NEWS

കേന്ദ്ര സര്‍ക്കാരിനെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ്സ്

കേന്ദ്ര സര്‍ക്കാരിനെ വലിച്ചു മുറുക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം. ഹത്രാസ്സ് സംഭവത്തില്‍ രാഹുല്‍ നടത്തിയ പ്രവര്‍ത്തനങ്ങളും, കര്‍ഷകരെ ഏകോപിപ്പിച്ച് നടത്തിയ ട്രാക്ടര്‍ റാലിയും ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്. ഏറ്റവും ഒടുവില്‍ മോദിക്കും കൂട്ടര്‍ക്കുമെതിരെ 40000 കോടിയുടെ ഇരുമ്പയിര് കുംഭകോണ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്സ്. ഇരുമ്പയിര് കയറ്റുമതിക്കുള്ള നിയമങ്ങള്‍ കോര്‍പ്പറേറ്റ് കമ്പിനിക്ക് വേണ്ടി മാറ്റിയ വകയില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്നാണ് കോണ്‍ഗ്രസ്സ് ആരോപണം

2014 ന് മുന്‍പ് വരെ ഇരുമ്പയിര് കയറ്റുമതിക്ക് തീരുവയായി 30 ശതമാനമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ നിയമങ്ങളെല്ലാം മാറിയെന്നാണ് ആരോപണം. ഇരുമ്പയിര് കയറ്റുമതി ചുമതല മെറ്റല്‍സ് ആന്റ് മിനറല്‍ ട്രേഡിങ് കോര്‍പ്പറേഷനായിരുന്നു. ഇതോടൊപ്പം 64 ശതമാനം സാന്ദ്രതയുള്ള ഇരുമ്പയിര് കയറ്റുമതി ചെയ്യാന്‍ കോര്‍പ്പറേഷന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും വേണമായിരുന്നു. മോദി സര്‍ക്കാര്‍ വന്നതോടെ നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും മാറ്റം വന്നു. ഇതോടെ സ്വകാര്യ കമ്പിനികള്‍ ഈ മേഖലയിലേക്ക് വളരെയധികം കടന്നു വന്നു.

ഇതിന് പിന്നാലെ ചൈന, ജപ്പാന്‍, തായ്‌വാന്‍ തുടങ്ങിയ നാടുകളിലേക്ക് കുദ്രെമുക് അയണ്‍ ഓര്‍ കമ്പിനിക്ക് ഇരുമ്പയിര് കയറ്റുമതിക്കുള്ള അനുമതി ലഭിച്ചു. ഒപ്പം മറ്റ് പല സ്വകാര്യ കമ്പിനികളും കയറ്റുമതിക്കുള്ള അനുമതി നേടിയെടുത്തു. കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന തീരുവ എടുത്തു കളഞ്ഞതോടെ ഈ സര്‍ക്കാര്‍ ഖജനാവിലെത്തേണ്ട തുക മുഴുവന്‍ മുതലാളിമാരുടെ കൈയ്യിലായെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഇതിനൊപ്പം ലൈസന്‍സില്ലാത്ത കമ്പിനികളും കയറ്റുമതി നടത്തിയിട്ടുണ്ടെന്നും അതിന്റെ കണക്കെടുത്താല്‍ അഴിമതി തുക രണ്ട് ലക്ഷം കോടിക്ക് മുകളിലായിരിക്കുമെന്നും കോണ്‍ഗ്രസ്സ് വക്താവ് പവന്‍ ഖേര പറഞ്ഞു

Back to top button
error: