NEWS

ത്രിപുരയിൽ ബിജെപി നടപ്പാക്കിയത് കേരളത്തിൽ നടപ്പാക്കാൻ സിപിഐഎം, ലക്ഷ്യം മൂന്ന് തെരഞ്ഞെടുപ്പുകൾ

തെരഞ്ഞെടുപ്പ് വിജയത്തിനായി ത്രിപുര ബിജെപി മോഡൽ കടമെടുക്കാൻ സിപിഐഎം. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഈ തന്ത്രം സിപിഐഎം പയറ്റും.

തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പ്രവർത്തകരെ ഫീൽഡിൽ മുഴുവൻ സമയവും സജ്ജരാക്കാൻ ആണ് സിപിഐഎം നീക്കം. മുഴുവൻ സമയ പ്രവർത്തകരെ ഡിജിറ്റൽ സങ്കേതങ്ങളുമായി കൂട്ടിയിണക്കി ആണ് ത്രിപുരയിൽ ബിജെപി സിപിഎമ്മിനെ മലർത്തിയടിച്ചത്. ഈ മാതൃകയാണ് സിപിഐഎം പയറ്റുക.

10 വീടിന് ഒരു പൂർണ സമയം പ്രവർത്തകൻ. ഇയാൾ ഓരോ വീട്ടിലെയും വോട്ട് സംബന്ധിച്ച കാര്യങ്ങൾ നോക്കണം. വോട്ട് ചേർക്കണം, പട്ടികയിൽ ഉണ്ടോ എന്ന് ഉറപ്പ് വരുത്തണം, തെരഞ്ഞെടുപ്പ് ദിനം വോട്ടർമാരെ ബൂത്തിലെത്തിക്കണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഇവർ നടത്തേണ്ടത് ഉണ്ട്.

ചിട്ടയായി പ്രവർത്തിക്കാൻ ആണ് നിർദേശം. ഓണത്തിന് മുമ്പേ ഈ പ്രവർത്തനങ്ങൾക്ക് സിപിഐഎം തുടക്കം കുറിച്ചിരുന്നു. ഓണത്തിന് ശേഷം അത് പൂർണ സജ്ജമായി.

20 വീടുകൾക്ക് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് നിർദേശിച്ചിരിക്കുന്നത്. ഇതിൽ പ്രവർത്തകർ മാത്രമല്ല അനുഭാവികളും ഉണ്ടാകും. ഈ ഗ്രൂപ്പിലൂടെ ആണ് പ്രചാരണം നിർവഹിക്കുക. പൊതുവിഷയങ്ങൾ, സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ, വാർഡ് അംഗം എൽ ഡി എഫ് ആണെങ്കിൽ വാർഡ് കൈവരിച്ച നേട്ടങ്ങൾ, എതിർപക്ഷമാണെങ്കിൽ വാർഡിലെ വികസന പ്രശ്നങ്ങൾ തുടങ്ങിയവ ഒക്കെ ഈ ഗ്രൂപുകളിൽ ചർച്ചാ വിഷയമാകും.

ചർച്ചകളിൽ അടിമ -ഉടമ മനോഭാവം ഉപേക്ഷിക്കണം എന്ന് കർശന നിർദേശം ഉണ്ട്. ഓരോ വാർഡിലും നവമാധ്യമ പ്രചാരണത്തിന് ഒരാളെ പാർട്ടി ചുമതലപ്പെടുത്തും.

സ്ഥാനാർത്ഥി നിർണയത്തിൽ ജനസമ്മിതി പ്രധാന ഘടകം ആക്കും. യുവാക്കൾക്ക് പ്രാമുഖ്യം നൽകും. ഇത്തരം ആളുകളുടെ പട്ടിക തന്നെ തയ്യാറാക്കും.

വോട്ടർ പട്ടികയിൽ പരാവധി ആളുകളെ ചേർക്കുന്നതിൽ ആയിരുന്നു പോയ വാരങ്ങളിലെ പ്രവർത്തകരുടെ തിരക്ക്. പുതിയ വോട്ടർമാരാകും നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രധാന ആസ്തി എന്ന തിരിച്ചറിവിൽ ആണ് പാർട്ടി സ്‌ക്വാഡുകളുടെ പ്രവർത്തനം.

Back to top button
error: