LIFENEWS

ഞെട്ടിക്കുന്ന റിപ്പോർട്ട്, രാജ്യത്തെ ജയിലുകളിൽ കഴിയുന്നവരിൽ അമ്പത് ശതമാനത്തിൽ കൂടുതൽ മുസ്ലിങ്ങളും ദളിതരും ആദിവാസികളും

ശിക്ഷിക്കപ്പെട്ടവരും വിചാരണ തടവുകാരുമായി രാജ്യത്തെ ജയിലുകളിൽ കഴിയുന്നവരിൽ അമ്പത് ശതമാനത്തിൽ ഏറെ പേർ മുസ്ലിം, ദളിത്‌, ആദിവാസി ജനാവിഭാഗത്തിൽ പെട്ടവർ. സർക്കാർ തന്നെ പുറത്ത് വിട്ട കണക്കാണ് ഇത്. 2011 ലെ സെൻസസ് കണക്ക് അനുസരിച്ച് മൊത്തം ജനാവിഭാഗത്തിന്റെ 39.4% പേരാണ് ഈ ജനാവിഭാഗങ്ങളിൽ ഉള്ളത്. എന്നാൽ ഈ വിഭാഗത്തിൽ ഉള്ള തടവുകാരുടെ എണ്ണം 50.8% ആണ്.

ഇന്ത്യയിൽ മൊത്തം കണക്കെടുത്താൽ സാമ്പത്തികമായും സാമൂഹികമായും പിന്നിൽ നിൽക്കുന്ന ജനവിഭാഗങ്ങളെ നമ്മുടെ സംവിധാനം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ നേർ തെളിവ് ആണ് ഈ കണക്ക്. ഉയർന്ന ജാതികളുടെ അടിച്ചമർത്തലിന് വിധേയമാകുന്ന ജനാവിഭാഗങ്ങൾ ആണ് ദളിതരും ആദിവാസികളും എങ്കിൽ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരകൾ ആണ് മുസ്ലിം ജനവിഭാഗം.

അമേരിക്കയിലൂടെതിന് സമാനമായ സ്ഥിതി വിശേഷം എന്ന് പറയേണ്ടി വരും. അവിടെ 13%ആണ് കറുത്ത വർഗ്ഗക്കാർ. എന്നാൽ ജയിലുകളിൽ കഴിയുന്നവരോ 40% ത്തിൽ ഏറെയും കറുത്ത വർഗ്ഗക്കാർ ആണ്.

മൊത്തം തടവറക്കുള്ളിൽ കഴിയുന്ന മുസ്ലിം സമുദായത്തിലെ അംഗങ്ങൾ 18.1% വരും.2011 ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിൽ ഉള്ളത് 14.2% മുസ്ലിങ്ങൾ ആണ്. ദളിത്‌ വിഭാഗങ്ങളുടെ കാര്യത്തിൽ ഈ വ്യത്യാസം വളരെ വലുതാണ്. മൊത്തം സമൂഹത്തിന്റെ 16.6% ദളിതർ ആണ്. എന്നാൽ ജയിലിൽ കിടക്കുന്നവരിൽ 21.2%പേരാണ് ദളിതർ.

8.6% ആദിവാസികൾ ആണ് ഇന്ത്യൻ ജനസംഖ്യയിൽ ഉള്ളത്. എന്നാൽ ജയിലിൽ കഴിയുന്ന ദളിതർ 11.5% വരും.

“സബ്കാ സാത്ത് സബ്കാ വികാസ് “എന്നത് പൊള്ള വാഗ്ദാനം ആണെന്ന് തിരിച്ചറിയാൻ ഈ കണക്ക് ധാരാളം. ഈ ജനവിഭാഗങ്ങളിലെ ദാരിദ്ര്യം കൃത്യമായ നിയമ സഹായം ലഭ്യമാക്കുന്നതിൽ ഇവർക്ക് തടസം ആണ്. പോലീസ് സ്റ്റേഷനുകളിൽ നിന്നും കോടതികളിൽ നിന്നും രേഖകൾ ലഭ്യമാക്കുന്നതിനു പോലും ഇവർക്ക് പലപ്പോഴും കഴിയാതെ വരുന്നു. ഒരു വിധി വന്നാൽ അപ്പീൽ പോകാൻ പോലും ഇവർക്ക് കഴിയുന്നില്ല.

സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ ചില യാഥാർഥ്യങ്ങൾ കാണാം. ഉത്തർപ്രദേശിൽ 27%തടവുകാർ മുസ്ലീങ്ങൾ ആണ്. എന്നാൽ ഇവരുടെ സംസ്ഥാനത്തെ ജനസംഖ്യയോ 20%വും. ഗുജറാത്തിൽ 10% മുസ്ലീങ്ങൾ ആണുള്ളത്. എന്നാൽ ജയിലിൽ കിടക്കുന്ന മുസ്ലീങ്ങളുടെ എണ്ണം 27% ആണ്. മുസ്ലീങ്ങൾ താരതമ്യേന കൂടുതൽ ഉള്ള അസമിൽ തടവുകാരുടെ 45%വും മുസ്ലിങ്ങൾ ആണ്. എന്നാൽ സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യയോ 34%വും.

ഇവയെല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ആണ് എന്നത് യാദൃശ്ചികമല്ല. 2017 ൽ യോഗി ആദിത്യ നാഥ് സർക്കാർ നിലവിൽ വന്നതോടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരകൾ വർധിക്കുകയാണ്. 25 വർഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഗുജറാത്തിന്റെ ചരിത്രം എല്ലാവർക്കും അറിയാവുന്നതാണ്. അസമിൽ ഈ അടുത്താണ് ബിജെപി അധികാരം പിടിക്കുന്നത്. ഇന്ന് സാമുദായിക -വംശീയ പ്രശ്നങ്ങൾ അസമിന്റെ ഉറക്കം കെടുത്തുകയാണ്. ഫലമോ 45% ത്തോളം മുസ്ലിം തടവുകാരും.

ദളിത്‌ -ആദിവാസി ജനസമൂഹങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ബിജെപി ഭരിക്കുന്ന ഉത്തർ പ്രദേശ്, ഗുജറാത്ത്‌, മധ്യപ്രദേശ് എൻഡിഎ ഭരിക്കുന്ന ബീഹാർ എന്നിവിടങ്ങളിലൊക്കെ ഈ സമുദായങ്ങളുടെ ജനസംഖ്യയുടെ എത്രയോ മുകളിൽ ആണ് ഈ സമുദായങ്ങളിൽ നിന്നുള്ള തടവുകാർ. യുപിയിൽ ദളിതർ 21% ആണ്. എന്നാൽ ദളിത് തടവുകാർ 24% ആണ്. 0.6% മാത്രമാണ് യുപിയിൽ ആദിവാസി സമുദായത്തിൽ പെട്ടവർ. എന്നാൽ ജയിലിൽ കിടക്കുന്നതോ 5% ആദിവാസികളും. ഗുജറാത്തിൽ ആകെ ജനസംഖ്യയുടെ 7% ആണ് ദളിതർ. എന്നാൽ തടവുകാരിൽ 16%വും ദളിതർ ആണ്. 15% ആദിവാസികൾ ഗുജറാത്തിൽ ഉണ്ട്. തടവുകാരിൽ 16% ആദിവാസികൾ ആണ് താനും.

2016 ൽ ജെഡിയു -ആർജെഡി സഖ്യത്തെ പിളർത്തി ആണ് ജെഡിയു -ബിജെപി സർക്കാർ അധികാരത്തിൽ വന്നത്. 16% ദളിതർ ഉള്ള ബിഹാറിൽ 21% ദളിത്‌ തടവുകാർ ഉണ്ട്. 1.3% ആദിവാസികൾ മാത്രമുള്ള സംസ്ഥാനത്ത് 4% ആദിവാസി തടവുകാർ ഉണ്ട്.

ബിജെപി -കോൺഗ്രസ്‌ ഇതാര സർക്കാരുകൾ ഭരിക്കുന്ന ഒഡിഷയിലും അവസ്ഥ സാമാനം തന്നെ. 17% ദളിതരും 23% ആദിവാസികളും ഇവിടുണ്ട്. മൊത്തം ജനസംഖ്യയുടെ 40% വരും ഈ രണ്ട് വിഭാഗങ്ങളും കൂടെ കൂട്ടിയാൽ. എന്നാൽ ഇവിടെ ജയിലുകളിൽ 30% ദളിതരും 28%ആദിവാസികളും ആണ്. അതായത് മൊത്തം തടവ് പുള്ളികളിൽ 58% ഈ വിഭാഗത്തിൽ ഉള്ളവർ ആണ്.

ജയിൽ പരിഷ്കരണ കമ്മീഷനുകൾ നിരന്തരം വന്നു പോകുന്നുണ്ടെങ്കിലും പ്രധാന വിഷയങ്ങൾ അഭിസംബോധന ചെയ്യപ്പെടാതെ കിടക്കുന്നു. തടവുപ്പുള്ളികളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് പഠിക്കുകയും മെച്ചപ്പെടുത്തുകയും വേണം. അതത് സമൂഹങ്ങളിലെ നിയമവിദഗ്ധരെ ഇവരുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിക്കണം.

ഇവരിൽ തന്നെ രാഷ്ട്രീയ തടവുകാർ ഉണ്ടെങ്കിൽ അതും കൃത്യമായി പരിശോധിക്കപ്പെടണം.ജനദ്രോഹ നയങ്ങൾക്കെതിരെ ജനാധിപത്യ രീതിയിൽ ഉള്ള സമരമാർഗങ്ങൾ സ്വീകരിച്ചവരിൽ പലരും ഇത്തരം സംസ്ഥാനങ്ങളിൽ ഇരുമ്പഴിക്കുള്ളിൽ ആണ്. ഇതിൽ പൗരത്വ ബിൽ വിഷയങ്ങളിൽ സമരം ചെയ്തവരും ഉൾപ്പെടും.

Back to top button
error: