LIFENEWS

ബാലഭാസ്കർ കേസിൽ കോടതി ഇടപെടൽ ,നുണ പരിശോധനയ്ക്ക് വിധേയരാകേണ്ട നാല് പേരും 16 നു ഹാജരാകണം

ബാലഭാസകറിന്റെ അപകടവുമായി ബന്ധപ്പെട്ട് നുണ പരിശോധനയ്ക്ക് വിധേയരാകേണ്ട നാല് പേരോടും 16 നു ഹാജരാകാൻ കോടതി നിർദേശം .തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇവർക്ക് സമൻസ് അയച്ചു .പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, അർജുൻ, സോബി എന്നിവർക്കാണ് സമൻസ് അയച്ചത്.

കോടതിയിൽ ഹാജരാകുന്ന ഇവരോട് നുണ പരിശോധനയ്ക്ക് തയ്യാറാണോ എന്ന് കോടതി ചോദിക്കും .ഇവരുടെ സമ്മതപത്രം എഴുതി വാങ്ങിയതിന് ശേഷമാകും സിബിഐ നടപടികളുമായി മുന്നോട്ട് പോകുക .

കേസിൽ ബാലഭാസ്കറിന്റെ അച്ഛൻ, ഭാര്യ എന്നിവരുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു .ബാലഭാസ്കറിന്റെ മാനേജർമാരായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവർ സ്വർണക്കടത്ത് കേസിൽ കുരുങ്ങിയതോടെ കേസിനു പുതിയ മാനം കൈവന്നു .

അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ആര് എന്നതിലും ആശയക്കുഴപ്പം ഉണ്ട് .താനല്ല വണ്ടി ഓടിച്ചിരുന്നത് എന്നാണ് ഡ്രൈവർ അർജുൻ പറയുന്നത് .എന്നാൽ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പറയുന്നത് അർജുൻ തന്നെയാണ് വണ്ടി ഓടിച്ചിരുന്നത് എന്നാണ് .അപകടത്തിന് തൊട്ടുമുമ്പ് ബാലഭാസ്കറിന്റെ കാർ ആക്രമിക്കപ്പെട്ടിരുന്നു എന്ന കലാഭവൻ സോബിയുടെ മൊഴിയും പരിശോധിക്കേണ്ടതുണ്ട് .ഈ പശ്ചാത്തലത്തിൽ ആണ് നാലുപേരുടെയും നുണ പരിശോധനയ്ക്ക് സി ബി ഐ തീരുമാനിച്ചത് .

2018 സെപ്റ്റംബർ 25 നു ആയിരുന്നു അപകടം .ദേശീയ പാതയിൽ സി ആർ പി എഫ് ക്യാമ്പിന് സമീപമാണ് അപകടം നടന്നത് .അപകടത്തിൽ ബാലഭാസ്കറും മകളും മരിച്ചു .പരുക്കുകളോടെ ലക്ഷ്മിയും ഡ്രൈവർ അർജുനും രക്ഷപ്പെട്ടു .

Back to top button
error: