NEWS

ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയാക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, 7.5 കോടിയുടെ കാത്ത് ലാബും കാര്‍ഡിയാക് ഐസിയുവും ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈല ടീച്ചര്‍. ധാരാളം മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിച്ചിട്ട് കാര്യമല്ല. നമുക്ക് വേണ്ടത് നല്ല സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യമുള്ള ആശുപത്രികളാണ്. കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി എന്നീ മൂന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റികള്‍ ജില്ലാ ജനറല്‍ ആശുപത്രികളിലേക്ക് കൊണ്ടുവരാന്‍ ഈ സര്‍ക്കാരിന് സാധിച്ചു. ഇതിലൂടെ മെഡിക്കല്‍ കോളേജില്‍ പോകാതെ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രികളില്‍ ഈ മൂന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റികള്‍ക്ക് പുറമേ യൂറോളിജി വിഭാഗവും സജ്ജമാക്കി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ 7.5 കോടി രൂപ ചെലവഴിച്ച് കാത്ത് ലാബ് സ്ഥാപിച്ചതെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സജ്ജമാക്കിയ കാത്ത് ലാബിന്റേയും 14 കിടക്കകളുള്ള കാര്‍ഡിയാക് ഐസിയുവിന്റേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജനറല്‍ ആശുപത്രിയുടെ വികസനം മുന്‍നിര്‍ത്തികൊണ്ടുള്ള മാസ്റ്റര്‍ പ്ലാനിന്റെ ഒന്നാം ഘട്ടമായി 143.06 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റ്, ട്രോമാ & എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ്, റേഡിയോളജി, ലാബ്, ബ്ലഡ് ബാങ്ക്, സര്‍വീസ് ബ്ലോക്ക് എന്നിവയാണ് ഒന്നാം ഘട്ട വികസനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടെക്‌നിക്കല്‍ കമ്മറ്റിക്കു ശേഷം സാങ്കേതിക അനുമതിയ്ക്കും സാമ്പത്തികാനുമതിക്കും വേണ്ടി പ്ലാന്‍ കിഫ്ബിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ ജനറല്‍ ആശുപത്രിയില്‍ വലിയ മാറ്റം ഉണ്ടാകുന്നതാണ്.

കക്ഷിരാഷ്ട്രീയം മറന്ന് ജനറല്‍ ആശുപത്രിയുടെ വികസനത്തിനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണ്. ജനറല്‍ ആശുപത്രിയെ പറ്റിയുള്ള പരാതികള്‍ ഇപ്പോള്‍ വളരെ കുറവാണ്. നല്ല ടീമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് മികച്ച സേവനം നല്‍കി പരാതികള്‍ കുറയ്ക്കാന്‍ സാധിച്ചത്. കോവിഡ് പ്രതിരോധത്തിലും സ്തുത്യര്‍ഹമായ സേവനമാണ് ജനറല്‍ ആശുപത്രി നടത്തുന്നത്.

ഈ സര്‍ക്കാര്‍ വന്ന ശേഷം ആരോഗ്യ മേഖലയില്‍ പ്രകടമായ മറ്റമാണ് ഉണ്ടാക്കിയത്. അടിസ്ഥാന സംവിധാനങ്ങള്‍ മാത്രമല്ല ചികിത്സാ സംവിധാനങ്ങളിലും വലിയ മാറ്റങ്ങളുണ്ടാക്കി. ആരോഗ്യ മേഖലയില്‍ അത്ഭുതാവഹമായ രീതിയില്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു. പാവപ്പെട്ടവര്‍ക്ക് മികച്ച ചികിത്സ നല്‍കാനായി. സ്വകാര്യ ആശുപത്രിയില്‍ വലിയ ചെലവാണ്. അത് പാവപ്പെട്ടവര്‍ക്ക് താങ്ങാന്‍ കഴിയില്ല. അതിനാലാണ് സര്‍ക്കാര്‍ ആശുപത്രികളെ മികച്ചതാക്കാന്‍ തീരുമാനിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ ഈ മാറ്റം കാണാനാകും. എല്ലാ പ്രയാസങ്ങള്‍ക്കിടയിലും കോവിഡ് കാലത്തും സൗജന്യ ചികിത്സ നല്‍കാനായി.

ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിത്തന്നത്. രാജ്യത്തെ മികച്ച 12 കുടുംബാരോഗ്യ കേന്ദ്രങ്ങളും കേരളത്തിലാണ്. ജീവിത ശൈലീരോഗ നിയന്ത്രണത്തിന് യു.എന്‍. പുരസ്‌കാരവും കോവിഡ് പ്രതിരോധത്തിന് ഇന്ത്യാ ടുഡേ പുരസ്‌കാരവും കേരളത്തിന് ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.

ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡെ. ജെ. പത്മലത സ്വാഗതമാശംസിച്ച ചടങ്ങില്‍ അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. എസ്.ആര്‍. അരുണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, നഗരസഭ കൗണ്‍സിലര്‍ അഡ്വ. ആര്‍. സതീഷ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ്. ഷിനു, ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി. അനില്‍, ആര്‍.എം.ഒ. ഡോ. എസ്.എസ്. ജോയി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍, ആശുപത്രി വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Back to top button
error: