NEWS

ജലീലിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം, രാജി ആവശ്യം; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

ന്ത്രി കെ ടി ജലീലിലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്. പല സ്ഥലങ്ങളിലും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് ലീഗ്, യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രകടനം നടത്തുന്നത്.

ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചു. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രക്ഷോഭ പരമ്പരയാണ് അരങ്ങേറിയത്. യുവമോര്‍ച്ചയുടെയും യൂത്ത് ലീഗിന്റെയും മാര്‍ച്ചിനു നേരെ ജലപീരങ്കി പ്രയോഗമുണ്ടായി. ബാരിക്കേഡിനു മുകളിലേക്കു കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെയാണു പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുമേല്‍ ഗ്രനേഡും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ചു. പ്രകടനത്തില്‍ 4 പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് ജലീലിനെതിരെ മുദ്രാവാക്യം മുഴക്കി.

കൊല്ലത്തും കോഴിക്കോട്ടും തൃശ്ശൂരും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസുകാരും പൊലീസും ഏറ്റുമുട്ടി. മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ കൊല്ലം കുണ്ടറയിലെ വീട്ടിലേക്ക് കോണ്‍ഗ്രസ് നടത്തിയ ലോങ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ ചിന്നക്കടയില്‍ നിന്നാരംഭിച്ച പ്രകടനം കടപ്പാക്കടയില്‍ പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത പ്രതിഷേധക്കാര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു.

കൊല്ലത്തു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. കോഴിക്കോട്ട് യൂത്ത് ലീഗ് നടത്തിയ കമ്മിഷണര്‍ ഓഫിസ് മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചും സംഘര്‍ഷമായി. പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സിവില്‍ സ്റ്റേഷനു മുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. പൊലീസ് വലയം ഭേദിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു.

തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നില്‍ മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോട്ടയത്ത് എംസി റോഡ് ഉപരോധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. തൊടുപുഴ ടൗണില്‍ സമരം ചെയ്ത യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. പത്ത് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. തൊടുപുഴ സിവില്‍ സ്റ്റേഷനു മുന്നില്‍നിന്ന് ഗാന്ധി സ്‌ക്വയര്‍ വരെയായിരുന്നു പ്രതിഷേധ പ്രകടനം. പത്തു മിനിറ്റോളം തൊടുപുഴ റോഡ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തതോടെയാണ് ജലീല്‍ രാജി വെയ്ക്കണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തിയത്.

ഏതു അന്വേഷണത്തെയും നേരിടുമെന്ന് പരസ്യമായി പലവട്ടം പറഞ്ഞിരുന്ന കെ.ടി.ജലീല്‍ രഹസ്യമായി ചോദ്യം ചെയ്യലിന് ഹാജരായതോടെ സര്‍ക്കാര്‍ വെട്ടിലാവുകയായിരുന്നു. സംസ്ഥാനചരിത്രത്തില്‍ ഒരുമന്ത്രിയേയും കേന്ദ്രഏജന്‍സി ചോദ്യംചെയ്തിട്ടില്ലെന്ന പറഞ്ഞ പ്രതിപക്ഷം തുടര്‍ച്ചയായി ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്ന മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവന്നാരോപിക്കുകയാണ്. മുഖ്യമന്ത്രിയുടെ രാജിയും മന്ത്രിയുടെ പുറത്താക്കലുമാണ് അനിവാര്യമാണെന്ന ബിജെപി ആവശ്യപ്പെട്ടു. ശിവശങ്കറിനെപോലെ ജലീലിനെയും മാറ്റണമന്നാണവശ്യം.

നിലവില്‍ ചോദ്യംചെയ്യലിന്റെ പേരില്‍ മന്ത്രി രാജിവെക്കേണ്ട കാര്യമില്ലെന്നാണ് സി.പി.എമ്മിന്റെ നിലപാട്. കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍മാത്രം രാജി മതിയെന്നാണ് പാര്‍ട്ടി നയം.മൊഴിയുടെ വിശദാംശങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് സര്‍ക്കാര്‍. ജലീലിനെ മാറ്റി നിര്‍ത്തണമെന്ന ആവശ്യം സജീവമാകുമ്പോള്‍ മുഖ്യമന്ത്രി എടുക്കുന്ന നിലപാടാകും നിര്‍ണായകമാവുക.

Back to top button
error: