‍ താന്‍ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ താന്‍ നടത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.

ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് മാണി സി കാപ്പന്റെ ഈ നിലപാട്.

പാലാ സീറ്റ് സംബന്ധിച്ചോ ജോസ് കെ മണി എല്‍ ഡി എഫിലേക്ക് വരുന്നത് സംബന്ധിച്ചോ ചര്‍ച്ച നടന്നിട്ടില്ല. സീറ്റ് മറ്റാര്‍ക്കും വിട്ടു കൊടുക്കേണ്ട എന്നാണ് എന്‍സിപി ദേശീയ നേതൃത്വത്തിന്റെ നിലപാട്. കെ എം മാണി ജയിച്ച സീറ്റ് അല്ല ഇപ്പോള്‍ പാലാ. പാലാ സീറ്റ് ഒരു കാരണവശാലും വിട്ടു കൊടുക്കില്ല. ജോസ് വരുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കാത്തതിനാല്‍ അഭിപ്രായം പറയേണ്ട കാര്യം ഇല്ല. ജോസ് കെ മാണി വരുന്നത് കൊണ്ട് പാലായില്‍ പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകില്ലെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

Back to top button
error: