NEWS

പാസ്വാൻ, മായാത്ത ഓർമ :എ കെ ബാലൻ

40 കൊല്ലം മുമ്പ് അദ്ദേഹത്തെ ആദ്യമായി കണ്ടതു മുതലുള്ള നിരവധി ഓർമ്മകൾ മനസ്സിൽ ഉയർന്നു വരുന്നു. 1980 ൽ ഞാൻ ലോക്സഭാംഗമായി ഡൽഹിയിലെത്തുമ്പോഴാണ് പാസ്വാനെ ആദ്യമായി പരിചയപ്പെട്ടത്. അന്നു മുതൽ അദ്ദേഹവുമായി നല്ല വ്യക്തി ബന്ധം സൂക്ഷിക്കാൻ കഴിഞ്ഞിരുന്നു. 

1977 ലെ ജനതാ തരംഗത്തിൽ തന്നെ തെരഞ്ഞെടുപ്പിൽ ജയിച്ച് ലോക്സഭയിലെത്തിയ അദ്ദേഹം 1980 ൽ ഏറ്റവും ശ്രദ്ധേയനായ യുവ പാർലമെൻ്റേറിയനായിക്കഴിഞ്ഞിരുന്നു. അന്ന് അദ്ദേഹത്തിന് 34 വയസാണ് പ്രായം. 

പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കൾ പാസ്വാൻ്റെ പ്രസംഗം ശ്രദ്ധയോടെ കേട്ടിരുന്നു. ദളിത് വിഭാഗത്തിൻ്റെ പ്രശ്നങ്ങൾ വിശദമായി പഠിച്ച് ലോക്സഭയിൽ അവതരിപ്പിക്കുന്നതിലും അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിലും എന്നും അദ്ദേഹം മുന്നിലുണ്ടായിരുന്നു. എ ബി വാജ്പേയി, മധു ദന്തവദെ, സി എം സ്റ്റീഫൻ, ഇബ്രാഹിം സുലൈമാൻ സേട്ട്, ബനാത്ത് വാലാ, ജ്യോതിർമയ് ബസു, സോമനാഥ് ചാറ്റർജി, സുബ്രഹ്മണ്യൻ സ്വാമി   തുടങ്ങിയ വലിയ നേതാക്കൾക്കിടയിൽ ചെറുപ്രായത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന പ്രകടനം അദ്ദേഹം നടത്തി. 

ഞാൻ പരിചയപ്പെട്ട അന്നത്തെ  ചെറുപ്പക്കാരിൽ മായാത്ത ചിത്രമായാണ് പാസ്വാൻ ഇന്നും എൻ്റെ മനസ്സിലുള്ളത്. വളരെ അത്ഭുതത്തോടെയാണ് പാസ്വാൻ്റെ പ്രകടനം നോക്കിയിരുന്നിട്ടുള്ളത്. 

ജഗജ്ജീവൻറാമിൻ്റെ നാടായ ബിഹാറിൽ നിന്നാണ് അദ്ദേഹം വന്നത്. യഥാർഥത്തിൽ ജഗജ്ജീവൻറാമിൻ്റെ പാത തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്. 22-ാം വയസ്സിൽ അദ്ദേഹം നിയമസഭാംഗമായി. ഇതു പോലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ചെറുപ്പക്കാർ വിരളമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ശ്രദ്ധേയനായ നേതാവിനെയാണ് നഷ്ടമായത്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. 

Back to top button
error: