NEWS

ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും അറസ്റ്റ് ഒഴിവാക്കാൻ ആകില്ലെന്ന് പോലീസ് ,ഹൈക്കോടതിയെ സമീപിക്കാൻ ഭാഗ്യലക്ഷ്മി


യൂട്യൂബ് ചാനലിൽ സ്ത്രീകൾക്കെതിരെ അശ്‌ളീല പരാമർശം നടത്തിയ വിജയ് പി നായരെ “കൈകാര്യം” ചെയ്ത കേസിൽ ചലച്ചിത്രകാരി ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും അറസ്റ്റ് ഒഴിവാക്കാൻ ആകില്ലെന്ന് പോലീസ് .ഭാഗ്യലക്ഷ്മി ,ദിയ സന ,ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ മുൻ‌കൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു .

മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ അറസ്റ്റും റിമാൻഡും ഒഴിവാക്കാൻ ആകില്ലെന്ന എന്ന നിഗമനത്തിൽ ആണ് പോലീസ് എന്നാണ് റിപ്പോർട്ട് .എന്നാൽ ക്രിമിനലുകൾ അല്ലാത്തതിനാലും സ്ത്രീകൾ ആയതിനാലും ആലോചിച്ച് മാത്രം തീരുമാനം മതി എന്നതാണ് നിലപാട് .

സംസ്കാരമുള്ള പ്രവർത്തിയല്ല മൂവരും ചെയ്തത് എന്നാണ് കോടതി നിരീക്ഷിച്ചത് .നിയമവും സമാധാനവും കാത്ത് സൂക്ഷിക്കാനുള്ള ബാധ്യത കോടതിക്കുണ്ട് .ഇവർക്ക് ജാമ്യം ലഭിച്ചാൽ നിയമം കൈയിലെടുക്കാൻ പ്രേരണയാകും എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി .

കഴിഞ്ഞ 26 നായിരുന്നു സംഭവം .അശ്‌ളീല പരാമർശങ്ങൾ നടത്തി വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്ത വിജയ് പി നായരെ മൂവരും സ്റ്റാച്യുവിന്റെ അടുത്തുള്ള ലോഡ്ജിൽ എത്തി “കൈകാര്യം “ചെയ്യുകയായിരുന്നു .ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്ത് തമ്പാനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിരുന്നു .

താമസ സ്ഥലത്തെ അതിക്രമിച്ച് കയറൽ ,മോഷണം തുടങ്ങിയ കുറ്റങ്ങൾ ആണ് ചുമത്തിയിരിക്കുന്നത് .5 വർഷം വരെ തടവ് ലഭിക്കുന്ന കുറ്റങ്ങൾ ആണിവ .സ്ത്രീകളുടെ പരാതിയിൽ വിജയ് പി നായർക്കെതിരെ കേസ് എടുത്തിരുന്നെങ്കിലും പിന്നീട് ജാമ്യം നൽകുക ആയിരുന്നു .വിജയ് പി നായർക്കെതിരെ നിരവധി പരാതികൾ നൽകിയിട്ടും ഫലം ഉണ്ടായില്ല എന്നാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ പരാതി .സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ആണ് ഇവരുടെ പദ്ധതി .

Back to top button
error: