NEWS

എസ്.ഐ ഷെജിമിന് തെറ്റുപറ്റി: വയോധികന്റെ കരണത്തടിച്ചത് ഗുരുതരമായ വീഴ്ചയെന്ന് ഡി.വൈ.എസ്.പി റിപ്പോര്‍ട്ട്

കൊല്ലത്ത് വയോധികനെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്.ഐ ഷെജീമിന് വീഴ്ച പറ്റിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി റിപ്പോര്‍ട്ട്. വാഹന പരിശോധനയ്ക്കിടെ പോലീസ് ജീപ്പിലേക്ക് കയറാന്‍ വിസമ്മതിച്ച വയോധികന്റെ കരണത്ത് പ്രോബേഷന്‍ എസ്.ഐ ഷെജീം അടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എസ്.ഐ യുടെ ക്രൂരമായ പെരുമാറ്റത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പലയിടത്തു നിന്നായി ഉയര്‍ന്നത്.

വീഡിയോയില്‍ വയോധികന്റെ കരണത്തടിക്കുന്നതും ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിട്ടും വഴിയില്‍ ഉപേക്ഷിക്കുകയുമാണ് ചെയ്തത്. ഷെജിമിനെതിരായ റിപ്പോര്‍ട്ട് കൊല്ലം റൂറല്‍ എസ്.പി ക്ക് കൈമാറി. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിന് പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്തതിനാണ് ചടയമംഗലം സ്വദേശി രാമാനുജന്‍ നായരെ ഷെജിം ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കൊല്ലം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി വിനോദ് കുമാറിനെയാണ് ചുമതലപ്പെടുത്തിയത്. പ്രോബേഷന്‍ എസ്.ഐ ഷെജീമിന്റെ നടപടി ഗുരുതരമായ വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അറസ്റ്റ് ചെയ്യുമ്പോള്‍ ഒരാളുടെ കരണത്തടിക്കാന്‍ പോലീസിന് അധികാരമില്ല. അല്ലെങ്കില്‍ കൂടുതല്‍ പോലീസ് സേനയെ വിളിച്ചു വരുത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അടി കൊണ്ട രാമാനുജന്‍ നായര്‍ തന്നെ ആശുപത്രിയില്‍ കൊണ്ടു പോകണമെന്ന് പറഞ്ഞിട്ടു അത് കേള്‍ക്കാതെ അയാളെ ഉപേക്ഷിച്ചതും ഗുരുതരമായ വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Back to top button
error: