NEWS

മഹിളാ മന്ദിരങ്ങളില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ പ്രായപരിധി ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ മഹിളാമന്ദിരങ്ങളില്‍ അമ്മമാരോടൊപ്പം പ്രവേശിപ്പിക്കുന്ന കുട്ടികളുടെ പ്രായപരിധി 10 വയസാക്കി ഉയര്‍ത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

നേരത്തെ കുട്ടികളുമായി സ്ഥാപനത്തിലെത്തുന്ന സ്ത്രീകള്‍ക്ക് 6 വയസ് ആകുന്നതുവരെ പ്രായമുള്ള കുട്ടികളെ കൂടെ താമസിപ്പിക്കാനാണ് അനുവാദം ഉണ്ടായിരുന്നത്. എന്നാല്‍ കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്കും സംരക്ഷണത്തിനും അമ്മയുടെ സാമീപ്യം അത്യന്താപേക്ഷിതമാണ്. പതിമൂന്നാം കേരള നിയമസഭാ സമിതിയുടെ ഒന്നാമത്തെ റിപ്പോര്‍ട്ടിലും മഹിളാ മന്ദിരങ്ങളില്‍ അമ്മമാരോടൊപ്പം താമസിച്ചു വരുന്ന കുട്ടികളുടെ പ്രായപരിധി 10 വയസായി ഉയര്‍ത്തുന്നതിന് ശിപാര്‍ശ ചെയ്തിരുന്നു. ഇതെല്ലാം പരിശോധിച്ചാണ് മഹിളാ മന്ദിരങ്ങളില്‍ അമ്മമാരോടൊപ്പം പ്രവേശിപ്പിക്കുന്ന കുട്ടികളുടെ പ്രായപരിധി കൂട്ടിയതെന്നും മന്ത്രി വ്യക്തമാക്കി.

വനിത ശിശുവികസന വകുപ്പിന് കീഴില്‍ 12 മഹിളാമന്ദിരങ്ങളാണ് പ്രവര്‍ത്തിച്ചു വരുന്നത്. വിധവകള്‍, വിവാഹ ബന്ധം വേര്‍പ്പെടുത്തിയവര്‍, ദുരിതബാധിതരും അഗതികളായ നോക്കാന്‍ ആരുമില്ലാത്ത 13 വയസിനുമേല്‍ പ്രായമുള്ളവര്‍ പ്രായമുള്ള പെണ്‍കുട്ടികള്‍, സ്ത്രീകള്‍ എന്നിവരേയാണ് മഹിളാ മന്ദിരത്തില്‍ പ്രവേശിപ്പിക്കുന്നത്.

Back to top button
error: