LIFENEWS

ഇടതു വിരുദ്ധ നീക്കം :ബിജെപിയുമായി ലീഗ് -കോൺഗ്രസ് സഖ്യമെന്ന് കോടിയേരി

കേരളത്തിലെ വലതുപക്ഷ ശക്തികൾ ഒന്നാകെ ഇടത് സർക്കാരിനെതിരെ നടത്തുന്ന നീക്കമാണ് ഇപ്പോൾ നടക്കുന്ന സമരകോലാഹലങ്ങൾ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .എൽ ഡി എഫിന് തുടർ ഭരണം ഉണ്ടാകുമെന്നു കണ്ടതോടെയാണ് സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ച് പ്രതിപക്ഷം ഇറങ്ങിയത് .കേരളത്തിലെ മൂലധന ശക്തികളും കോർപ്പറേറ്റ് നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും ഒരു വിഭാഗം ജാതിമത ശക്തികളും ഇവർക്ക് സഹായം നൽകുന്നുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു .സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികൾ തകർക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത് .എന്നാൽ ജനപക്ഷ നിലപാട് സ്വീകരിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ട് പോകുന്നത് .100 ദിവസം കൊണ്ട് 100 പദ്ധതികൾ നടപ്പാക്കാൻ ഉള്ള തീരുമാനം ഇതിന്റെ ഭാഗമാണ് .

ബിജെപി അല്ല സിപിഐഎമ്മാണ് തങ്ങളുടെ ശത്രുവെന്നു പറഞ്ഞത് പി കെ കുഞ്ഞാലിക്കുട്ടി ആണ് .അതിനർത്ഥം ലീഗ് മുൻകൈ എടുത്ത് ബിജെപിയുമായി സഖ്യമുണ്ടാക്കുന്നു എന്നാണ് .മാറാട് കേസ് സിബിഐ ഏറ്റെടുത്തിട്ട് കാലങ്ങൾ ആയി .എന്നാൽ അന്വേഷണ നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നില്ല .മാറാട് കേസിന്റെ അന്വേഷണ നടപടികളും കുഞ്ഞാലിക്കുട്ടിയുടെ നിലപാടും തമ്മിൽ ബന്ധമുണ്ടോ എന്ന് ലീഗ് വ്യക്തമാക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു .

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഇബ്രാഹിം കുഞ്ഞും പ്രതികളായ ടൈറ്റാനിയം കേസ് സിബിഐയ്ക്ക് വിട്ടിട്ട് ഒരു വർഷത്തിലേറെയായി .എന്നാൽ അന്വേഷണം മുന്നോട്ട് പോകുന്നില്ല .ടൈറ്റാനിയം കേസ് ഒതുക്കുന്നതും കോൺഗ്രസിന്റെ ഇപ്പോഴത്തെ നിലപാടും തമ്മിൽ ബന്ധമുണ്ടോ എന്നും കോടിയേരി ചോദിച്ചു .

Back to top button
error: