NEWS

സഞ്ജു സാംസണ് ഇത് പ്രതികാരത്തിന്റെ നാള്‍വഴികള്‍

ന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13-ാം സീസണ്‍ ഓരോ മത്സരം കഴിയും തോറും കത്തിക്കയറുകയാണ്. വിജയം ഉറപ്പിച്ച് കപ്പ് കരസ്ഥമാക്കും എന്ന് കരുതിയെത്തിയ വമ്പന്മാര്‍ പോലും ഇനിയിത്തിരി വിയര്‍ക്കേണ്ടി വരുമെന്ന് തീര്‍ച്ച. ഓരോ ദിവസവും കളിക്കത്തില്‍ ആര് ഞെട്ടിക്കും എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.

ആരാധകര്‍ ഒന്നടങ്കം തള്ളിപ്പറഞ്ഞ താരങ്ങള്‍ ഞൊടിയിടയില്‍ സൂപ്പര്‍ ഹീറോ പരിവേഷമണിഞ്ഞ് വിസ്മയങ്ങള്‍ സൃഷ്ടിക്കുന്നു. 13-ാം സീസണില്‍ കളിക്കിറങ്ങിയ മലയാളികളെല്ലാം ലോകശ്രദ്ധ തങ്ങളിലേക്ക് എത്തിക്കാന്‍ പോന്ന വിധമുള്ള പ്രകടമാണ് പുറത്തെടുത്തിരിക്കുന്നത്. ആ കൂട്ടത്തില്‍ എടുത്തു പറയേണ്ട പേരാണ് സഞ്ജു സാംസണിന്റേത്. ഓരോ കളി കഴിയും തോറും സഞ്ജു തന്റെ കരിയര്‍ ഗ്രാഫ് മുകളിലേക്ക് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. സഞ്ജുവിനെ സംബന്ധിച്ച് ഐ.പി.എല്‍ ചെറിയ മധുരപ്രതികാര വേദി കൂടിയാണ്.

കഥയുടെ പിന്നാമ്പുറം ഇങ്ങനെയാണ്

2014 ലാണ് സഞ്ജു സാംസണ്‍ ഏറെ പ്രതീക്ഷയോടെ ഇന്ത്യന്‍ ടീമിലെത്തുന്നത്. അന്ന് ടീമിലെത്തിയ സഞ്ജുവിന് പക്ഷേ കളിത്തിലിറങ്ങാന്‍ അവസരം ലഭിച്ചില്ല. കാരണം ധോണിയുടെ സാന്നിധ്യം ടീമിലുള്ള കാലത്തോളം സഞ്ജു എന്ന വിക്കറ്റ് കീപ്പറിന് പ്രത്യേകിച്ച് റോളണ്ടായിരുന്നില്ല. എന്നാല്‍ അതേ ധോണിയെ വിക്കറ്റിന് പിന്നില്‍ സാക്ഷി നിര്‍ത്തിയാണ് സഞ്ജു 13-ാം സീസണിലെ അരങ്ങേറ്റ മത്സരം ആടി തകര്‍ത്തത്. ആദ്യ കളിയില്‍ തന്നെ 32 പന്തില്‍ നിന്നും 74 റണ്‍സ് അടിച്ചെടുത്താണ് ആദ്യ പ്രതികാരം സഞ്ജു നടപ്പാക്കിയത്. ഒരു ഫോറും ഒന്‍പത് സിക്‌സറും അടിച്ചു കൂട്ടിയ സഞ്ജു തന്നെയായിരുന്നു കളിയിലെ കേമന്‍.

ആദ്യത്തെ കളിയിലെ പ്രകടനം ഒരു തുടക്കം മാത്രമായിരുന്നു എന്നോര്‍മ്മിപ്പിക്കും വിധമായിരുന്നു രണ്ടാമത്തെ കളിയിലെ താരത്തിന്റെ പ്രകടനം. 42
പന്തില്‍ നിന്നും 85 റണ്‍സ് നേടി കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ വിറപ്പിച്ച സഞ്ജുവിന്റെ മറ്റൊരു മധുര പ്രതികാരവും പൂവണിഞ്ഞു.

ആ കഥ ഇങ്ങനെയാണ്

2020 ന്റെ തുടക്കത്തില്‍ ഇന്ത്യയും ന്യൂസിലന്റും തമ്മില്‍ നടന്ന ട്വന്റി 20 മത്സരമാണ് കഥാപരിസരം. മത്സരം സൂപ്പര്‍ ഓവറിലേക്ക് പോയതോടെ കെ.എല്‍ രാഹുലിനൊപ്പം സഞ്ജു ഇറങ്ങട്ടെയെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറയുന്നു. എന്നാല്‍ സഞ്ജുവിനെ പോലെ തീരെ മത്സരപരിചയമില്ലാത്തൊരാള്‍ തനിക്കൊപ്പം ഇറങ്ങുന്നതതില്‍ കെ.എല്‍ രാഹുല്‍ സംശയം പ്രകടിപ്പിച്ചു. ഇതോടെ സഞ്ജുവിനെ മാറ്റി ക്യാപ്റ്റന്‍ തന്നെ ക്രീസിലേക്ക് പോയി. ഇനി വര്‍ത്തമാനകാലത്തിലേക്ക് വരാം. മത്സരപരിചയമില്ലായെന്ന് പറഞ്ഞ് തന്നെ മാറ്റി നിര്‍ത്തിയ അതേ കെ.എല്‍ രാഹുലിനെ വിക്കറ്റിന് പിന്നില്‍ സാക്ഷിയാക്കി സഞ്ജു നടത്തിയ തേരോട്ടം കണ്ട് ക്രിക്കറ്റ് പ്രേമികള്‍ ഒന്നാകെ കൈയ്യിടിച്ചു. 4 ഫോറും 7 സിക്‌സും അടിച്ചെടുത്ത സഞ്ജു തന്നെ ഈ തവണയും കളിയിലെ കേമന്‍. തന്നെ അവഗണിച്ചവരെ സാക്ഷിയാക്കി ഇത്രയും മനോഹരമായി മറുപടി കൊടുത്ത സഞ്ജു തന്നെയാണ് ഹീറോ.

സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഗൗതം ഗംഭീര്‍, ഷെയ്ന്‍ വോണ്‍, ബ്രയാന്‍ ലാറ തുടങ്ങിയവര്‍ സഞ്ജുവിനുള്ളിലെ പ്രതിഭയെ പണ്ടേ തിരിച്ചറിഞ്ഞവരാണ്. പക്ഷേ കാണേണ്ടവര്‍ മാത്രം അത് കാണുന്നില്ല. അല്ലെങ്കില്‍ മനപ്പൂര്‍വ്വം കണ്ണടയ്്ക്കുന്നു. ഐ.പി.എല്‍ 13-ാം സീസണിലെ മികച്ച പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ സഞ്ജു ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, കാത്തിരിക്കാം സഞ്ചുവിന്റെ പുതിയ പോരാട്ടത്തിനായി. കണ്ടത് മനോഹരം കാണാനിരിക്കുന്നത് അതിമനോഹരം എന്ന് വിശ്വസിക്കാം.

Back to top button
error: