NEWS

അമിത് ഷാ കൈപിടിച്ചുയർത്തിയ തീപ്പൊരി പ്രാസംഗിക ,പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കേരളത്തിൽ ഏറ്റവുമധികം വോട്ട് നേടിക്കൊടുത്ത സംഘാടക ,ശോഭ സുരേന്ദ്രൻ ഇപ്പോൾ എവിടെയാണ് ?

പ്രസംഗങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും ബിജെപിയുടെ മുഖമായി മാറിയ ശോഭാ സുരേന്ദ്രൻ ഇപ്പോൾ എവിടെയാണെന്ന് അന്വേഷിക്കുകയാണ് മാധ്യമ ലോകം .ആറു മാസം മുമ്പ് വരെ ബിജെപി സംസ്ഥാന രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന ശോഭ സുരേന്ദ്രൻ ഇപ്പോൾ എവിടെയാണ് ?

ബിജെപി നാഷണൽ എക്സിക്യൂട്ടീവ് അംഗമാണ് ശോഭ സുരേന്ദ്രൻ. അത് മാത്രമല്ല മെമ്പർഷിപ് ഡ്രൈവിന്റെ ഭാഗമായി അമിത് ഷാ തന്നെ നേരിട്ട് അഞ്ച് അംഗ സമിതിയിൾ ഉൾപ്പെടുത്തിയ ദക്ഷണേന്ത്യൻ നേതാവാണ് ശോഭ .കമ്മിറ്റിയുടെ കൺവീനർ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കോ കൺവീനർ ശോഭ സുരേന്ദ്രനുമാണ് .ദക്ഷിണേന്ത്യയുടെ ആകെ ചുമതലയാണ് ശോഭയ്ക്കുള്ളത് .

എന്നാൽ കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷൻ ആയപ്പോൾ ചിത്രം മാറി.10 പേരടങ്ങുന്ന ജംബോ വൈസ് പ്രസിഡണ്ട് പട്ടികയിൽ ഒരാളായി ശോഭ സുരേന്ദ്രൻ .സാധാരണ നാലിൽ കൂടുതൽ വൈസ് പ്രസിഡന്റുമാർ ഉണ്ടാകാറില്ല .അതായത് 2020 ൽ 2014 ലെ സ്ഥാനത്തേക്ക് ശോഭ തരം താഴ്ത്തപ്പെട്ടു എന്നർത്ഥം .മാത്രമല്ല ബിജെപി കോർ കമ്മിറ്റിയിൽ നിന്ന് വരെ ഒഴിവാക്കപ്പെട്ടു .

ശോഭ സുരേന്ദ്രൻ ദേശീയ പദവിയിലേക്ക് ഇനിയും ഉയരാതിരിക്കാൻ ആണ് ഈ കടുംവെട്ട് എന്നാണ് ശോഭയോട് അടുപ്പമുള്ളവർ പറയുന്നത് .എ പി അബ്‌ദുള്ളക്കുട്ടി ഇരിക്കുന്ന പോസ്റ്റിലാണ് ബിജെപിയിൽ ഇപ്പോൾ ശോഭ ഉള്ളത് .

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി ശോഭ ഉണ്ടാക്കിയ നേട്ടം ചെറുതല്ല എന്നതാണ് വാസ്തവം .ആറ്റിങ്ങൽ മണ്ഡലത്തിൽ 90,000 വോട്ടിൽ നിന്ന് ബിജെപി കുതിച്ചത് 2,48,650 വോട്ടിലേക്കാണ് .അതായത് കെ സുരേന്ദ്രനും സുരേഷ് ഗോപിയ്ക്കും അടക്കം കൈയ്യെത്തിപ്പിടിക്കാനാവാത്ത നേട്ടം .സിപിഐഎം സ്ഥാനാർഥി എ സമ്പത്തിന്റെ തോൽവിയ്ക്ക് ഇത് കാരണമാകുകയും ചെയ്തു .

സംസ്ഥാന ബിജെപി രാഷ്ട്രീയത്തിൽ ശോഭ ഇപ്പോൾ ഇടപെടുന്നില്ല എന്നതാണ് ശോഭയുടെ സോഷ്യൽ മീഡിയ ഉപയോഗം അടക്കം നോക്കിയാൽ മനസിലാകുന്നത് .സംസ്ഥാന ബിജെപി പ്രഖ്യാപിക്കുന്ന ഒരു സമര അറിയിപ്പോ മറ്റു കാര്യങ്ങളോ ശോഭയുടെ ഫേസ്ബുക്കിൽ വാളിൽ പോലും കാണാൻ ആകുന്നില്ല .ബിജെപിയുടെ സംസ്ഥാന നേതാക്കളുമായി ശോഭ സുരേന്ദ്രൻ പൂർണമായി അകന്നു കഴിഞ്ഞു എന്ന് സൂചിപ്പിക്കുന്നതാണ് ശോഭ സുരേന്ദ്രന്റെ ആറു മാസത്തിലേറെ ആയുള്ള മൗനം .

Back to top button
error: