സീരിയൽ ഷൂട്ടിംഗുകൾ നിലയ്ക്കുമോ…?, ടെലിവിഷൻ മേഖല വീണ്ടും പ്രതിസന്ധിയിലേയ്ക്കോ…?

സാധാരണ മലയാളി പ്രേക്ഷകരുടെ രാവുകളെ ആഘോഷ സമൃദ്ധമാക്കുന്ന സീരിയലുകളുടെ ചിത്രീകരണം സന്നിഗ്ദ്ധാവസ്ഥയിലേയ്ക്കു നീങ്ങുകയാണ്. പല സീരിയലുകളുടെയും ഷൂട്ടിംഗ് നിർത്തിവയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ് നിർമ്മാതാക്കൾ. അഞ്ചോ ആറോ മലയാളം സീരിയലുകളാണ് കോവിഡ് വ്യാപനത്തിൻ്റെ പേരിൽ ഷൂട്ടിംഗ് നിർത്തിവയ്ക്കാൻ നിർബഡിതമായിരിക്കുന്നത്.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന സിബി ചാവറ നിർമ്മിക്കുന്ന ‘ചാക്കോയും മേരിയും’ ലൊക്കേഷനിലെ അഭിനേതാക്കളടക്കമുള്ള 23 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫ്ലവേഴ്സ് ടി.വി നിർമ്മിച്ച് ഗിരീഷ് കോന്നി സംവിധാനം ചെയ്യുന്ന ‘കൂടത്തായി’ സീരിയലിലെ ഒരാള്‍ക്കും ഡോ. എസ് ജനാർദ്ദനൻ സംവിധാനം ചെയ്യുന്ന ‘ഞാനും നീയും’ ലൊക്കേഷനിലെ 16 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. പ്രവീൺ ഇറവങ്കരയുടെ
രചനയിൽ ടി.എസ് സജി സംവിധാനം ചെയ്യുന്ന ‘പൂക്കാലം വരവായി’ സീരിയലിലെ ഉപനായകൻ നിരഞ്ജനും കോവിഡ് സ്ഥിരീകരിച്ചു. സൂര്യ ടി.വിയിൽ ഉടൻ സംപ്രേക്ഷണം ആരംഭിക്കാൻ തീരുമാനിച്ചിരുന്ന ഷിജു അരൂർ സംവിധാനം ചെയ്യുന്ന ‘തിങ്കൾ കലമാൻ’ എന്ന സീരിയലും അനിശ്ചിതാവസ്ഥയിലായി.

ഇത്രയേറെ പേര്‍ക്ക് രോഗം ബാധിച്ചതോടെ ഷൂട്ടിംഗുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ് നിർമ്മാതാക്കൾ.
സീ കേരളത്തിലെ ഏറ്റവും കുതൽ റേറ്റിംഗുള്ള സീരിയലാണ് പൂക്കാലം വരവായി. ഈ സീരിയലിലെ ഉപനായകനായ നിരഞ്ജൻ കോട്ടയത്ത് നിന്നും തിരുവനന്തപുരത്തെ ലൊക്കേഷനിലേക്ക് യാത്ര ചെയ്യുന്ന സന്ദർഭത്തിലാണ് രോഗം സ്ഥിരീകരിച്ച വാർത്ത അറിഞ്ഞത്. അദ്ദേഹം വീട്ടിലേയ്ക്കു തന്നെ തിരിച്ചു പോയി. അതു കൊണ്ട് ലൊക്കേഷനിൽ ക്വാറൻ്റയിനോ മറ്റു പ്രശ്നങ്ങളൊ ഉണ്ടായില്ല.

കൂടത്തായി സീരിയലിൻ്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോടതിയും കേസും നിരോധനാഞ്ജയുമൊക്കെയായി വിവാദം സൃഷ്ടിച്ച പരമ്പരയാണ് കൂടത്തായി. ഈ സീരിയലിലെ 55 പേർക്ക് നടത്തിയ കോവിഡ് ടെസ്റ്റിൽ 54 പേരുടെയും ഫലം നെഗറ്റീവായി. പോസിറ്റീവായ ഒരാൾ യൂണിറ്റിലെ ലൈറ്റ്മെൻ ആണ്. ഇതേ തുടർന്ന് കൂടത്തായി സീരിയലിൽ കോവിഡ് പോസിറ്റീവായ വ്യക്തിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ 14 ദിവസത്തെയും മറ്റുള്ളവർ 7 ദിവസത്തെയും ക്വാറൻ്റയിനിൽ പ്രവേശിച്ചതായി സംവിധായകൻ ഗിരീഷ് കോന്നി അറിയിച്ചു.

കൊച്ചിയിൽ ഷൂട്ടിങ്ങ് പുരോഗമിച്ചു കൊണ്ടിരുന്ന ചാക്കോയും മേരിയും സീരിയിലിൻ്റെ സാങ്കേതിക പ്രവർത്തകരും അഭിനേതാക്കളും ഉൾപ്പെടെ 23 അംഗങ്ങളും, ആരോഗ്യ വകുപ്പിൻ്റെ മേൽനോട്ടത്തിൽ കൊച്ചിയിലെ രണ്ടു ഗസ്റ്റ്ഹൗസുകളിലായി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റയിനിൽ കഴിയുകയാണ്. വി കെ ബൈജു, അർച്ചന സുശീലൻ, നീന കുറുപ്പ്, സജ്ന, ടോണി,ബാലചന്ദ്രൻ ചുള്ളിക്കാട്, ദേവി അജിത്ത്, ലിസി ജോസ്,
ചിലങ്ക,അൻസിൽ എന്നീ അഭിനേതാക്കളും രവി ചന്ദ്രൻ (ക്യാമറമാൻ ) പ്രദീപ് വള്ളിക്കാവ് (സംവിധായകൻ)
കനകരാജ് (ക്യാമറമാൻ ) സുധീഷ് ശങ്കർ (സംവിധായകൻ) എന്നിവരുമാണ് ആ സീരിയലിൽ ജോലി ചെയ്ത് പുറത്തു പോയവർ.

ഈ സീരിയലിൻ്റെ നിർമ്മാതാവിനെ അപകീർത്തി പ്പെടുത്തും വിധം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ പ്രചരണം നടക്കുന്നതായും അത് തീർത്തും വാസ്തവ വിരുദ്ധമാണെന്നും, ലൊക്കേഷനിൽ കോവിഡ് സ്ഥിരീകരിച്ചപ്പോൾ തന്നെ ഷൂട്ടിങ്ങ് നിർത്തി, വേണ്ട നടപടികൾ സ്വീകരിക്കുകയാണ് ഉണ്ടായതെന്നും മലയാളം ടെലിവിഷൻ ഫ്രെട്ടേർണിറ്റി ഭാരവാഹികൾ അറിയിച്ചു.

ലോക്ക് ഡൗണ്‍ സമയത്ത് സീരിയല്‍ ഷൂട്ടിംഗുകള്‍ നിര്‍ത്തിവച്ചിരുന്നതാണ്. പിന്നീട് ഇളവുകള്‍ പ്രഖ്യാപിച്ച സമയത്താണ് സംസ്ഥാനത്തെ സീരിയല്‍ ഷൂട്ടുകള്‍ പുനരാരംഭിച്ചത്. സ്റ്റുഡിയോകളിലെ ഷൂട്ടുകള്‍ക്കും ഇന്‍ഡോര്‍ ഷൂട്ടുകള്‍ക്കുമായിരുന്നു അനുമതി. ലോക്ക്ഡൗണ്‍ കാലത്ത് സീരിയല്‍ രംഗം കനത്ത സാമ്പത്തികപ്രതിസന്ധിയിലായിരുന്നു. തുടര്‍ന്നാണ് ഷൂട്ടിന് അനുമതി നല്‍കിയത്. കനത്തനിയന്ത്രണങ്ങളോടെയായിരുന്നു ഷൂട്ടിംഗിന് അനുമതി നല്‍കിയിരുന്നത്. പക്ഷേ പല ലൊക്കേഷനുകളിലും ഈ നിബന്ധനകളൊക്കെ കാറ്റിൽ പറത്തുകയായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version