LIFENEWS

ബാലഭാസ്കറുടെ മരണത്തിൽ സത്യം തെളിയാൻ സാഹചര്യം ഒരുങ്ങുന്നു,നുണ പരിശോധനയ്ക്ക് സമ്മതിച്ച് നാലുപേർ

ബാലഭാസ്കറുടെ മരണത്തിൽ സത്യം തെളിയാൻ സാഹചര്യമൊരുങ്ങുന്നു .ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും തെളിയിക്കാതെ വിട്ട കേസ് ആണ് സി ബി ഐ തുമ്പുണ്ടാക്കുന്നത് .

കാർ ഡ്രൈവർ അർജുൻ ,ദൃക്‌സാക്ഷി കലാഭവൻ സോബി ജോർജ് ,ബാലഭാസ്കറിന്റെ സംഗീത ട്രൂപ്പ് മാനേജർ വിഷ്ണു സോമസുന്ദരം ,സുഹൃത്ത് പ്രകാശ് തമ്പി എന്നിവർ നുണ പരിശോധനയ്ക്ക് സന്നദ്ധത അറിയിച്ചു .

തിരുവനതപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നാല് പേരും സമ്മതം എഴുതി നൽകി .നാല് പേരോടും ഫോറൻസിക് ലാബിൽ നുണ പരിശോധനയ്ക്ക് ഹാജരാകാൻ കോടതി നിർദേശിച്ചു .സി ബി ഐ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ് .

നുണ പരിശോധനയ്ക്ക് വിധേയന്റെ സമ്മതം ആവശ്യമുണ്ടെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആണ് കോടതി നാല് പേരുടെയും സമ്മതം എഴുതി വാങ്ങിയത് .നുണ പരിശോധന ഫലം തെളിവായി ഉപയോഗിക്കാൻ പാടില്ല .എന്നാൽ അന്വേഷണത്തെ നേരായ പാതയിൽ മുന്നോട്ട് നയിക്കാൻ ഇത് ഉപയോഗിക്കാം .

ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി നൽകിയ പരാതിയിൽ ആണ് സി ബി ഐ അന്വേഷണം ആരംഭിച്ചത് .തിരുവനന്തപുരം സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല .ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും അപകടമരണമായി എഴുതിത്തള്ളിയ കേസ് ആണ് സിബിഐ ഏറ്റെടുത്തത് .

ബാലഭാസ്കറിന്റെ കൂടെ ഉള്ള ആളുകളിൽ ചിലർ സ്വർണക്കടത്ത് കേസിൽ കുടുങ്ങിയതോടെയാണ് അപകടത്തിലും സംശയമേറിയത് .പിന്നാലെ സ്വർണക്കടത്ത് കേസിലെ ചിലർക്ക് ബാലഭാസ്കറിന്റെ മരണത്തിൽ പങ്കുണ്ടെന്നു ആരോപിച്ച് കുടുംബവും രംഗത്ത് വന്നു .

2018 സെപ്തംബർ 25 നു പുലർച്ചെ ആണ് അപകടം ഉണ്ടായത് .തൃശ്ശൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ കഴക്കൂട്ടത്ത് വച്ച് ബാലഭാസ്കർ സന്ദർശിച്ച വാഹനം മരത്തിൽ ഇടിക്കുകയായിരുന്നു .ബാലഭാസ്‌കറും കുഞ്ഞും അപകടത്തിൽ മരിച്ചു .ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജുനും പരിക്കുകളോടെ രക്ഷപ്പെട്ടു .അപകടത്തിൽ ദുരൂഹത ഉണ്ടോ എന്നാണ് സി ബി ഐ അന്വേഷിക്കുന്നത് .

Back to top button
error: