NEWS

ഏഴ് ഭാഷകള്‍, 42 പാട്ടുകളുമായി ” സാല്‍മണ്‍ 3ഡി “

രു സിനിമയും ഏഴ് ഭാഷകളെന്നതു മാത്രമല്ല, ഒരു സിനിമയില്‍ ഏഴ് ഭാഷകളിലായി 42 പാട്ടുകള്‍ വ്യത്യസ്തമായി തയ്യാറാക്കുന്നു എന്നതാണ് ” സാല്‍മണ്‍” ത്രിഡി ചിത്രത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി അടയാളപ്പെടുത്തിയ ഒരേ സമയം ഏഴ് ഭാഷകളില്‍ ത്രിമാന ചിത്രം പുറത്തിറങ്ങുന്നു എന്ന പ്രത്യേകതയ്ക്ക് പുറമെയുള്ള അംഗീകാരമാണിത്.

എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷലീല്‍ കല്ലൂര്‍, ഷാജു തോമസ്, ജോസ് ഡി പെക്കാട്ടില്‍, ജോയ്‌സ് ഡി പെക്കാട്ടില്‍, കീ എന്റര്‍ടൈന്‍മെന്റ്‌സ് എന്നിവര്‍ ചേര്‍ന്നു പതിനഞ്ചു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന “സാല്‍മണ്‍ ” ഷലീല്‍ കല്ലൂര്‍ സംവിധാനം ചെയ്യുന്നു.
ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് “സാല്‍മണ്‍ “.

ഗായകന്‍ വിജയ് യേശുദാസ് സര്‍ഫറോഷ് എന്ന പ്രധാനകഥാപാത്രത്തെ സാല്‍മണില്‍ അവതരിപ്പിക്കുന്നു. ശ്രീജിത്ത് എടവനയാണ് സംഗീതവും പശ്ചാതല സംഗീതവുമൊരുക്കുന്നത്.
പാന്‍ ഇന്ത്യന്‍ രീതിയിലുള്ളതാണ് സാല്‍മണിന്റെ സംഗീതമെന്നും അതുകൊണ്ടുതന്നെ ഏത് ഭാഷയിലുള്ളവര്‍ക്കും ഹൃദയത്തോടു ചേര്‍ക്കാനാവുന്ന തരത്തിലുള്ളയാരിക്കുമെന്നും സംഗീത സംവിധായകന്‍ ശ്രീജിത്ത് എടവന പറയുന്നു. ഭാഷയുടേയോ നാടിന്റെയോ അതിരുകള്‍ക്കുള്ളില്‍ തളച്ചിടാനാവാത്ത തരത്തിലാണ് സാല്‍മണിലെ സംഗീതം ഒരുക്കിയിരിക്കുന്നത്.

യുവ്, മധുരനാരങ്ങ, ശിക്കാരി ശംഭു തുടങ്ങി മലയാളത്തിലും ശിവാനി, മ്യാവു എന്നിങ്ങനെ തമിഴിലും കാമസൂത്രയെന്ന ഇന്ത്യന്‍ ഇംഗ്ലീഷിനും സംഗീതം നല്കിയതിന് ശേഷമുള്ള ശ്രീജിത്തിന്റെ ചിത്രമാണ് സാല്‍മണ്‍. നേരത്തെ കാമസൂത്ര എന്ന ത്രി ഡി ചിത്രത്തിന് സംഗീതം നല്കിയ ശ്രീജിത്ത് എടവനയുടെ രണ്ടാമത്തെ ത്രി ഡി ചിത്രം കൂടിയാണ് സാല്‍മണ്‍.

തിയേറ്ററില്‍ കാഴ്ചക്കാരന് കിട്ടുന്ന ത്രി ഡി സാങ്കേതികതയുടെ ഗുണങ്ങള്‍ സംഗീതത്തിലും എത്തിക്കാനാണ് അദ്ദേഹം സാല്‍മണിലൂടെ ശ്രമിക്കുന്നത്. നിരവധി വ്യത്യസ്ത സംഗീത ഉപകരണങ്ങള്‍ ചേര്‍ത്തുവെക്കുന്ന സാല്‍മണില്‍ സാരംഗി വായിച്ചിരിക്കുന്നത് സരോദും ദില്‍റുബയും ഉള്‍പ്പെടെ 35 വ്യത്യസ്ത തന്ത്രിവാദ്യങ്ങള്‍ അനായാസമായി കൈകാര്യം ചെയ്യുന്ന സീനുവാണെന്ന പ്രത്യേകതയുമുണ്ട്.

ഏഴ് ഭാഷകളിലായി തയ്യാറാകുന്ന സാല്‍മണില്‍ ഗാനത്തിന് വരികള്‍ കുറിച്ചിരിക്കുന്നത് ഏഴ് ഭാഷകളിലെ എഴുത്തുകാരാണ്. ആദ്യമെഴുതിയ വരികള്‍ക്ക് മറ്റു ഭാഷകളില്‍ വിവര്‍ത്തനം തയ്യാറാക്കുന്നതിന് പകരം ഓരോ ഭാഷയിലും കഥയുടെ പശ്ചാതലത്തിന് അനുസരിച്ചാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

ആറ് പാട്ടുകളുള്ള സിനിമയില്‍ തമിഴില്‍ നവീന്‍ കണ്ണനാണ് മുഴുവന്‍ ഗാനങ്ങളുടേയും രചന നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തില്‍ നവീന്‍ മാരാര്‍ നാല് പാട്ടുകളും ഗാനരചനാരംഗത്ത് പുത്തൻ കാൽവെപ്പുമായി എത്തുന്ന ഡോ. ഗിരീഷ് ഉദിനൂക്കാരൻ വിദേശത്ത് കലാപ്രവർത്തനരംഗത്ത് കഴിവ് തെളിയിച്ച ഒരു ഇ.എൻ. ടി. സ്പെഷ്യലിസ്റ്റാണ്. ആലുവയിലുള്ള ഡോ. അനസിന്റെ സൌഹൃദത്തിലൂടെയാണ് ഡോ. ഗിരീഷ് സാൽമൺ എന്ന ചിത്രത്തിൽ എത്തിച്ചേർന്നത്.ഡോ. ഗിരീഷ് രണ്ട് ഗാനങ്ങളും രചിച്ചപ്പോള്‍ ബംഗാളിയില്‍ എസ് കെ മിറാജ് അഞ്ച് പാട്ടുകളും സബ്രിന റൂബിന്‍ ഒരു പാട്ടും രചിച്ചു. തെലുങ്കിലും കന്നഡയിലും പ്രസാദ് കൃഷ്ണയും ഹിന്ദിയിലും മറാത്തിയിലും ചന്ദ്രന്‍ കട്ടാരിയയുമാണ് മുഴുവന്‍ ഗാനങ്ങള്‍ക്കും വരികള്‍ എഴുതിയിരിക്കുന്നത്.

ബംഗാളി ഭാഷയില്‍ പാട്ടെഴുതിയ എസ് കെ മിറാജ് ബംഗ്ലാദേശിയാണ്. ആ അര്‍ഥത്തില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സാംസ്‌ക്കാരിക കൈമാറ്റം കൂടിയാണ് സാല്‍മണ്‍. ആലുവയിലെ ഡോ. അനസിന്റെ സഹായത്തോടെയാണ് ബംഗ്ലാദേശി എഴുത്തുകാരനുമായി സംവിധായകന്‍ സംവദിച്ചത്. ബംഗാളി ഭാഷ അറിയുന്ന ഡോ. അനസ് സംവിധായന്‍ ഷലീല്‍ കല്ലൂരിന്റെ നിര്‍ദ്ദേശങ്ങള്‍ എസ് കെ മിറാജിന് ഭാഷാന്തരം ചെയ്തു നല്കുകയും അദ്ദേഹത്തിന്റെ രചന തിരികെ വായിച്ചു നല്കിയുമാണ് ഗാനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ലോക്ക്ഡൗണ്‍ കാലത്ത് ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായതോടെ ഗാനങ്ങളുടെ മികച്ച തയ്യാറെടുപ്പിനാണ് സംവിധായകന്‍ ഈ സമയം വിനിയോഗിച്ചത്. ഇന്ത്യന്‍ സംഗീത ലോകത്തെ വന്‍ ടീമാണ് സാല്‍മണിന്റെ ഗാനങ്ങളുടെ അവകാശം വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. അതോടൊപ്പം വ്യത്യസ്ത ഭാഷകളില്‍ ഇന്ത്യന്‍ സിനിമകളിലെ പ്രഗത്ഭ ഗായകരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. ഇതോടൊപ്പം കഴിവ് തെളിയിച്ച ഏതാനും പുതിയ ഗായകര്‍ക്കും കൂടി സാല്‍മണ്‍ അവസരം നല്കുന്നു. എന്നാല്‍ ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ഇതിനകം നാല്പത്തി രണ്ട് ഗാനങ്ങളുടേയും ട്രാക്കുകള്‍ പൂര്‍ത്തിയാക്കിയിക്കഴിഞ്ഞു.

ദുബൈ മഹാനഗരത്തില്‍ കുടുംബ ജീവിതം നയിക്കുന്ന സര്‍ഫറോഷിന് ഭാര്യ സമീറയും മകള്‍ ഷെസാനും അവധിക്ക് നാട്ടിലേക്ക് പോയപ്പോള്‍ സുഹൃത്തുക്കള്‍ നല്കിയ സര്‍പ്രൈസിനിടയിലുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ദുര്‍മരണവും അതുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തിലെ നിര്‍ണായക രഹസ്യം ലോകത്തോടു പറയാന്‍ ആഗ്രഹിക്കുന്ന ആത്മാവിന്റെ സാന്നിധ്യവുമായാണ് ത്രി ഡി റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലറായ സാല്‍മണ്‍ മുന്നോട്ടു പോകുന്നത്.

ജനിച്ചു വീഴുമ്പോള്‍ തന്നെ അനാഥനാകുകയും പ്രതികൂല കാലാവസ്ഥകളെ തരണം ചെയ്ത് കടല്‍മാര്‍ഗ്ഗം ഭൂഖണ്ഡങ്ങള്‍ മാറിമാറി സഞ്ചരിക്കുകയും ചെയ്യുന്ന സാല്‍മണ്‍ മത്സ്യത്തിന്റെ പേര് അന്വര്‍ഥമാക്കുന്ന വിധത്തിലാണ് ചലച്ചിത്രത്തിലെ രംഗങ്ങള്‍ ദൃശ്യവല്‍ക്കരിച്ചിട്ടുള്ളത്.
വിജയ് യേശുദാസിന് പുറമേ വിവിധ ഇന്ത്യന്‍ ഭാഷാ നടന്മാരായ ചരിത് ബലാപ്പ, ജോനിത ഡോഡ, രാജീവ് പിള്ള, മീനാക്ഷി ജയ്‌സ്വാള്‍, ഷിയാസ് കരീം, പ്രേമി വിശ്വനാഥ്, തന്‍വി കിഷോര്‍, ജാബിര്‍ മുഹമ്മദ്, ആഞ്‌ജോ നായര്‍, ബഷീര്‍ ബഷി തുടങ്ങിയ പ്രമുഖരും സാല്‍മണില്‍ അഭിനയിക്കുന്നുണ്ട്.

Back to top button
error: