NEWS

വികസന കമ്മീഷണർമാരായി ഐഎഎസുകാർ ,പ്രതിഷേധവുമായി റവന്യൂ വകുപ്പും ജീവനക്കാരും

ജില്ലകളിൽ വികസന കമ്മീഷണർമാരായി ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ എതിർപ്പ് ശക്തമാകുന്നു .റവന്യൂ വകുപ്പും ഉദ്യോഗസ്ഥരും ഈ നിയമനങ്ങളിൽ അതൃപ്തരാണ് .

തിരുവനന്തപുരം കലക്ടറേറ്റിൽ വികസന കമ്മീഷണറുടെ ഓഫീസിനു വേണ്ടി സർവേ ജോയിൻറ് ഡയറക്ടറുടെ ഓഫീസ് ഒഴിപ്പിക്കുന്നത് തടഞ്ഞുകൊണ്ടാണ് ജീവനക്കാർ പ്രതിഷേധിച്ചത് .ജീവനക്കാരുടെ പരാതിയെ തുടർന്ന് മന്ത്രി ഇടപെട്ടാണ് ഇത് തടഞ്ഞത് .

പദ്ധതി ഏകോപനത്തിന് എന്ന പേരിൽ ആണ് 6 ജില്ലകളിൽ വികസന കമ്മീഷണർമാരെ നിയമിച്ചത് .എന്നാൽ ഉത്തരവ് വന്നപ്പോൾ ഇവരുടെ അധികാരം ഏകോപനത്തിൽ മാത്രം ഒതുങ്ങിയില്ല .ഇത് മന്ത്രിയെയും സിപിഐയെയും ചൊടിപ്പിച്ചിരിക്കുകയാണ് .റവന്യൂ വകുപ്പിനെ വിശ്വാസത്തിൽ എടുക്കാതെ ഉള്ള ഏകപക്ഷീയ നടപടിയിൽ കടുത്ത എതിർപ്പാണ് മന്ത്രിക്കുള്ളത് .

തിരുവനന്തപുരത്താണ് ആദ്യപ്രത്യക്ഷ പ്രതിഷേധം വന്നത് .വികസന കമ്മീഷണർക്ക് ഓഫീസ് സജ്ജീകരിക്കാൻ സർവ്വേ ജോയിന്റ് ഡയറക്ടറുടെ ഓഫീസ് ഒഴിപ്പിക്കണം എന്നായിരുന്നു നിർദേശം .ജീവനക്കാർ പരാതിയുമായി മന്ത്രിയെ സമീപിച്ചപ്പോൾ മന്ത്രി ഇടപെട്ടു .സർവേ ജോയിന്റ് ഡയറക്ടറുടെ ഓഫീസ് ഒഴിപ്പിക്കരുതെന്നു മന്ത്രി നിർദേശം നൽകി .

ചീഫ് സെക്രട്ടറിയുടെ നേരിട്ടുള്ള ഇടപെടൽ ആണ് പുതിയ തസ്തികയ്ക്ക് പിന്നിൽ എന്നാണ് ആരോപണം .സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാരിനെ കൂടുതൽ ബുദ്ധിമുട്ടിൽ ആക്കാൻ മാത്രമേ പുതിയ നിയമനം ഉപകരിക്കൂ എന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടികാട്ടുന്നത് .മാത്രമല്ല അനുഭവപരിചയമുള്ളവർ ഇരുന്നയിടത്ത് പുതിയ ആളുകളെ നിയമിക്കുമ്പോൾ അത് കൂടുതൽ പ്രശ്നങ്ങൾക്കു കാരണമാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു .

Back to top button
error: