NEWS

സീറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇനി പോലീസിന് അധികാരം: പുതിയ മാര്‍ഗ നിര്‍ദേശവുമായി കേന്ദ്രം


രാജ്യത്ത് ദിനം പ്രതി സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രുര പീഡനങ്ങള്‍ക്ക് ഇരയായി മരണപ്പെട്ട സംഭവം ഞെട്ടലോടെയാണ് രാജ്യം കേട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി പല സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് വന്നിരുന്നു. ഹത്രാസിലെ നിര്‍ഭയയ്ക്ക് ശേഷവും മറ്റിടങ്ങളില്‍ സമാന സാഹചര്യങ്ങളില്‍ പെണ്‍കുട്ടികള്‍ ഇരുട്ടിന്റെ മറവിലും പകലിന്റെ തെളിവിലും ചവച്ചരയ്ക്കപ്പെടുന്ന സ്ഥിതി വിശേഷമാണ് രാജ്യത്ത്.

പലപ്പോഴും ഇത്തരം കേസുകളില്‍ ഇരയ്ക്ക് നീതി ലഭിക്കുന്നുണ്ടോ എന്ന കാര്യം സംശയമുനയിലാണ് നില്‍ക്കാറുള്ളത്. ഇരയുടെ മരണമൊഴി മജിസ്്‌ട്രേറ്റിന് മുന്‍പാകെ രേഖപ്പെടുത്താഞ്ഞതു കൊണ്ടോ സാക്ഷികള്‍ ഒപ്പു വെക്കാഞ്ഞതു കൊണ്ടോ ഇരയ്ക്ക് ലഭിക്കേണ്ട നീതി ലഭിക്കാതെ പോവുകയോ കാലതാമസം സംഭവിക്കുകയോ ചെയ്യാറുണ്ട്. എന്നാലിപ്പോള്‍ പ്രസുത വിഷയത്തില്‍ പുതിയ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇതിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നല്‍കി. പോലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകള്‍ക്കും കര്‍ശന നടപടി സ്വീകരിക്കണമെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. ഹത്രാസ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗരേഖ

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ സി.ആര്‍.പി.സി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാനും അധികാര പരിധിക്ക് പുറത്താണെങ്കില്‍ സീറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും പുതിയ നിയമം പോലീസിന് അധികാരം നല്‍കുന്നു. ഇതോടെ ഇരയുടെ മരണമൊഴി രേഖപ്പെടുത്താതോ സാക്ഷികള്‍ ഒപ്പു വെച്ചില്ലെന്നതോ അന്വേഷണത്തെ യാതൊരു വിധത്തിലും പിന്നോട്ട് വലിക്കില്ല. കേസുകള്‍ സര്‍ക്കാര്‍ നേരിട്ട് നിരീക്ഷിച്ച് പ്രതികള്‍ക്ക് നിയമം അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കുകയും വേണമെന്ന് കത്തില്‍ സൂചിപ്പിക്കുന്നു.

Back to top button
error: