NEWS

എംപിമാർക്കിനി എംഎൽഎമാർ ആവണം ,കോൺഗ്രസിൽ തർക്കം മൂക്കുന്നു

കോൺഗ്രസിലെ നിലവിലെ തർക്കം എംപിമാർ ആയി മത്സരിച്ചു ജയിച്ചവർക്ക് വന്ന എംഎൽഎ മോഹമാണെന്നു വിലയിരുത്തപ്പെടുന്നു .പലരും ഹൈക്കമാന്റിനോട് ഇക്കാര്യം ഒളിഞ്ഞും തെളിഞ്ഞും അറിയിച്ചെങ്കിലും സംസ്ഥാന നേതൃത്വത്തിൽ നിന്ന് പച്ചക്കൊടി കിട്ടാത്തതിനാൽ അനുമതി ലഭിച്ചില്ല .ഇതാണ് പ്രതിസന്ധിക്കും തർക്കങ്ങൾക്കും കാരണമാവുന്നത് .

എ ഗ്രൂപ്പിലെ രണ്ടാമനെ ചൊല്ലിയാണ് ആദ്യം തർക്കം ഉടലെടുത്തത് .ബെന്നി ബെഹനാനെ യു ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള എ ഗ്രൂപ്പിലെ തന്നെ ചിലരുടെ ശ്രമങ്ങൾ പൊട്ടിത്തെറിയിൽ കലാശിക്കുക ആയിരുന്നു .ബെന്നി ബെഹനാൻ പരസ്യമായി വാർത്ത സമ്മേളനം വിളിച്ചാണ് രാജി പ്രഖ്യാപിച്ചത് .

യൂത്ത് കോൺഗ്രസ് ,കെ എസ് യു യോഗങ്ങളിൽ എ ഗ്രൂപ്പിനെ പലപ്പോഴും പ്രതിനിധാനം ചെയ്തത് ബെന്നി ബെഹനാൻ ആയിരുന്നു .പി സി വിഷ്ണുനാഥും ടി സിദ്ധിഖും ആണ് കൂടെ ചേർന്ന് നിന്നത് .ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരനെ ചൊല്ലി മുതിർന്ന നേതാക്കളിൽ അസ്വസ്ഥത ഉണ്ടായി .യു ഡി എഫ് കൺവീനർ സ്ഥാനം ഒഴിയാൻ ഗ്രൂപ് ആവശ്യപ്പെട്ടപ്പോൾ ബെന്നി വഴങ്ങാത്തതും തർക്കം മൂർച്ഛിപ്പിച്ചു .കൂടെ നിൽക്കുമെന്ന് ബെന്നി കരുതിയിരുന്ന ഉമ്മൻചാണ്ടിയും കൈമലർത്തിയപ്പോൾ ബെന്നിയ്ക്ക് മറ്റു വഴികൾ ഇല്ലാതെ വന്നു .ഇതിന്റെ അമര്ഷമാണ് വാർത്താ സമ്മേളനത്തിൽ പ്രതിഫലിച്ചത് .

ജനുവരിയിലെ പുനഃസംഘടനയിൽ തന്നെ യു ഡി എഫ് കൺവീനർ സ്ഥാനത്തെ സംബന്ധിച്ച് തീരുമാനം ആയിരുന്നു .ഒരാൾക്ക് ഒരു പദവി എന്ന നയത്തിന്റെ അടിസ്ഥാനത്തിൽ ബെന്നി ഒഴിയണം എന്നായിരുന്നു തീരുമാനം .എന്നാൽ വർക്കിങ് പ്രെസിഡന്റുമാരായി കെ സുധാകരനും കൊടിക്കുന്നിൽ സുരേഷും യൂത്ത് കോൺഗ്രസ് പ്രസിഡന്റായി ഷാഫി പറമ്പിലും തുടരുന്നത് ബെന്നി പക്ഷം ചൂണ്ടിക്കാട്ടി .തർക്കം മൂത്തപ്പപ്പോൾ കെപിസിസി എക്സിക്യു്ട്ടീവിലേക്ക് പോലും ബെന്നിയുടെ പേര് പരിഗണിക്കപ്പെട്ടില്ല .ഇതോടെ ഭിന്നത പൊട്ടിത്തെറിയായി .

കെ മുരളീധരന്റെ രാജിപ്രഖ്യാപനം നേതൃത്വത്തെ ഞെട്ടിച്ചു .പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നാണ് രാജി .സമിതി യോഗം ചേരാതെ നിഷ്ക്രിയമായി കിടക്കുക ആയിരുന്നു .പുനഃസംഘടനയോടുള്ള അതൃപ്തിയും മുരളീധരന്റെ രാജിയ്ക്ക് പിന്നിൽ ഉണ്ട് .സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാനുള്ള മുരളീധരന്റെ ശ്രമങ്ങളെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ചെറുക്കുന്നതും മുരളിയെ ചൊടിപ്പിച്ചു .

സംസ്ഥാനത്ത് യുഡിഎഫ് ഭരണം വന്നേക്കും എന്ന തോന്നലിലാണ് എംപിമാർ കൂട്ടത്തോടെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരണം എന്ന ആവശ്യം ഉന്നയിക്കുന്നത് .എംഎൽഎ ആയി ജയിച്ചാൽ മന്ത്രിയാകാമെന്നു കരുതുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട് .എന്നാൽ എംപിമാർ ഡൽഹിയിൽ കാര്യങ്ങൾ നോക്കട്ടെ എന്ന നിലപാടാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത് .ദേശീയ രാഷ്ട്രീയം കലങ്ങി മറിയുന്ന പശ്ചാത്തലത്തിൽ എംപിമാർ സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് ഹൈക്കമാൻഡിനു അനുകൂല മനസ്സല്ല ഉള്ളത് .മാത്രമല്ല എംപിയായും എംഎൽഎ ആയും ഒരു കൂട്ടം ആളുകൾ മാത്രം മത്സരിക്കുന്നത് പാർട്ടിക്ക് തിരിച്ചടി ആകുമെന്ന പൊതു വികാരവുമുണ്ട് .

കോൺഗ്രസിലെ തർക്കങ്ങളിൽ ഘടക കക്ഷികൾ ,പ്രത്യേകിച്ച് മുസ്ലിം ലീഗ് അസ്വസ്ഥരാണ് .തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോൺഗ്രസിൽ ഉണ്ടാകുന്ന സ്ഥിരം ഗ്രൂപ്പ് പോര് ആവർത്തിക്കപ്പെടരുതെന്ന് ഘടകകക്ഷികൾക്ക് നിർബന്ധം ഉണ്ട് .ലീഗ് ഇക്കാര്യം കോൺഗ്രസിനെ അറിയിച്ചിട്ടുമുണ്ട് .

പരാതി കുറയ്ക്കാൻ കെപിസിസി ഭാരവാഹികൾ ആയി കൂടുതൽ പേരെ നിയമിച്ചേക്കും .കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ ആണിത് .

Back to top button
error: