NEWS

ലീഗ് എംഎൽഎ എം സി ഖമറുദീന്റെ ഫാഷൻ ഗോൾഡ് വെട്ടിച്ചത് 1.41 കോടിയുടെ നികുതി

നിക്ഷേപ തട്ടിപ്പിനെ തുടർന്ന് പൂട്ടിപ്പോയ ഫാഷൻ ഗോൾഡ് നികുതി വെട്ടിപ്പും നടത്തി .1 കോടി 41 ലക്ഷം രൂപയാണ് ജി എസ് ടി ഇനത്തിൽ ഫാഷൻ ഗോൾഡ് നികുതി ഇനത്തിൽ വെട്ടിച്ചത് .ചെറുവത്തൂരിലെ ന്യൂ ഫാഷൻ ഗോൾഡ്, കാസർകോട്ടെ ഖമർ ഫാഷൻ ഗോൾഡ് ജൂവലറികളിലായി കാസർകോട് എൻഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി കമ്മിഷണർ നടത്തിയ പരിശോധനയിലാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത് .

2019 ഏപ്രിലിനും നവംബറിനുമിടയിലാണ് ക്രമക്കേട് കണ്ടെത്തിയത് .നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇത്രയും തുക തിരിച്ചു പിടിക്കാൻ നടപടി എടുക്കുകയും ചെയ്തു .കണക്കിൽ പെടാത്ത സ്വർണവും വെള്ളിയും വില്പന നടത്തിയതിലൂടെയാണ് നികുതി വെട്ടിപ്പ് നടത്തിയത് .നികുതിയും പിഴയും പലിശയും ഉൾപ്പെടെ ഖമർ ഫാഷൻ ഗോൾഡ് 84,82,744 രൂപയും ന്യൂ ഫാഷൻ ഗോൾഡ് 57,03,087 രൂപയുമാണ് അടക്കേണ്ടിയിരുന്നത് .ഓഗസ്റ്റ് 30 ആയിരുന്നു നികുതി ഒടുക്കേണ്ടതിന്റെ അവസാന തിയ്യതി .കോവിഡ് പശ്ചാത്തലത്തിൽ ഇത് സെപ്തംബർ വരെ നീട്ടി .

മാനേജ്‌മെന്റിനെ കേൾക്കാൻ നികുതി വകുപ്പ് തയ്യാറായിരുന്നു .എന്നാൽ കുറ്റം അംഗീകരിച്ച് തുക അടക്കാൻ കൂടുതൽ സമയം ആവശ്യപ്പെടുക ആയിരുന്നു മാനേജ്‌മെന്റ് ചെയ്തത് .അവസാന തിയ്യതി കഴിഞ്ഞതിനാൽ നികുതിയുടെ 50 ശതമാനം കൂടി ചേർത്ത് തിരിച്ചടക്കേണ്ട തുക പുതുക്കി നിശ്ചയിക്കാൻ ഒരുങ്ങുകയാണ് നികുതി വകുപ്പ് .ഫാഷൻ ഗോൾഡിന് വീണ്ടും നോട്ടീസ് നല്കാൻ ആണ് തീരുമാനം .

ഒരു മാസം കൂടിയാണ് നികുതി ഒടുക്കലിന് സമയ പരിധി നൽകുക .പിന്നെയും ഒടുക്കിയില്ലെങ്കിൽ പിഴ നികുതിയുടെ 100 ശതമാനം ആയി ഉയരും .തിരിച്ചടവ് നടന്നില്ലെങ്കിൽ പിന്നീട് ജപ്തിയാണ് ഉണ്ടാവുക .

മഞ്ചേശ്വരം എം.എൽ.എ. എം.സി.ഖമറുദീൻ ചെയർമാനും ടി.കെ.പൂക്കോയ തങ്ങൾ മാനേജിങ് ഡയറക്ടറുമായാണ് ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന പേരിൽ ജൂവലറി രജിസ്റ്റർ ചെയ്തത് .2006 ൽ ആണ് കമ്പനി രജിസ്ട്രേഷൻ .

Back to top button
error: