NEWS

ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹത; പ്രതിഷേധം ശക്തമാകുന്നു, വെളളിയാഴ്ച 30 കേന്ദ്രങ്ങളിൽ ധര്‍ണ

വൈക്കം സ്വദേശി ജിഷ്ണു ഹരിദാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട പൊലീസിന്റെ വാദങ്ങള്‍ തള്ളി കുടുംബം. മറിയപ്പള്ളിയില്‍ കണ്ടെത്തിയ മൃതദേഹം ജിഷ്ണുവിന്റേതാണെന്ന ഡിഎന്‍എ പരിശോധനഫലം അംഗീകരിക്കാന്‍ കുടുംബം ഇതുവരെ തയ്യാറായിട്ടില്ല. ജിഷ്ണു ആത്മഹത്യ ചെയ്തതെന്ന പൊലീസ് പറയുമ്പോളും അതിനുള്ള കാരണം വ്യക്തമാക്കാനായിട്ടില്ല. ഇപ്പോഴിതാ ജിഷ്ണുവിന്റെ കുടുബം പൊലീസിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച വെച്ചൂര്‍ മുതല്‍ വൈക്കം വരെ 30 കേന്ദ്രങ്ങളില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്താനൊരുങ്ങുകയാണ്.

ജൂണ്‍ 26നാണ് മറിയപ്പള്ളിയിലെ ആളൊഴിഞ്ഞ പറമ്പില്‍ അസ്ഥികൂടം കണ്ടെത്തിയത്. ഇവിടെ നിന്ന് വസ്ത്രങ്ങളും ഫോണും ചെരുപ്പും ലഭിച്ചിരുന്നു. മരിച്ചത് ജിഷ്ണുവാണെന്ന് പൊലീസ് ആദ്യം സ്ഥിരീകരിച്ചെങ്കിലും ഫോണും വസ്ത്രങ്ങളും ജിഷ്ണുവിന്റേതല്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞതോടെ ആശയക്കുഴപ്പമായി. തുടര്‍ന്നായിരുന്നു ഡിഎന്‍എ പരിശോധന. ഈ പരിശോധനയില്‍ മൃതദേഹം ജിഷ്ണുവിന്റേതെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് പൊലീസിന് ലഭിച്ചത്. മരണത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നും പൊലീസ് വിശദീകരിക്കുന്നു. അന്വേഷണത്തില്‍ തൃപ്തരല്ലാത്ത കുടുംബം ഡിഎന്‍എ പരിശോധന ഫലവും മൃതദേഹവും ഏറ്റുവാങ്ങില്ലെന്ന് വ്യക്തമാക്കി.

ജിഷ്ണു ആത്മഹത്യ ചെയ്യാന്‍ ഇടയായ കാരണത്തെ കുറിച്ച് പൊലീസിന് ഇനിയും വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ചിങ്ങവനം പൊലീസും വൈക്കം പൊലീസും ഒഴിഞ്ഞുമാറുകയാണ്. ജിഷ്ണു ജോലിചെയ്തിരുന്ന ബാറില്‍ സ്ഥിരമായി എത്തിയിരുന്ന ആളെ പറ്റി അന്വേഷണം ഉണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നു.

കുമരകം ആശിര്‍വാദ് ബാറിലെ ജിവനക്കാരനായിരുന്നു ജിഷ്ണു. ജൂണ്‍ മൂന്നിന് രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ജിഷ്ണു സൈക്കിള്‍ ശാസ്തക്കുളത്തിന് സമീപം വെച്ച് ബസില്‍ കുമരകത്തേക്ക് തിരിച്ചു. യാത്രയ്ക്കിടെ ബാറില്‍ ജീവനക്കാരനായ സുഹൃത്തിനെ വിളിച്ചിരുന്നു. എട്ടേമുക്കാലോടെ ജിഷ്ണുവിന്റെ ഫോണ്‍ ഓഫായി പിന്നീട് യാതൊരു വിവരവുമില്ല. രാത്രി ഏഴ് മണിയോടെ ബാര്‍ മാനേജരടക്കം നാലുപേര്‍ ജിഷ്ണുവിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കള്‍ വിവരം അറിയുന്നത്. അന്ന് രാത്രി തന്നെ അന്വേഷണം ആരംഭിച്ച വൈക്കം പോലീസിന് യുവാവിനെ കണ്ടെത്താനായില്ല.

Back to top button
error: