NEWS

പന്തീരാങ്കാവ് യു.എ.പി.എ കേസ്‌; അലനും താഹയ്ക്കും ജാമ്യം

കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ. കേസിലെ പ്രതികളായ അലനും താഹയ്ക്കും ജാമ്യം. കൊച്ചിയിലെ എന്‍.ഐ.എ. കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് മാതാപിതാക്കളില്‍ ആരുടെയെങ്കിലും ജാമ്യം, പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്. എന്‍.ഐ.എ. കസ്റ്റഡിയില്‍ പത്ത് മാസത്തിനു ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിക്കുന്നത്.

പത്ത് മാസമായി എന്‍.ഐ.എ. കസ്റ്റഡിയില്‍ കഴിയുകയാണ് ഇരുവരും. മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല, ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും കസ്റ്റഡിയില്‍ തുടരുന്നു തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം വക്കീല്‍ മുന്നോട്ടുവെച്ചത്. ഇവ അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.

2019 നവംബർ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ മാവോയിസ്റ്റ് ലഘുലേഖയും ബാനറും കണ്ടെത്തിയതിനെ തുടർന്ന് അലനേയും താഹയേയും പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു.

Back to top button
error: