NEWS

സി പി ഐയെ സിപിഐഎം അനുനയിപ്പിച്ചു, ജോസ് കെ മാണി എൽ ഡി എഫിലേക്ക്, നാളെ നിർണായക സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം കോട്ടയത്ത്

കേരള കോൺഗ്രസ്‌ ജോസ് കെ മാണി വിഭാഗത്തിന്റെ എൽ ഡി എഫ് പ്രവേശനത്തിന് കളമൊരുങ്ങി. നാളെ കോട്ടയത്ത് നടക്കുന്ന സ്റ്റിയറിങ്ങ് കമ്മിറ്റി യോഗത്തിൽ വിശദമായ കാര്യങ്ങൾ ജോസ് കെ മാണി വിഭാഗം ചർച്ച ചെയ്യും. പാർട്ടിയും ചിഹ്നവും സ്വന്തമായതും എൽഡിഎഫ് പ്രവേശനത്തിന് സ്വന്തം വിഭാഗത്തിൽ നിന്ന് എതിർപ്പില്ലാത്തതും തീരുമാനങ്ങൾ അതിവേഗം എടുക്കാൻ ജോസ് കെ മാണിയെ സഹായിക്കും.

യു ഡി എഫിനെ പ്രതിരോധത്തിൽ ആക്കാനും മധ്യകേരളത്തിൽ ഇടതുമുന്നണിക്ക് വേരോട്ടം കൂട്ടാനും ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശം കൊണ്ട് സാധ്യമാകും എന്നാണ് സിപിഐഎമ്മിന്റെ കണക്ക് കൂട്ടൽ. മധ്യകേരളത്തിലെ 14 സീറ്റുകളിൽ ജോസ് കെ മാണി വിഭാഗത്തിന് നിർണായക സ്വാധീനം ഉണ്ട്.

പാർട്ടിയും ചിഹ്നവും ജോസ് കെ മാണിക്ക് കിട്ടിയത് തിരിച്ചടിയായെന്ന് യു ഡി എഫ് കരുതുന്നു. ഇതോടെ കേരള കോൺഗ്രസിന്റെ രാഷ്ട്രീയ പിൻബലം ജോസ് കെ മാണിക്ക് ഒപ്പമായെന്നാണ് വിലയിരുത്തൽ.

ഇക്കാര്യത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചർച്ച നടത്തി. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു ചർച്ച. ജോസ് കെ മാണിയെ മുന്നണിയിൽ എടുക്കാൻ കാനം തത്വത്തിൽ സമ്മതം മൂളി എന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ രാഷ്ട്രീയമായ പ്രഖ്യാപനം ഉണ്ടാകണം എന്നാണ് കാനത്തിന്റെ ആവശ്യം. എന്തുകൊണ്ട് യു ഡി എഫ് വിടുന്നു എന്നും എന്തുകൊണ്ട് എൽഡിഎഫ് തെരഞ്ഞെടുക്കുന്നു എന്നും ജോസ് കെ മാണി വിശദീകരിക്കണം. ഇക്കാര്യം സിപിഐഎം ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം. ഈ പശ്ചാത്തലത്തിൽ നിർണായക തീരുമാനം നാളത്തെ സ്റ്റിയറിങ്ങ് കമ്മിറ്റി എടുക്കും. ഉച്ചക്ക് രണ്ട് മണിക്ക് കോട്ടയത്താണ് യോഗം.

Back to top button
error: