ശ്യാമണ്ണൻ ഒന്നോർക്കണം നിങ്ങളുടെ അനിയത്തിയേയും അമ്മയെയും പോലെ ഒരു പെണ്ണാണ് ഞാനും ,നൊമ്പരമായി അർച്ചനയുടെ കുറിപ്പ്

“ശ്യാമണ്ണൻ ഒന്നോർക്കണം നിങ്ങളുടെ അനിയത്തിയേയും അമ്മയെയും പോലെ ഒരു പെണ്ണാണ് ഞാനും ” 7 വർഷം പ്രണയിച്ചതിനു ശേഷം സ്ത്രീധനത്തുക പോരെന്നു പറഞ്ഞ് ഉപേക്ഷിച്ചു വേറെ വിവാഹം കഴിക്കാൻ പോയ ആറാട്ടുപുഴ സ്വദേശി ശ്യാംലാലിനു അർച്ചന എന്ന ഇരുപത്തിയൊന്നുകാരി അവസാനമായി എഴുതിയ കുറിപ്പാണു ഇത് .തന്റെ മനോവേദന അർച്ചന ആ വെള്ളക്കടലാസിൽ കുറിച്ച് വെച്ചിട്ടുണ്ട് .

“എല്ലാവരും എന്നോട് ക്ഷമിക്കണം .എന്റെ അച്ഛന്റെ ആഗ്രഹങ്ങൾ ഒന്നും നിറവേറ്റാൻ പറ്റിയില്ല .ആര്യ നന്നായി പഠിക്കണം ,ജോലി വാങ്ങണം .അച്ഛനെയും അമ്മയെയും നീ നോക്കണം .പഠിത്തത്തിൽ നീ ഒഴപ്പരുത് .എല്ലാവരും പറഞ്ഞു .ശ്യാമണ്ണനെ മറക്കാൻ എനിക്ക് പറ്റുന്നില്ല .ഇങ്ങനെ ജീവിക്കുന്നതും ജീവിക്കാത്തതും ഒരുപോലെയാ .ശ്യാമണ്ണൻ നന്നായി ജീവിക്ക് .അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നിറവേറ്റൂ .അവർക്ക് കൊടുത്ത വാക്ക് പാലിക്ക് .ഞാൻ മരിച്ചാലും നിങ്ങൾക്ക് കുഴപ്പം ഇല്ല എന്നറിയാം .ശ്യാമണ്ണൻ ഒന്ന് മനസിലാക്കണം .ഞാൻ നിങ്ങളുടെ അനിയത്തിയേയും അമ്മയെയും പോലെ ഒരു പെണ്ണാണ് .നിങ്ങൾ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ആയിരുന്നു .”കുറിപ്പിൽ അർച്ചന പറയുന്നു .

കാമുകന്റെ വഞ്ചനയെ കുറിച്ച് അർച്ചന തന്റെ സുഹൃത്തിനയച്ച ഓഡിയോ ക്ലിപ്പിലും പറയുന്നുണ്ട് .തകർച്ചയിൽ കര കയറാൻ അർച്ചന ശ്രമിച്ചിരുന്നു എന്നതും ശബ്ദരേഖയിൽ വ്യക്തമാണ് .

ഇരുപത്തി ഒന്ന് വയസേ അർച്ചനയ്ക്ക് ആയിട്ടുള്ളു. ബി എസ് സി അവസാന വർഷ നഴ്സിങ്‌ വിദ്യാർത്ഥിനി ആണ് അർച്ചന.

വിവാഹ വാഗ്ദാനം നൽകി പ്രണയിച്ചതിനു ശേഷം സ്ത്രീധനത്തുക കുറവാണെന്നു പറഞ്ഞ് കാമുകൻ ഒഴിവാക്കിയതോടെയാണ് അർച്ചന സ്വയം ജീവനൊടുക്കിയത്. കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

പെരുമ്പള്ളി മുരിക്കിൻ വീട്ടിൽ വിശ്വനാഥന്റെ മകളാണ് അർച്ചന. യുവാവിന്റെ വീട്ടിൽ മറ്റൊരു വിവാഹ നിശ്ചയം നടക്കുമ്പോൾ ആത്മഹത്യ ചെയ്യുകയാണെന്നു വാട്സ്ആപ്പിൽ സന്ദേശം അയച്ച് അർച്ചന ജീവൻ ഒടുക്കുക ആയിരുന്നു.

വെള്ളിയാഴ്ച്ച ആയിരുന്നു സംഭവം. ഇന്നലെ മൃതദേഹം സംസ്കരിച്ചതിനു ശേഷം ആണ് വിവരങ്ങൾ പുറത്ത് വരുന്നത്. പെൺകുട്ടി പ്രണയം സംബന്ധിച്ച് സുഹൃത്തിനോട് സംസാരിക്കുന്ന ഓഡിയോ സന്ദേശവും പുറത്ത് വന്നു.

സ്‌കൂളിൽ പഠിക്കുമ്പോൾ ആണ് അർച്ചന സ്‌കൂളിന് അടുത്തുള്ള യുവാവുമായി പ്രണയത്തിൽ ആകുന്നത്. പ്ലസ് ടു കഴിഞ്ഞപ്പോൾ യുവാവ് വിവാഹ അഭ്യർത്ഥനയുമായി അർച്ചനയുടെ വീട്ടിൽ എത്തിയിരുന്നു. പഠിപ്പിക്കണം എന്ന് പറഞ്ഞ് പിതാവ് യുവാവിനെ തിരിച്ചയച്ചു. ബി എസ് സി നഴ്സിങ്ങിന് അർച്ചന പഠിക്കുമ്പോഴും ഇരുവരും പ്രണയത്തിൽ ആയിരുന്നു. ഇതിനിടെ യുവാവ് ഗൾഫിൽ പോയി സാമ്പത്തികമായി ഉയർച്ച നേടി.

അർച്ചന വിവാഹകാര്യം പറഞ്ഞപ്പോൾ സ്ത്രീധനം എത്ര നൽകും എന്നായിരുന്നു യുവാവിന്റെ ചോദ്യം. 30 പവൻ സ്വർണം നൽകാമെന്നു നിർധന കുടുംബം അറിയിച്ചു. സ്ത്രീധന തുക കൂടുതൽ കിട്ടില്ലെന്ന്‌ മനസിലാക്കിയ യുവാവ് വിവാഹത്തിൽ നിന്നു പിന്മാറി.

യുവാവിന്റെ മാതാപിതാക്കൾ കൂടുതൽ സ്ത്രീധനത്തുകയ്ക്ക് ആവശ്യപ്പെട്ടതാണ് യുവാവ് വിവാഹത്തിൽ നിന്നു പിന്മാറാൻ കാരണം എന്ന് പറയുന്നു.യുവാവിന്റെ സഹോദരിയെ 100 പവനും കാറും കൊടുത്താണ് കെട്ടിച്ചയച്ചതത്രേ. അത്ര തന്നെ തനിക്കും വേണമെന്ന് യുവാവ് അറിയിച്ചതിനെ തുടർന്ന് അർച്ചന നിരാശയിൽ ആയി.

യുവാവ് മറ്റൊരു യുവതിയുമായി നിശ്ചയം നടത്താൻ തീരുമാനിച്ചു. ഈ ദിവസം തന്നെയാണ് അർച്ചന ജീവനൊടുക്കാൻ തെരഞ്ഞെടുത്തത്.

തന്റെ മരണസന്ദേശം വെള്ളിയാഴ്ച യുവാവിന് പെൺകുട്ടി വാട്സ്ആപ്പിൽ അയച്ചിരുന്നു. സന്ദേശം യുവാവ് കണ്ടെന്നു ഉറപ്പ് വരുത്തി ഡിലീറ്റ് ചെയ്തു. തുടർന്ന് പെൺകുട്ടി ഒതളങ്ങ എന്ന വിഷക്കായ തിന്നു. യുവാവ് സുഹൃത്തുമൊത്ത് സ്ഥലത്തെത്തിയപ്പോഴേക്കും പെൺകുട്ടി അവശ നിലയിൽ ആയിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഇതോടെ യുവാവ് മുങ്ങിയിരിക്കുകയാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version