TRENDING

മമ്മുക്കയും കായലും പിന്നെ ഞങ്ങളുടെ പ്രാണനും, ജീവൻ അപകടത്തിലായ ഒരു സംഭവ കഥ പറയുന്നു “ചമയങ്ങളില്ലാതെ” എന്ന മമ്മൂട്ടിയുടെ ആത്മകഥയുടെ കോറൈറ്റർ പി ഒ മോഹൻ -വീഡിയോ

മമ്മൂക്കയോടൊപ്പമുളള പഴയൊരു യാത്രയുടെ കഥയാണ്………….

തിരുവനന്തപുരത്ത് നിന്നും ചെമ്പിലേക്ക്. 1990 ഓഗസ്റ്റ് 4 ശനിയാഴ്ചയായിരുന്നു അന്ന്.
സന്ധ്യയ്ക്ക് ആറുമണിക്കാണ് ഞങ്ങള്‍ പുറപ്പെട്ടത്.

പിറ്റേന്ന് സക്കറിയയുടെ നിക്കാഹാണ്. മമ്മൂക്കയുടെ അനുജന്റെ…
‘നയം വ്യക്തമാക്കുന്നു’ സിനിമയുടെ ലൊക്കേഷനില്‍ നിന്നായിരുന്നു യാത്ര. വണ്ടികോണ്ടസ ക്ലാസിക്കാണ്.
ഡ്രൈവ് ചെയ്യുന്നത് പതിവുപോലെ മമ്മൂക്ക തന്നെ.
സാക്ഷാല്‍ മമ്മൂട്ടി…!

കോ ഡ്രൈവിംഗ് സീറ്റില്‍ ഞാനുണ്ട്. പിൻ സീറ്റിലാണ് ഡ്രൈവര്‍ സോമന്‍.
തിരുവനന്തപുരം മുതല്‍ കൊല്ലം വരെ എന്റെ ഭാര്യ സൈനവും ഒന്നരമാസം പ്രായമുളള മൂത്തമകന്‍ വിഷ്ണുവുമുണ്ടായിരുന്നു കാറില്‍.
കൊല്ലത്ത് അവരെ ഇറക്കി.

ചിന്നക്കടയിലെ തട്ടുകടയില്‍ നിന്ന് ഭക്ഷണവും കഴിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.
കുശലങ്ങള്‍ പറഞ്ഞും ‘ചമയങ്ങളില്ലാതെ’ക്കു വേണ്ടിയുള്ള ഓര്‍മകള്‍ പങ്കുവെച്ചുമാണ് യാത്ര.
ദേശിയപാതയാണ്. ശരവേഗത്തില്‍ കാര്‍ പായുന്നു.

കായംങ്കുളവും ആലപ്പുഴയും പിന്നിട്ട് വണ്ടി തണ്ണീര്‍മുക്കത്ത് എത്തി. ബണ്ട് റോഡിലൂടെ കാര്‍ കുതിക്കുകയാണ്. അര്‍ദ്ധരാത്രി…കണ്ണില്‍ കുത്തിയാലറിയാത്ത ഇരുട്ട്. തണ്ണീര്‍മുക്കം ബണ്ടിലെ ഒറ്റപ്പെട്ട വഴിവിളക്കുകളുടെ വിളറിയ പ്രകാശം മാത്രം.
ബണ്ട് റോഡിലേക്ക് കടന്ന് വലതുഭാഗത്തെ ആദ്യ വളവ് പിന്നിട്ടാണ് വെച്ചൂരിലേക്കുളള പോകുക.

പക്ഷേ കാർ ഇടതുഭാഗത്തേക്ക് കുതിച്ചു കയറി. വേമ്പനാട്ടുകായലാണ് മുന്നില്‍.മതില്‍ക്കെട്ടുകളൊന്നുമില്ല.അടുത്ത സെക്കന്റില്‍ കാര്‍ അഗാധമായ കായലിലേക്ക് പതിക്കുന്നു. പക്ഷേ ആ സെക്കന്റില്‍ മമ്മൂക്കയുടെ കാല്‍ ബ്രേക്കിൽ ശക്തിയോടെ അവർന്നു.

ഇമ പൂട്ടാനുളള ഇടവേള. മുന്‍ഭാഗം കായലിലും പിന്‍ഭാഗം കരയിലുമായി കാര്‍ അലറി വിറച്ചുകൊണ്ടുനില്‍ക്കുന്നു. ബ്രേക്കില്‍ നിന്നു. കാലെടുത്താല്‍ കാര്‍ കായലിന്റെ അഗാധതയിലേക്ക് പതിക്കും. റിവേഴ്‌സെടുക്കാനും പറ്റില്ല. ഞെട്ടി വിറച്ചുകൊണ്ട് ഞാന്‍ ഡ്രൈവിംഗ് സീറ്റിലേക്ക് നോക്കി. ആത്മധൈര്യം കൈവിടാതെ ഇരിക്കുകയാണ് മമ്മൂക്ക…!

തൊട്ടടുത്ത് ഒരു പോലീസ് എയ്ഡ് പോസ്റ്റുണ്ട്. അവിടെ നിന്ന് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ ഉള്‍പ്പെടെ മൂന്നോ നാലോ പേര്‍ ബഹളം കേട്ട് ഓടി എത്തി. അവരുടെ സഹായത്തോടെ കാര്‍ റോഡിലേക്ക് തളളി കയറ്റി.

സഹായിക്കാനെത്തിയവര്‍ അല്‍പ്പം ലഹരിയിലായിരുന്നതുകൊണ്ട് വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയുന്നുണ്ട്. അപ്പോഴാണ് ഡ്രൈവിംഗ് സീറ്റില്‍ നിന്നും മമ്മൂട്ടി ഇറങ്ങിയത്.

ആളെ തിരിച്ചറിഞ്ഞതോടെ ഈ നാലുപേരുടെയും ഭാവം മാറി. ആരാധനയായി…കുശലങ്ങളായി.
മമ്മൂക്കയുടെ ഡ്രൈവിംഗിലെ വൈദഗ്ധ്യം കൊണ്ടാണ് ആ വലിയ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് ഞങ്ങൾ രക്ഷപ്പെട്ടത്.
വിറയലോടെ ഞാനും കാറില്‍ നിന്നിറങ്ങി. പോലീസുകാരോടു നന്ദി പറഞ്ഞ് വീണ്ടും യാത്ര തുടര്‍ന്നു. കുറച്ചു ദൂരം ചെന്നപ്പോള്‍ വഴിയോരത്ത് വെച്ചൂര്‍ പത്മനാഭ തീയേറ്റര്‍.
ഞാന്‍ അവിടെ ഇറങ്ങി. മമ്മൂക്ക വൈക്കം വഴി ചെമ്പിലേയ്ക്ക്…

പുലരാന്‍ പോകുന്ന പ്രഭാതം സക്കറിയായുടെ വിവാഹദിവസമാണ്.

Back to top button
error: