NEWS

സര്‍ക്കാരിന് തിരിച്ചടി, ഇലക്ഷന്‍ മതിയായ കാരണങ്ങളില്ലാതെ നീക്കിവെക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: സര്‍ക്കാരിന് തിരിച്ചടി. ഇലക്ഷന്‍ മതിയായ കാരണങ്ങളില്ലാതെ നീക്കിവെക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളില്‍ നിലവില്‍ ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ മതിയായ കാരണങ്ങള്‍ അല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെടുന്ന എംഎല്‍മാര്‍ക്ക് പ്രവര്‍ത്തന കാലാവധി ആറ് മാസം മാത്രമാണെന്നത് തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള മതിയായ കാരണമല്ലെന്നും നിയമപ്രകാരം സീറ്റ് ഒഴിവുവരുന്ന കാലാവധി മുതല്‍ പ്രവര്‍ത്തനത്തിന് ഒരു കൊല്ലം വരെ സമയം ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടമെന്നും അത് പാലിക്കണെന്നും കമ്മീഷന്‍ പറഞ്ഞു.

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ മാത്രം ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം സ്വീകരിക്കാനാവില്ല. എല്ലാ പാര്‍ട്ടികളും ഇതേ ആവശ്യം മുന്നോട്ടുവെച്ചാല്‍ അത് പരിശോധിക്കും.

സംസ്ഥാനത്തിന്റെ നിയമസഭയ്ക്ക് ഇനി ആറുമാസത്തെ കാലാവധിയേയുളളൂ. അതിനാല്‍ വിജയിച്ചുവരുന്ന എംഎല്‍എമാര്‍ക്ക് അടുത്ത പൊതുതിരഞ്ഞെടുപ്പിനുളള പൊതുപെരുമാറ്റച്ചട്ടം അടക്കമുളളവ നിലവില്‍ വരുന്ന ഏപ്രില്‍ മാസത്തിന് തൊട്ടുമുമ്പുവരെ മാത്രമേ പ്രവര്‍ത്തന കാലാവധി ഉണ്ടാവുകയുളളൂ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചുവേണം തിരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് ഒഴിവാക്കാം എന്ന നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ഈ നിലപാടിന് തിരിച്ചടിയേല്‍ക്കുന്നതായിരുന്നു ഇലക്ഷന്‍ കമ്മീഷന്റെ ഈ നിര്‍ദേശം.

വിഷയത്തില്‍ പ്രതിപക്ഷം യോജിക്കുന്നില്ല. കോവിഡ് വ്യാപനം തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുമുണ്ടാകും. അങ്ങനെയെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കുകയും ചെയ്യാം എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

അതേസമയം, ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ സര്‍ക്കാരിന് അഗ്‌നി പരീക്ഷയാകും. സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തേണ്ടത് അഭിമാന പ്രശ്‌നം എന്നതിലുപരി പൊതു തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനും ജയം അനിവാര്യമാണ്. വിവാദ പരമ്പരകളെ അതിജീവിച്ചു വേണം സര്‍ക്കാരിനും ഇടതു മുന്നണിക്കും തെരഞ്ഞെടുപ്പിന് തയാറെടുക്കാന്‍.

ഉപതെരഞ്ഞെടുപ്പുകള്‍ എന്നും ഭരണ മുന്നണിക്ക് വലിയ വെല്ലുവിളിയാണ്. സിറ്റിംഗ് സീറ്റുകള്‍ കൂടിയാകുമ്പോള്‍ ആ വെല്ലുവിളി വലുതാകും. പ്രത്യേകിച്ചും പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തറ പറ്റിയ ഇടതുമുന്നണിക്കും സര്‍ക്കാരിനും വലിയ ആത്മവിശ്വാസം നല്‍കിയത് പാലായിലേയും വട്ടിയൂര്‍ക്കാവിലേയും അട്ടിമറി വിജയങ്ങളായിരുന്നു. തുടര്‍ഭരണം എന്ന മോഹത്തിന് പോലും അടിത്തറയിട്ടതും ഇതു തന്നെയായിരുന്നു.

എന്നാല്‍ അന്നത്തെ സാഹചര്യമല്ല ഇപ്പോള്‍ കേരളത്തില്‍. കോവിഡ് പ്രതിരോധത്തിലൂടെയുണ്ടായ മേല്‍ക്കൈ പോലും വിവാദങ്ങളില്‍പ്പെട്ട് നഷ്ടമായി. ദിവസേന എന്നവണ്ണം പുതിയ പുതിയ വിവാദങ്ങളില്‍ പെടുകയാണ് സര്‍ക്കാരും മുന്നണിയും. സ്വര്‍ണക്കടത്ത് വിവാദം വലിയ ഭീഷണിയായി നിലനില്‍ക്കുന്നു. അതിനു പുറമേയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരേയുള്ള ആരോപണങ്ങള്‍.

വിവാദങ്ങളെ വികസന നേട്ടങ്ങളും ക്ഷേമ പദ്ധതികളും കൊണ്ട് മറികടക്കാമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. കുട്ടനാടും ചവറയും ഇടതുമുന്നണിക്ക് രാഷ്ട്രീയ അപ്രമാദിത്യമുള്ള മണ്ഡലങ്ങളുമല്ല. പ്രത്യേക സാഹചര്യങ്ങളിലും കടുത്ത പോരാട്ടത്തിലൂടേയും ഇടതു മുന്നണി ഒപ്പം നിര്‍ത്തിയതാണ് രണ്ടു മണ്ഡലങ്ങളും. എന്‍സിപിക്ക് നല്‍കിയ കുട്ടനാട് സീറ്റില്‍ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ.തോമസ് സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. ചവറയില്‍ വിജയന്‍ പിള്ളയുടെ പകരക്കാരനെ കണ്ടെത്തണം. സി പി എം തന്നെയാകും ഇവിടെ മത്സരിക്കുക.

Back to top button
error: