NEWS

പാര്‍ട്ടിയും മുന്നണിയും പറഞ്ഞാല്‍ രാജിവെയ്ക്കും: കെ.ടി ജലീല്‍

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീല്‍ രാജി വെയക്കണമെന്ന ആവ്ശ്യം നിലനില്‍ക്കുകയാണ്. സംസ്ഥാനത്ത് പലയിടങ്ങളിലായി നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നിരവധിപേര്‍ക്കാണ് പരിക്ക് പറ്റിയത്.

ഇപ്പോഴിതാ ഈ പ്രതിഷേധങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മന്ത്രി കെ.ടി ജലീല്‍. പാര്‍ട്ടിയും മുന്നണിയും പറഞ്ഞാല്‍ രാജിവയ്ക്കുമെന്ന് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. രാഷ്ട്രീയ ആരോപണങ്ങളുടെ പേരില്‍ രാജിയില്ലെന്നും മനഃസാക്ഷിയുടെ മുന്നില്‍ തെല്ലുപോലും പ്രതിക്കൂട്ടിലല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം.

ചോദ്യംചെയ്യല്‍ വിവാദം കൈകാര്യം ചെയ്യുന്നതില്‍ പിഴവുണ്ടായിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്‍ഐഎ ചോദ്യംചെയ്ത വിവരം മറച്ചുവച്ചതിലാണ് വിശദീകരണം. വിവാദത്തെ വിശ്വാസവുമായി ബന്ധപ്പെടുത്താന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. മൊഴി കൊടുക്കാന്‍ പോകുന്ന വിവരം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ജലീല്‍ പറഞ്ഞു.
സ്വര്‍ണക്കടത്തില്‍ ഒരു പങ്കുമില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തതോടെയാണ് ജലീല്‍ രാജി വെയ്ക്കണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തിയത്.

സ്വര്‍ണക്കടത്ത് കേസിനിടെയാണ് യു.എ.ഇ.യില്‍നിന്ന് മതഗ്രന്ഥങ്ങള്‍ വന്നവിവരം പുറത്തുവരുന്നത്. വിവാദ പെട്ടികള്‍ വിദ്യാഭ്യാസവകുപ്പിന്റെ വാഹനത്തില്‍ കൊണ്ടുപോയത് ആരോപണത്തിന് തീപിടിക്കുന്നതിന് കാരണമായി. സ്വപ്നാ സുരേഷുമായുള്ള ഫോണ്‍വിളി വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ മന്ത്രി തീര്‍ത്തും പ്രതിരോധത്തിലായി. പെട്ടികളില്‍ വന്നത് മതഗ്രന്ഥങ്ങള്‍ തന്നെയാണോയെന്ന ചോദ്യവും ഉയര്‍ന്നു. ഇ.ഡി.യുടെ അന്വേഷണംകൂടിയായതോടെ മന്ത്രി സംശയനിഴലിലാവുകയായിരുന്നു.

Back to top button
error: