NEWS

പ്രിയങ്കാ ഗാന്ധി യോഗിയുടെ ശത്രു ഡോ കഫീൽ ഖാന്റെ രക്ഷക ആയത് ഇങ്ങനെ

ഗോരഖ്പൂരിലെ ആശുപത്രിയിൽ കുഞ്ഞുങ്ങൾ ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തെ തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശത്രു പട്ടികയിൽ പെട്ട ഡോ കഫീൽ ഖാന്റെ രക്ഷകയായത് എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി .ജയിലിൽ നിന്നിറങ്ങിയ ഉടൻ രായ്ക്കുരാമാനം പ്രിയങ്കയുടെ നേതൃത്വത്തിൽ ഡോ കഫീൽ ഖാനെയും കുടുംബത്തെയും രാജസ്ഥാനിലെ ജയ്‌പൂരിലെത്തിച്ചു .

കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ജയ്‌പൂരിൽ ഖാനും കുടുംബവും എത്തിയത് വ്യാഴാഴ്ചയാണ് .താൻ രാജസ്ഥാനിൽ സുരക്ഷിതൻ ആണെന്നും പ്രിയങ്കയോട് നന്ദിയുണ്ടെന്നും ഖാൻ വ്യക്തമാക്കി .

അലിഗഡ് സർവകലാശാലയിൽ നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിൽ ജനുവരി 29 നാണ് ഖാൻ അറസ്റ്റിൽ ആയത് .പിന്നീട് ഖാനെ മഥുര ജയിലിലേക്ക് മാറ്റി .നീണ്ട 9 മാസത്തെ ജയിൽ ജീവിതത്തിനു ശേഷം കോടതി ഇടപെട്ടാണ് ഖാനെ ജയിലിൽ നിന്ന് ഇറക്കുന്നത് .ഖാനെതിരായ കുറ്റപത്രവും കോടതി റദ്ദാക്കി .

ജനങ്ങൾക്ക് വേണ്ടി നിസ്വാർത്ഥമായി സേവനം നടത്തിയ ഖാന് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് പ്രിയങ്ക യോഗി ആദിത്യനാഥിന് കത്തെഴുതിയിരുന്നു .ഖാനെ ജയിലിൽ നിന്നിറക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രക്ഷോഭവും സംഘടിപ്പിച്ചിരുന്നു .

ഖാൻ ജയിലിൽ നിന്നിറങ്ങുമ്പോൾ വാതിൽക്കൽ പ്രിയങ്കയുടെ നിർദേശപ്രകാരം നാലു തവണ മഥുര എംഎൽഎ ആയിരുന്ന പ്രദീപ് മാതുർ കാത്ത് നിന്നിരുന്നു .”പ്രിയങ്കാജിയുടെ പ്രത്യേക നിർദേശം ഉണ്ടായിരുന്നു .അദ്ദേഹം ഇറങ്ങിയത് മുതൽ രാജസ്ഥാൻ അതിർത്തി കടക്കും വരെ കോൺഗ്രസ്സ് പ്രവർത്തകർ അനുഗമിച്ചു .”മാതുർ മാധ്യമങ്ങളോട് പറഞ്ഞു .

ഖാനെയും കുടുംബത്തെയും രാജസ്ഥാനിലെ ഒരു ഹോട്ടലിൽ ഇപ്പോൾ കോൺഗ്രസ് പാർപ്പിച്ചിരിക്കുകയാണ് .” ഡോ .ഖാൻ എത്രത്തോളം അരക്ഷിതാവസ്ഥയിൽ ആയിരിക്കും ഉത്തർപ്രദേശിൽ എന്ന് ഞങ്ങൾക്കറിയാം .രാജസ്ഥാനിൽ കുടുംബത്തോടൊപ്പം എത്ര കാലം വേണമെങ്കിലും ഡോ .ഖാന് കഴിയാം .”യു പി കോൺഗ്രസ് ന്യൂനപക്ഷ സെൽ തലവൻ ഷാനവാസ് ആലം പറഞ്ഞു .

തന്നെ സർവീസിൽ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടു കഫീൽ ഖാൻ ഉത്തർപ്രദേശ് സർക്കാരിന് കത്തെഴുതിയിട്ടിണ്ട് .സർവീസിൽ തിരിച്ചെടുത്തില്ലെങ്കിൽ അസമിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തങ്ങളിൽ പങ്കാളി ആകാനാണ് ഖാന്റെ പദ്ധതി .

Back to top button
error: