NEWS

ബിഹാറിൽ നിതീഷിനിട്ട് പണിയുന്നത് അമിത് ഷായോ ?

“നിതീഷ് കുമാറിനെ വെറുതെ വിടില്ല ,പക്ഷെ മോഡിയ്‌ക്കൊപ്പം നിൽക്കും “എൻ ഡി എ ഘടക കക്ഷി എൽജെപിയുടെ യുവനേതാവ് 37 കാരൻ ചിരാഗ് പാസ്വാൻ പറഞ്ഞ വാക്കുകൾ ആണിത് .

എൽജെപി ബിഹാറിൽ എൻ ഡി എ സഖ്യം വിട്ടിരിക്കുകയാണ് .ഒറ്റയ്ക്ക് മത്സരിക്കും എന്നാണ് എൽജെപിയുടെ പ്രഖ്യാപനം .എന്നാൽ അതിൽ ഒരു കൗതുകമുണ്ട് .എൽജെപി എല്ലാ എൻ ഡി എ സ്ഥാനാർത്ഥികൾക്കുമെതിരെ മല്സരിക്കില്ല .പകരം നിതീഷ് കുമാറിന്റെ ജെഡിയുവിനെതിരെ മാത്രം മത്സരിക്കും .അതായത് ജെഡിയു മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും ത്രികോണ മത്സരം ഉണ്ടാകും എന്നർത്ഥം ഇത് നിതീഷ് കുമാറിന്റെ പാർട്ടിയുടെ വിജയസാധ്യത പകുതി കണ്ടു കുറയ്ക്കുകയും ചെയ്യും .

ചിരാഗ് പാസ്വാന്റെ പിതാവ് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രിയാണ് .ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടുന്നുമുണ്ട് .മകൻ ചിരാഗിനാണ് പാർട്ടിയുടെ കടിഞ്ഞാൺ .അമിത് ഷായുടെ “പെറ്റ്” എന്നാണ് ചിരാഗ് രാഷ്ട്രീയ വൃത്തങ്ങളിൽ അറിയപ്പെടുന്നത് .അമിത് ഷായുമായി സുദീർഘമായ ഒരു ചർച്ച നടത്തിയതിനു ശേഷമാണ് “നിതീഷ് കുമാറിനെ വെറുതെ വിടില്ല ,പക്ഷെ മോഡിയ്‌ക്കൊപ്പം നിൽക്കും “എന്ന് ചിരാഗ് പ്രഖ്യാപിച്ചത് .

എൽജെപിയുടെ ഈ നടപടി പ്രതിപക്ഷത്തെ എന്ന പോലെ സഹായിക്കുന്നത് ബീഹാർ എൻ ഡി എ യിൽ രണ്ടാം കക്ഷിയായ ബിജെപിയെയും ആണ് .നിതീഷിന് സീറ്റ് കുറയുകയും ബിജെപിയ്ക്ക് കുറയാതിരിക്കുകയും ചെയ്താൽ വിലപേശാനുള്ള ശക്തി കൂടുതലായി ബിജെപിയ്ക്ക് ലഭിക്കും .ഇനി ബിജെപിയ്ക്ക് കുറച്ചു കൂടുതൽ സീറ്റ് അധികം കിട്ടിയാൽ നിതീഷ് ആണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് ഇപ്പോൾ പറയുന്നുണ്ടെങ്കിലും ഫലം വന്നാൽ ചിത്രം മാറും .ഇനി ബിജെപിയ്ക്കും എൽജെപിക്കും കൂടി മന്ത്രിക സംഖ്യയിൽ എത്താൻ ആയാൽ പിന്നെ നിതീഷ് പുറത്ത് തന്നെ .

ബിഹാറിലെ ഏറ്റവും വലിയ ദളിത് വിഭാഗം പാസ്വാൻ ആണ് .മൊത്തം ജനസംഖ്യയുടെ നാലര ശതമാനം വരും അത് .ബോളിവുഡിൽ അരക്കൈ നോക്കിയ ചിരാഗ് അച്ഛനെക്കാൾ വലിയ രാഷ്ട്രീയ മോഹി ആണ് .നിതീഷിന്റെ തണലിൽ കഴിയുന്നത് ഗുണം ചെയ്യില്ല എന്ന പക്ഷക്കാരാണ് ആണ് ചിരാഗ് .പാർട്ടിയെ ഇനിയും വളർത്തുക തന്നെയാണ് ലക്‌ഷ്യം .നിതീഷ് കുമാറിനെതിരായ ഭരണ വിരുദ്ധ വികാരം മുതലാക്കാനും ലക്‌ഷ്യം ഉണ്ട് .

അപ്പുറത്ത് ആർജെഡി – കോൺഗ്രസ് – ഇടത് സഖ്യത്തെ നയിക്കുന്നത് മുപ്പതുകാരൻ തേജസ്വി യാദവ് ആണ് .തന്റെ സാന്നിധ്യം അറിയിക്കണം എങ്കിൽ ചിരാഗിന് ഇറങ്ങിക്കളിച്ചെ പറ്റൂ .ജെഡിയു മത്സരിക്കുന്ന 122 സീറ്റുകളിൽ മത്സരിച്ച് എൽജെപി ബിഹാറിൽ മൊത്തം ശക്തിയുള്ള സംവിധാനം ആണെന്ന് തെളിയിക്കാൻ ആണ് ചിരാഗ് മുതിരുന്നത് .കഴിഞ്ഞ തവണ 40 സീറ്റിൽ ആണ് എൽജെപി മത്സരിച്ചത് .

ഇളയ സഹോദരൻ എന്ന സ്റ്റാറ്റസിൽ തുടരുന്നത് ബിഹാറിൽ ബിജെപിയ്ക്ക് മടുത്തിരിക്കുകയാണ് .ഇപ്പോഴും എൻ ഡി എയിലെ ഒന്നാം കക്ഷി ജെഡിയു ആണ് .ബിജെപിയ്ക്ക് തടസം പ്രതിപക്ഷത്തെക്കാൾ ജെഡിയു ആണെന്ന് ചുരുക്കം .

സീറ്റ് ധാരണ പ്രകാരം ജെഡിയുവിനു 122 സീറ്റും ബിജെപിയ്ക്ക് 121 സീറ്റും ലഭിക്കും .ജിതൻ രാം മാഞ്ചിയ്ക്ക് 7 സീറ്റ് നിതീഷ് നല്കണം .ഫലത്തിൽ ഏറ്റവും കൂടുതൽ സീറ്റിൽ മത്സരിക്കുന്ന എൻ ഡി എ കക്ഷി ബിജെപി ആവും .ഈ അടുത്ത കാലം വരെ ബിഹാറിൽ അങ്ങിനെ ചിന്തിക്കാൻ പോലും പറ്റിയിരുന്നില്ല .

മോശം ഭരണാധികാരി എന്നാണ് നിതീഷിനെ ചിരാഗ് തന്റെ പ്രസംഗങ്ങളിൽ വിശഷിപ്പിക്കുന്നത് .സംസ്ഥാനത്ത് കോവിഡ് പടരുന്നത് തടയാൻ നിതീഷിന് ആയില്ല ,അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ബിഹാറി തൊഴിലാളികൾ ലോക്ഡൗൺ കാലത്ത് ദുരിതമനുഭവിച്ചതിനു കാരണം നിതീഷ് ആണ് തുടങ്ങി ആരോപണങ്ങളുടെ പരമ്പര ആണ് ചിരാഗ് ഉയർത്തുന്നത് .

ബീഹാർ എൻ ഡി എ വിടാൻ എൽ ജെ പി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു .അതിനായി കൂടുതൽ സീറ്റ് എൽജെപി ആവശ്യപ്പെട്ടു .നിതീഷ് ആവശ്യം തള്ളിക്കളഞ്ഞു .രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും .

ചിരാഗ് പാസ്വാന്റെ നിലപാടോടെ ബീഹാർ തെരഞ്ഞെടുപ്പ് ത്രില്ലർ പരിവേഷത്തിലേക്ക് എത്തിയിരിക്കുകയാണ് .മോഡി പ്രഭാവത്തിൽ ജയിച്ചു കയറാമെന്നാണ് ബിജെപിയുടെ കണക്കു കൂട്ടൽ .ചിരാഗ് വരുത്തുന്ന നഷ്ടം നിതീഷ് കുമാറിനെ എൻ ഡി എയിൽ രണ്ടാം സ്ഥാനത്ത് എത്തിക്കുമെന്നും ബിജെപി കണക്കു കൂട്ടുന്നു .അതുകൊണ്ട് ഒരുപക്ഷെ നിതീഷ് ഇങ്ങനെ ചിന്തിക്കുന്നുണ്ടാവും അമിത് ഷാ ചിരാഗിനോട് പറഞ്ഞത് എന്താവും ?

Back to top button
error: