NEWS

തോക്ക് ചൂണ്ടി അക്രമം; പ്രതി അറസ്റ്റില്‍

ഉദുമ: താജ് റസിഡന്‍സിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്ത് ഉള്ളിൽ പ്രവേശിച്ച യുവാവ് റിസപ്ഷന് സമീപം സെക്യൂരിറ്റി ഓഫീസറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി.
സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അക്രമിയെ സി.സി. ടി.വി ക്യാമറയുടെ സഹായത്തോടെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ വീട്ടില്‍ ചെന്ന് അറസ്റ്റ് ചെയ്തു. നിരവധി കേസുകളില്‍ പ്രതിയായ ഉദുമ കപ്പണക്കാല്‍ സ്വദേശി അബ്ദുല്‍ നാസര്‍ എന്ന കോലാച്ചി നാസറാണ് അറസ്റ്റിലായത്.

ഇന്ന് പുലര്‍ച്ചെ 2.30ക്കാണ് സംഭവം. കഞ്ചാവ് ലഹരിയില്‍ താജ് റസിഡന്‍സിയില്‍ എത്തിയ യുവാവിനെ സെക്യൂരിറ്റി ജീവനക്കാരന്‍ ഗേറ്റില്‍ തടഞ്ഞുവെങ്കിലും കയ്യേറ്റം ചെയ്ത് അകത്തു കയറുകയായിരുന്നു. പിന്നീട് റിസപ്ഷന് സമീപം എത്തിയ ഇയാള്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ഓഫീസറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ബേക്കല്‍ എസ്.ഐയും സംഘവും സ്ഥലത്ത് കുതിച്ചെത്തിയപ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു.

തുടര്‍ന്ന് സി.സി. ടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് നിരവധി കേസുകളില്‍ പ്രതിയായ കോലാച്ചി നാസറാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞത്. ഡി.സി.ആര്‍.ബി. ഡി.വൈ.എസ്.പി ജെയ്‌സണ്‍ എബ്രഹാമിന്റെയും കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായരുടെയും നേതൃത്വത്തില്‍ പൊലീസ് സംഘം താമസ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റുചെയ്തു.

Back to top button
error: