NEWS

ബിനീഷ് കോടിയേരിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ്

കോഴിക്കോട്: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് രംഗത്ത്.

ബിനീഷിന്റെ മണി എക്‌സ്‌ചേഞ്ച് കമ്പനിയെപ്പറ്റി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നും ലഹരിമരുന്ന് ഇടപാടിലെ പണം മാറ്റിയെടുക്കാനാണ് കമ്പനിയെന്ന് സംശയമുണ്ടെന്നും ഫിറോസ് പറഞ്ഞു.

കേസ് അട്ടിമറിക്കാന്‍ ബിജെപിയുടെ സഹായമുളളതിനാലാണ് കേരളത്തില്‍ അന്വേഷിക്കാത്തതെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

മണി എക്‌സ്‌ചേഞ്ച് കമ്പനി ആരംഭിക്കാന്‍ ലൈസന്‍സ് എളുപ്പത്തില്‍ ലഭിക്കില്ല. എന്നാല്‍ 2015ല്‍ ബിജെപി അധികാരത്തിലിരിക്കുമ്പോഴാണ് ബിനീഷിന് ലൈസന്‍സ് ലഭിച്ചത്. ഒരു സിപിഎം നേതാവിന്റെ മകന് ഇത്തരത്തില്‍ ലൈസന്‍സ് ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണം. കമ്പനിയില്‍ എന്താണ് ഇടപാടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

അതേസമയം, തിരുവനന്തപുരത്ത് 2018ല്‍ ആരംഭിച്ച യുഎഫ്എക്‌സ് സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ മൂന്ന് ഡയറക്ടര്‍മാരിലൊരാള്‍ ബിനീഷ് കോടിയേരിയുടെ ബെനാമിയാണെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയും യുഎഇ കോണ്‍സുലേറ്റുമായുള്ള ഇടപാടിലും ബിനീഷ് ഇടനിലക്കാരനാണെന്നും ഫിറോസ് ആരോപിച്ചു.

സ്വപ്ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ പരാതിയില്‍ പറയുന്ന കമ്പനിയാണ് യുഎഫ്എക്‌സ് സൊല്യൂഷന്‍സ്. ഈ കമ്പനി ഒറ്റത്തവണ പോലും വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.

അതേസമയം, മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട് ബിനീഷിന്റെ വാദങ്ങള്‍ഒന്നൊന്നായി പൊളിയുകയാണ്. ബിനീഷ് കോടിയേരിയുടെ സഹായത്തോടെയാണ് റസ്‌റ്റോറന്റ് ആരംഭിച്ചതെന്ന് അനൂപിന്റെ മൊഴിയില്‍ വ്യക്തമായി. കുമരകത്തെ നൈറ്റ് പാര്‍ട്ടിയില്‍ പോയില്ലെന്ന് ബിനീഷ് പറഞ്ഞെങ്കിലും ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ വന്നുവെന്നും ഫിറോസ് പറഞ്ഞു.

Back to top button
error: