NEWS

മുരളീധരൻ്റെ പ്രോട്ടോകോൾ ലംഘനം: പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പിൽ നിന്ന് റിപ്പോർട്ട് തേടി

വി മുരളീധരനെതിരായ പ്രോട്ടോകോൾ ലംഘന പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ്
വിദേശകാര്യ വകുപ്പിൽ നിന്ന് റിപ്പോർട്ട് തേടി.
കേന്ദ്ര മന്ത്രി വി മുരളീധരൻ്റെ ഒത്താശയോടെ ചട്ടം ലംഘിച്ച് പി.ആർ കമ്പനി മാനേജർ സ്മിതാ മേനോനെ 2019 നവമ്പറിൽ അബുദാബിയിൽ വെച്ചു നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുത്തത് സംബന്ധിച്ച പരാതിയിൽ ആണ് വിശദീകരണം തേടിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പ് ജോയൻറ് സെക്രട്ടറി (PSP &CPO) പാസ്പോർട്ട് സേവാ പ്രോഗ്രാം & ചീഫ് പാസ്പോർട്ട് ഓഫീസർ, അരുൺ കെ ചാറ്റർജിയിൽ നിന്നും റിപ്പോർട്ട് തേടി. ലോക് താന്ത്രിക് യുവജനതാ ദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ നൽകിയ പരാതിയിലാണ് നടപടി

ആദ്യം താനല്ല അനുവാദം നൽകിയതെന്ന മറുപടി നൽകിയ വി.മുരളീധരൻ പിന്നീട് സ്മിതാ മേനോൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതോടെ നിലപാട് മാറ്റുകയായിരുന്നു. തനിക്കെതിരെ പ്രധാനമന്ത്രിക്ക് നൽകിയ പരാതിക്ക് പ്രധാനമന്ത്രി വിശദീകരണം നൽകുമെന്നും മുരളീധരൻ പ്രതികരിച്ചിരുന്നു. ഈ പ്രസ്താവന ബി.ജെ.പി കേന്ദ്ര നേതൃത്വത്തെയും ചൊടിപ്പിച്ചിട്ടുണ്ട്.

അതേസമയം അബുദാബിയിലെ ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി വി മുരളീധരനും സ്മിതാ മേനോനും പറയുന്നത് നട്ടാൽ കുരുക്കാത്ത പച്ച നുണകളാണെന്ന് ലോക്തന്ത്രിക് യുവജനതാ ദൾ ദേശീയ പ്രസിഡന്റ്‌ സലീം മടവൂർ അഭിപ്രായപ്പെട്ടിരുന്നു. സമ്മേളനത്തിൽ പങ്കെടുക്കാൻ താനാർക്കും അനുമതി നൽകിയിട്ടില്ലെന്ന് ആദ്യം പറഞ്ഞ മുരളീധരൻ സ്മിതാ മേനോൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതോടെ നിലപാട് മാറ്റുകയായിരുന്നു. സ്മിതാ മേനോൻ്റെ വിമാന ടിക്കറ്റ് എടുത്തത് ഏത് അക്കൗണ്ടിൽ നിന്നാണെന്ന് വിശദീകരിക്കണം. ഇന്ത്യയിലെ പത്രങ്ങൾക്ക് വാർത്തകൾ അയച്ചത്‌ താനാണെന്ന സ്മിതാ മേനോൻ്റെ വിശദീകരണം ശരിയാണെങ്കിൽ യു.എ.ഇ യിലെ  ഇന്ത്യൻ എംബസിയുടെ കൊള്ളരുതായ്മയാണ് വ്യക്തമാകുന്നത്. താൻ സ്വന്തം പണം ഉപയോഗിച്ചാണ്  അബുദാബിയിൽ പോയതെന്നാണ് സ്മിതാ മേനോൻ പറയുന്നത്. എങ്കിൽ ഇത്രയും തുക മുടക്കി സ്വന്തം താൽപര്യപ്രകാരം പങ്കെടുക്കാൻ മാത്രം സമ്മേളനത്തിൻ്റെ ആകർഷകത്വം എന്തായിരുന്നുവെന്നറിയാൻ താൽപര്യമുണ്ട്.

ഒദ്യോഗിക മീഡിയാ വിസയോ ഡിപ്ലോമാറ്റിക് വിസയോ ഇല്ലാതെ വിസിറ്റിങ് വിസയുമായി  യു.എ.ഇയിൽ പോയി വാർത്തകൾ അയക്കുന്നത് അവിടുത്തെ നിയമപ്രകാരം കുറ്റകരമാണ്. ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി മറ്റൊരു രാജ്യത്തെ നിയമം ലംഘിക്കാൻ കൂട്ടുനിന്നെങ്കിൽ അത് അന്താരാഷ്ട നയതന്ത്ര തത്വങ്ങളുടെ കൂടെ ലംഘനമാണ്.  സ്മിതാ മേനോന് ഏത് കാറ്റഗറിയിലാണ് അനുമതി നൽകിയതെന്ന് മന്ത്രി വിശദീകരിക്കണം. ഒരു വ്യക്തിക്ക് അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുക്കാൻ വാക്കാൽ അനുമതി നൽകാൻ മന്ത്രിമാർക്ക് അധികാരമില്ല. ഇവർക്ക് സ്റ്റേജിൽ ഇരിക്കാൻ അവസരമൊരുക്കിയത് മുരളീധരനാണ്.

സ്മിതാ മേനോൻ അനധികൃതമായി സമ്മേളനത്തിൽ പങ്കെടുത്തത് സംബന്ധിച്ച ചോദ്യത്തിന് പ്രധാനമന്ത്രി ഉത്തരം പറയുമെന്ന് മറുപടി പറഞ്ഞ മുരളീധരൻ, പ്രധാനമന്ത്രിയുടെ ഓഫീസിന് സംഭവത്തിൽ പങ്കുണ്ടെന്ന സന്ദേശമാണ് നൽകുന്നത്.റിം അസോസിയേഷൻ സമ്മേളനത്തോടനുബന്ധിച്ചു നടന്ന ഡിന്നർ പാർട്ടിയിൽ സ്വപ്ന സുരേഷ് പങ്കെടുത്തിരുന്നോ എന്ന്  മുരളീധരൻ വ്യക്തമാക്കണമെന്നും സലീം മടവൂർ ആവശ്യപ്പെട്ടു.

Back to top button
error: