NEWS

‘ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി’ ഒരു ഇന്ത്യക്കാരന്‍ അടക്കി വാഴുമ്പോള്‍…

ന്ത്യയില്‍ കച്ചവട അവകാശങ്ങള്‍ നേടിയെടുക്കുന്നത് ലക്ഷ്യമാക്കി 1600 ഡിസംബര്‍ 31-നു എലിസബത്ത് ഒന്നാം രാജ്ഞി കമ്പനിയ്ക്ക് ബ്രിട്ടീഷ് രാജകീയ അനുമതിപത്രം നല്‍കി. ഈ അനുമതി പത്രത്തിന്റെ ഫലമായി പുതുതായി രൂപവത്കരിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയടക്കമുള്ള കിഴക്കന്‍ രാജ്യങ്ങളിലെ എല്ലാ കച്ചവടങ്ങളുടെയും മുകളില്‍ 15 വര്‍ഷത്തെ കുത്തക ലഭിച്ചു. വ്യാപാരത്തിനെത്തിയവര്‍ പതുക്കെ നാടിന് ഉടയവരായി മാറി. ഇത് മാറി നിന്ന് കണ്ട് നില്‍ക്കാനേ പാവം ഇന്ത്യക്കാര്‍ക്ക് ആയുളളൂ. എന്നാല്‍ നമുക്കും ഒരു അവസരം വരും എന്ന് പറയുന്നത് ഒരു പഴങ്കഥയല്ല എന്ന് കാലം തെളിയിച്ചു.

ആ കഥ ഇങ്ങനെയാണ്. ഒരു കാലത്ത് സാമ്രാജ്യത്വത്തിന്റെ അടയാളമായിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന പേര് ഇന്നൊരു ഇന്ത്യക്കാരന്‍ സ്വന്തമാക്കിയിരിക്കുകയാണ്. 2005ലാണ് ഇന്ത്യന്‍ വ്യവസായിയായ സഞ്ജീവ് മേത്ത ഈസ്റ്റ് ഇന്ത്യ കമ്പനി സ്വന്തമാക്കിയത്. അദ്ദേഹം പിന്നീട് ഈ കമ്പനിയെ വിലകൂടിയ കാപ്പി, തേയില, മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഒരു ബ്രാന്‍ഡ് ആക്കി മാറ്റി. ലണ്ടനിലെ മെയ് ഫെയറിലായിരുന്നു ആദ്യ സ്‌റ്റോര്‍.

ഒരിക്കല്‍ ഇന്ത്യ മുഴുവന്‍ അടക്കി വാണിരുന്ന കമ്പനി ഒരു ഇന്ത്യക്കാരന്റെ കാല്‍ക്കീഴില്‍ വരുന്നത് ആലോചിച്ചപ്പോള്‍ ആവശേമായെന്നും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഓഹരികള്‍ വില്‍ക്കാനുണ്ടെന്ന് കേട്ടപ്പോള്‍ തന്നെ തീരുമാനിച്ചു അത് വാങ്ങണമെന്നും സഞജീവ് മേത്ത പറയുന്നു. വ്യാപാര രംഗത്ത് ആധിപത്യം സ്ഥാപിച്ച കമ്പനിക്ക് സ്വന്തമായി സൈന്യവും ഉണ്ടായിരുന്നു. ഇന്ത്യയില്‍ മദ്രാസ്, ബോംബെ, കൊല്‍ക്കത്ത എന്നിവിടങ്ങളിലായിരുന്നു കമ്പനിയുടെ സൈനിക താവളങ്ങള്‍.

1857ല്‍ കമ്പനിയുടെ പട്ടാളം തന്നെ കമ്പനിയ്‌ക്കെതിരെ രംഗത്ത് വന്നപ്പോള്‍ കമ്പനിയുടെ സകല അധികാരങ്ങളും ബ്രിട്ടീഷ് സിംഹാസനം ഏറ്റെടുത്ത്. പിന്നീട് 1874ല്‍ കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. കോളനിവത്കരണത്തിന്റെ പ്രതീകമായ ഈസ്റ്റ് ഇന്ത്യ കമ്പനി അന്ന് കോളനിവല്‍ക്കരണത്തിന് വിധേയമായ രാജ്യത്തെ പ്രജ സ്വന്തമാക്കുമ്പോള്‍ ചരിത്രത്തില്‍ മറ്റൊരു അധ്യായം കൂടി തുറന്നിടുന്നു.

Back to top button
error: