LIFENEWS

യോഗിയെ വെല്ലുവിളിച്ച് കഫീൽ ഖാൻ ,യുപിയിലേക്ക് തിരിച്ചു പോകാൻ തീരുമാനം ,പ്രിയങ്കയുടെ പിന്തുണ ഉണ്ടെന്നും പ്രഖ്യാപനം

ത്തർപ്രദേശിലെ ഗോരഖ്പൂറിലെ ബി ആർ ഡി മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടർ ക്ഷാമം മൂലം 63 കുട്ടികൾ മരിക്കാനിടയായ സാഹചര്യം രാജ്യത്താകെ ഞെട്ടലുണ്ടാക്കിയ സംഭവമാണ് .ഈ അപകടം നടക്കുമ്പോൾ ഓക്സിജൻ സിലിണ്ടറുകൾ സ്വന്തം റിസ്കിൽ കൊണ്ടുവന്ന മെഡിക്കൽ കോളേജിലെ ഡോക്ടർ കഫീൽ ഖാൻ പിന്നീട് യോഗി ആദിത്യനാഥ് നേതൃത്വം നൽകുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ കണ്ണിലെ കരടായി .

കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഇടപെട്ട ഡോ .കഫീൽ ഖാൻ മാധ്യമങ്ങളിൽ ഹീറോയായി .അവിടെ തുടങ്ങുന്നു ഡോക്ടറുടെ കഷ്ടകാലം .ജോലിയിൽ വീഴ്ച വരുത്തി എന്നാരോപിച്ച് കഫീൽ ഖാനെ പിരിച്ചു വിട്ടു .പിന്നാലെ ഇതേ കുറ്റത്തിന് അറസ്റ്റും ചെയ്തു .കോടതി ഇടപെട്ടപ്പോൾ കഫീൽ ഖാൻ സ്വതന്ത്രനായി .എന്നാൽ കഴിഞ്ഞ വര്ഷം ഡിസംബർ 12 നു അലിഗഡ് സർവകലാശാലയിൽ നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിൽ കഫീൽ ഖാൻ വീണ്ടും ജയിലിൽ അടക്കപ്പെട്ടു .

ഇത്തവണ കഫീൽ ഖാനെ കാത്തിരുന്നത് രാജ്യദ്രോഹക്കുറ്റമാണ് .ഒടുവിൽ ദേശീയോദ്ഗ്രഥനത്തിന്റെ ഭാഗമാണ് തൻറെ പ്രസംഗം എന്ന് സമർത്ഥിക്കാൻ കഫീൽ ഖാനായി .അങ്ങിനെ അലഹബാദ് ഹൈക്കോടതി കഫീൽ ഖാന്റെ മോചനത്തിന് ഉത്തരവിട്ടു .

രണ്ടാമത്തെ തവണ ജയിലിൽ അടക്കപ്പെട്ടപ്പോൾ ക്രൂരമായ ശാരീരിക പീഡനത്തിനും കഫീൽ ഖാൻ ഇരയായി .ദിവസങ്ങളോളം ഭക്ഷണം നൽകിയില്ല .നഗ്നനാക്കി മർദിച്ചു .ഉറക്കം വരുമ്പോൾ വെള്ളമൊഴിച്ച് ഉറക്കം കെടുത്തി .

അൻപത് പേർക്കുള്ള ബാരക്കിൽ 150 പേരെയാണ് കിടത്തിയിരുന്നത് .ഇവർക്കെല്ലാം കൂടി ഒരു ശുചിമുറി ആണ് ഉണ്ടായിരുന്നത് .പിടിച്ചു നില്ക്കാൻ ആകാതെ പല തടവുകാരും ട്രൗസറിൽ മലമൂത്ര വിസർജ്ജനം നടത്തേണ്ടി വന്നു .ഇച്ചകളും കൊതുകുകളും കൊണ്ട് നിറഞ്ഞതായി ആ ബാരക്ക് .

ഇതൊന്നും പക്ഷെ കഫീൽ ഖാനെ തളർത്തുന്നില്ല .അർദ്ധരാത്രിയിൽ മഥുര ജയിലിൽ നിന്ന് കഫീൽ ഖാൻ മോചിതനാവുമ്പോൾ രക്ഷക വേഷത്തിൽ പ്രിയങ്കാ ഗാന്ധി ഉണ്ടായിരുന്നു .പ്രിയങ്കാ ഗാന്ധിയുടെ പ്രതിനിധികൾക്കൊപ്പം രായ്ക്കുരാമാനം കഫീൽ ഖാനും കുടുംബവും കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ജയ്‌പൂരിലെ എത്തി .അവിടെ പ്രിയങ്കാ ഗാന്ധിയുടെ നിർദേശപ്രകാരം ഹോട്ടൽ മുറി റെഡി ആയിരുന്നു .

എന്നാൽ ജന്മനാടായ ഗോരഖ്പൂരിലേക്ക് പോകാൻ ഒരുങ്ങുകയാണ് ഡോ .കഫീൽ ഖാൻ .തന്നെ ആർക്കും അതിനു തടയാൻ ആവില്ലെന്ന് കഫീൽ ഖാൻ പ്രഖ്യാപിക്കുന്നു .ബന്ധുക്കൾ അവിടെയാണെന്നും സർവീസിൽ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് അധികൃതര്ക്ക് കത്തയച്ചിട്ടുണ്ടെന്നും കഫീൽ ഖാൻ വ്യക്തമാക്കുന്നു .ഇല്ലെങ്കിൽ കോടതിയെ സമീപിക്കാൻ ആണ് കഫീൽ ഖാന്റെ തീരുമാനം .

ചിലപ്പോൾ തന്നെ വീണ്ടും തുറുങ്കിൽ അടച്ചേക്കാമെന്നു മാധ്യമങ്ങളോട് കഫീൽ ഖാൻ പറഞ്ഞു .എന്നാൽ താൻ ഭയക്കുന്നില്ല .കോൺഗ്രസിൽ തല്ക്കാലം ചേരുന്നില്ലെന്നു കഫീൽ ഖാൻ പറയുന്നുണ്ടെങ്കിലും പ്രിയങ്കാ ഗാന്ധിയോടുള്ള നന്ദി എപ്പോഴും രേഖപ്പെടുത്തുന്നു .

ഒരു ദൈവ വിശ്വാസിയാണ് കഫീൽ ഖാൻ .ദൈവം എന്തെങ്കിലുംപദ്ധതി ഒരുക്കിയിരിക്കുമെന്നു അദ്ദേഹം വിശ്വസിക്കുന്നു .ഭരണ കൂടത്തെ പേടിച്ച് ഒളിച്ചിരിക്കാൻ അല്ല കഫീൽ ഖാന്റെ തീരുമാനം .മറിച്ച് ജനങ്ങൾക്കിടയിൽ ജീവിക്കാൻ ആണ് കഫീൽ ഖാന്റെ തീരുമാനം .

Back to top button
error: