NEWS

കൗമാരക്കാരുടെ ആത്മഹത്യ: സർക്കാർ സംവിധാനങ്ങളുടെ  ഇടപെടൽ പരിശോധിക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ 

തിരുവനന്തപുരം: കഴിഞ്ഞ ആറു മാസത്തിനിടയിൽ 140 കൗമാരക്കാർ നിസാര കാര്യങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ ആത്മഹത്യ തടയുന്നതിനുള്ള  സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

സാമൂഹിക നീതി വകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്. 

13 നും 18 നുമിടയിൽ പ്രായമുള്ള 140 കൗമാരക്കാരാണ്  2020 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ആത്മഹത്യ ചെയ്തതെന്ന് സന്നദ്ധസംഘടനയായ ദിശ നടത്തിയ പഠനത്തിൽ കണ്ടെത്തിയതായി മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു. 

കുടുംബ വഴക്ക്, പ്രണയനൈരാശ്യം, പരീക്ഷാ തോൽവി, മൊബൈൽ ഫോൺ, ബൈക്ക് തുടങ്ങിയവയാണ്  ആത്മഹത്യക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം കൗമാരക്കാർ ആത്മഹത്യ ചെയ്തത്. 22 പേർ. 20 പേർ ആത്മഹത്യ ചെയ്ത മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. കോട്ടയമാണ് പിന്നിൽ. 2 പേർ. 

കുട്ടികളുടെ സംരക്ഷണത്തിനായി  വില്ലേജ് ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ രൂപീകരിക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നെങ്കിലും അതിന്റെ പ്രവർത്തനം ഫലപ്രദമല്ലാത്തതു കാരണമാണ് ആത്മഹത്യകൾ വർധിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. 

Back to top button
error: