സീരിയലുകളിൽ ഇന്നു മുതൽ പുതിയ ലക്ഷ്മി…

പോലീസ് കേസും, കോടതിയും, മുൻകൂർ ജാമ്യാപേക്ഷയുമായി നട്ടം തിരിയുകയാണ് ലക്ഷ്മി പ്രമോദ് എന്ന സീരിയൽ താരം. ഒരേ സമയം മൂന്നു സീരിയലുകളിൽ തിളങ്ങി നിൽക്കുകയായിരുന്നു ലക്ഷമി. ഏഷ്യാനെറ്റിലെ പൗർണമി തിങ്കളിലും സീ കേരളത്തിലെ പൂക്കാലം വരവായിലും ഗംഭീര വേഷമായിരുന്നു. മഴവിൽ മനോരമയിലെ സൂര്യകാന്തിയിലും ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ലക്ഷ്മി അവതരിപ്പിച്ചത്. പക്ഷേ വളരെ പെട്ടെന്നാണ് തിരിച്ചടി ഉണ്ടായത്. എല്ലാം കീഴ്മേൽ മറിഞ്ഞു. സീരിയലുകളിൽ നിന്നും ലക്ഷ്മി പുറത്തായി. കൊട്ടിയത്ത് റംസി എന്ന പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തെ തുടർന്നാണ് ലക്ഷ്മി പ്രമോദിനെ സീരിയലുകളിൽ നിന്ന് ഒഴിവാക്കാൻ ചാനൽ മേധാവികളും സീരിയൽ സംവിധായകരും തീരുമാനിച്ചത്.

പൗർണമി തിങ്കളിൽ പകരം വന്നത് മറ്റൊരു ലക്ഷ്മി തന്നെ. അതും കൊല്ലംകാരി ലക്ഷ്മി പ്രിയ.’കറുത്തമുത്തി’ലൂടെ ജനപ്രീതി നേടിയ ലക്ഷ്മി ഇന്നു രാത്രി മുതൽ സ്ക്രീനിൽ എത്തുകയാണ്. ടോപ് റേറ്റഡ് ആയ ഈ സീരിയലിൽ നെഗറ്റീവ് കഥാപാത്രമാണ് ലക്ഷ്മിയുടേത്. നായികക്കൊപ്പം ലക്ഷ്മിയുടെ ആനി എന്ന കഥാപാത്രത്തിനും തുല്യ പ്രധാന്യം ലഭിച്ചിരുന്നു.

പൂക്കാലം വരവായി സീരിയലിൽ അവന്തിക എന്ന കഥാപാത്രമായാണ് ലക്ഷ്മി എത്തിയിരുന്നത്. എന്നാൽ അവന്തികയെ തത്ക്കാലം അപ്രത്യക്ഷമാക്കിക്കൊണ്ട്, മുംബൈയിൽ നിന്നെത്തുന്ന സൗദാമിനി അപ്പച്ചി എന്ന കഥാപാത്രത്തെ കൊണ്ട് അവന്തികയുടെ ദൗത്യങ്ങൾ നിർവ്വഹിക്കാനാണു പദ്ധതി. സൗദാമിനി അപ്പച്ചി അടുത്ത ആഴ്ചയിലാവും പ്രേക്ഷകർക്കു മുന്നിലെത്തുക. ലക്ഷ്മി പ്രമോദ് അഗ്നിശുദ്ധി നടത്തി തിരിച്ചെത്തിയാൽ അവന്തിക തന്നെ സ്വന്തം ഹീന കർമ്മങ്ങൾ തുടരും.

ലക്ഷ്മിയുടെ ഭർതൃ സഹോദരൻ ഹാരീസും റംസി എന്ന പെൺകുട്ടിയും തമ്മിലുള്ള പ്രണയത്തിന് 10 വർഷത്തിൻ്റെ ദൈർഘ്യമുണ്ട്. റംസി യുടെ എല്ലാം കവർന്നെടുത്ത ശേഷം ഹാരീസ് നിഷ്കരുണം അവളെ ഉപേക്ഷിച്ചു. ഒടുവിൽ ആത്മഹത്യ ചെയ്താണ് ആ സാധു പെൺകുട്ടി പക വീട്ടിയത്. അതോടെ കാര്യങ്ങൾ മാറി മറഞ്ഞു. ഹാരീസും റംസിയും തമ്മിലുള്ള കൂടിക്കാഴ്ചകൾക്ക് അവസരമൊരുക്കിയത് ലക്ഷ്മിയായിരുന്നുവെന്ന് ആരോപണമുയർന്നു.

ലക്ഷ്മി സീരിയൽ സെറ്റുകളിൽ റംസിയെ കൊണ്ടുപോകുമായിരുന്നു. ഈ അവസരം ഹാരിസ് മുതലാക്കിയത്രേ. ഒട്ടവിൽ ഗർഭിണിയായ റംസിയുടെ ഗർഭഛിദ്രം നടത്താനും ലക്ഷ്മി തന്നെ മുൻകൈ എടുത്തു എന്നു പറയുന്നു. റംസി യുടെ ആത്മഹത്യയെ തുടർന്ന് വൻ രോഷമാണ് ലക്ഷ്മിക്കെതിരെ പല ഭാഗങ്ങളിൽ നിന്നും ഉയർന്നു വന്നത്. ഇപ്പോൾ കേസന്വേഷണം ഊർജിതപ്പെടുത്തി. ഒളിവിലിരുന്ന് ലക്ഷ്മി മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് ലക്ഷ്മിയെ സീരിയലുകളിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചത്. പുതിയ ലക്ഷ്മിമാർ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടുമോ എന്നു കാത്തിരുന്നു കാണാം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version