NEWS

ഖമററുദ്ദീന് മുമ്പില്‍ വാതില്‍ കൊട്ടിയടച്ച് പാണക്കാട് തങ്ങള്‍; ലീഗില്‍ സംഘര്‍ഷം

മലപ്പുറം: മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നടത്താനിരുന്ന കൂടിക്കാഴ്ച ഉപേക്ഷിച്ചു. തത്കാലം ഖമറുദ്ദീനോട് പാണക്കാട്ടേക്ക് വരേണ്ട എന്ന നിര്‍ദേശം നല്‍കിയെന്നാണ് സൂചനകള്‍. രാവിലെ 10 മണിക്കൂള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് ശേഷമാക്കി മാറ്റിയിരുന്നു. ഒടുവില്‍ കൂടിക്കാഴ്ച തന്നെ ഉപേക്ഷിക്കുകയായിരുന്നു.

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ എം സി ഖമറുദ്ദീന്‍ എംഎല്‍എ നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട്. നിരവധി പരാതികളാണ് ഇദ്ദേഹത്തിനെതിരായ ഉയര്‍ന്നത്. മാത്രമല്ല പരാതി നല്‍കിയവരില്‍ ഭൂരിഭാഗവും മുസ്ലീം ലീഗ് അനുഭാവികളോ പ്രവര്‍ത്തകരോ ആണെന്നതും കേസിന്റെ പ്രത്യേകതയാണ്. ഈ സാഹചര്യത്തിലാണ് എംഎല്‍എയെ പാണക്കാട്ടേക്ക് വിളിപ്പിച്ചത്. പാണക്കാട്ടെത്തി കൃത്യമായ വിശദീകരണം നല്‍കാനായിരുന്നു എം സി ഖമറുദ്ദീനോട് മുസ്ലീം ലീഗ് നേതൃത്വം ആവശ്യപ്പെട്ടത്.

എന്നാല്‍ ഖമറുദ്ദീനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമായ പ്രവര്‍ത്തകര്‍ കാസര്‍കോട് നിന്ന് മലപ്പുറത്തെത്തിയിട്ടുണ്ട്. ഇവരില്‍ പലരും കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഖമറുദ്ദീനുമായുള്ള കൂടിക്കാഴ്ച മാറ്റിവെക്കാനിടയാക്കിയത്.

നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കമറുദ്ദീന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. രേഖകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. അതേസമയം, താന്‍ തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഉപജീവനമാര്‍ഗത്തിനായി ചേര്‍ന്ന ഫാഷന്‍ ഗോള്‍ഡ് ജുവലറി ബിസിനസ് സംരംഭം തകര്‍ന്നതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നുമായിരുന്നു കമറുദ്ദീന്റെ വിശദീകരണം. സിപിഎം ഉള്‍പ്പടെയുള്ള നേതാക്കളെ മധ്യസ്ഥരാക്കി നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ താന്‍ തയ്യാറാണെന്നും കമറുദ്ദീന്‍ പറഞ്ഞിരുന്നു. പൂക്കോയ തങ്ങളുടെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു.

കമറുദ്ദീനെതിരെ നേരത്തെ വണ്ടിച്ചെക്ക് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിക്ഷേപ തട്ടിപ്പ് കേസിനു പിന്നാലെയാണ് എംഎല്‍എ വണ്ടിച്ചെക്ക് കേസിലും ആരോപണവിധേയനായത്. കമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡില്‍ 70 ലക്ഷം രൂപ നിക്ഷേപിച്ച രണ്ട് പേര്‍ക്ക് വണ്ടിചെക്ക് നല്‍കിയ കേസില്‍ കോടതി സമന്‍സ് അയച്ചിട്ടുണ്ട്. കള്ളാര്‍ സ്വദേശികളായ സഹോദരന്മാരുടെ പരാതിയിലാണ് കേസ്. വഞ്ചനാക്കുറ്റത്തിനും കമറുദ്ദീനെതിരെ കേസെടുത്തിട്ടുണ്ട്. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഖമറുദ്ദീനെതിരെ പൊലീസ് കേസെടുത്തത്. മൂന്ന് പേരില്‍ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്. എണ്ണൂറോളം പേരില്‍നിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് സൂചന. ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചവര്‍ നല്‍കിയ പരാതിയിലാണ് എംഎല്‍എയ്ക്കെതിരെ കേസെടുത്തത്.

Back to top button
error: