NEWS

എൽ ഡി എഫ് ഔദ്യോഗിക പ്രവേശനത്തിന് മുമ്പേ കോൺഗ്രസിനെ കടന്നാക്രമിച്ച് ജോസ് കെ മാണി വിഭാഗം നേതാവ്

ജോസ് കെ മാണി വിഭാഗത്തിന്റെ എൽ ഡി എഫ് പ്രവേശനം ഉറപ്പിച്ചു കൊണ്ട് കോൺഗ്രസിനെ കടന്നാക്രമിച്ച് കേരള കോൺഗ്രസ്‌ ജോസ് കെ മാണി വിഭാഗം നേതാവ്. കേരള കോൺഗ്രസ്‌ എം വയനാട് ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യയാണ് കോൺഗ്രസിനെ കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുന്നത്. കത്തെഴുതിയും കത്തിയേറു നടത്തിയും കേന്ദ്രത്തില്‍ കാലിടറി നില്‍ക്കുന്ന കോണ്‍ഗ്രസ് അധികാരക്കൊതി മൂത്ത് കേരള സര്‍ക്കാരിനെതിരായി വിവാദങ്ങള്‍ സൃഷ്ട്ടിച്ചു സമരകോലാഹലങ്ങളുണ്ടാക്കുകയാണെന്ന്
കെ ജെ ദേവസ്യ ആരോപിച്ചു. കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്ത്  കൊണ്ടാണ് ദേവസ്യ കോൺഗ്രസിനെതിരെ അതിനിശിത വിമർശനം ഉന്നയിച്ചത്.

കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും ഒരേ സ്വരത്തിലാണ് ശബ്ദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇടതുമുന്നണി ഭരണം കേരളത്തില്‍ മാത്രമേയുള്ളൂ. എന്നാല്‍ ആ ഇടതുമുന്നണിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കാന്‍ ഗൂഢാലോചനകളും ആരോപണങ്ങളുമായി രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഓടിനടക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ബംഗാൾ കോൺഗ്രസ്‌ പ്രസിഡന്റ് അധിര്‍ രഞ്ജന്‍ ചൗധരി അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്നും കെ ജെ ദേവസ്യ പറഞ്ഞു.

രാഹുൽ ഗാന്ധി ചുമതലകളിൽ നിന്ന് ഒളിച്ചോടുകയാണ്. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് ഇനി രക്ഷയില്ല, ഭൂരിഭാഗം സംസ്ഥാനങ്ങളിലും അവര്‍ തകര്‍ന്നടിഞ്ഞു കഴിഞ്ഞുവെന്നും ദേവസ്യ വ്യക്തമാക്കി. മതന്യൂനപക്ഷങ്ങളുടെ കൂടെ എപ്പോഴും  ഇടത്പക്ഷങ്ങളാണ് ചേര്‍ന്ന് നിന്നിട്ടുള്ളത്. ദേശീയ പൗരത്വ ഭേദഗതി നിയമം പോലുള്ള നിയമങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കില്ല എന്ന്  ഇന്ത്യയില്‍ ആദ്യം പ്രഖ്യാപിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ദേവസ്യ ചൂണ്ടിക്കാട്ടി.

Back to top button
error: