NEWS

റീ പോസ്റ്റ്‌മോര്‍ട്ടം; മത്തായിയുടെ കേസില്‍ നിര്‍ണായക തെളിവുകള്‍

ചിറ്റാറില്‍ വനം വകുപ്പിന്റെ കസ്റ്റടിയിലിരിക്കെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മത്തായിയുടെ റീ പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രത്യേകം ക്രമീകരിക്കുന്ന ടേബിളില്‍ സിബിഐയുടെ മേല്‍നോട്ടത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം.

പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പായി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.ഉച്ചയ്ക്ക് ഒന്നരയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങിയത്. ആദ്യം നടത്തിയ ഇന്‍ക്വസ്റ്റ് നടപടിയിലും പോസ്റ്റ്‌മോര്‍ട്ടത്തിലും രേഖപ്പെടുത്താതിരുന്ന കൂടുതല്‍ മുറിവുകള്‍ കൂടി ഇന്ന് നടത്തിയ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിട്ടുണ്ട്. കിണറ്റില്‍ വീണപ്പോള്‍ ഉണ്ടായ പരിക്കുകളാവാം ഇവയെല്ലാം എന്നാണ് പ്രാഥമിക നിഗമനം. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, സബ് കളക്ടര്‍, സിബിഐ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിയത്. ഒന്നരയോടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചത്.

നെടുങ്കണ്ടം രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ റീ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൂന്നംഗ പൊലീസ് സര്‍ജന്‍മാരുടെ സംഘമാണ് മത്തായിയുടെ മൃതദേഹവും റീപോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. സിബിഐയുടെ ആവശ്യപ്രകാരമാണ് ഈ സംഘത്തെ തന്നെ സര്‍ക്കാര്‍ നിയോഗിച്ചത്.

മൂന്ന് മണിക്കൂറോളം നീളുന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മത്തായിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റും. ഇതിനു ശേഷം നാളെ കുടപ്പനക്കുന്ന് പള്ളിയില്‍ മത്തായിയുടെ മൃതശരീരം അടക്കം ചെയ്യും. മരിച്ച് നാല്‍പ്പത് ദിവസം തികയുമ്പോള്‍ ആണ് മത്തായിയുടെ മൃതദേഹം സംസ്‌കരിക്കുന്നത്. ഭര്‍ത്താവിന്റെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തും വരെ മൃതദേഹം മറവ് ചെയ്യേണ്ടെന്ന ശക്തമായ നിലപാട് മത്തായിയുടെ ഭാര്യ സ്വീകരിച്ചതോടെയാണ് സംഭവത്തില്‍ ആദ്യം ക്രൈംബ്രാഞ്ച് അന്വേഷണവും ഇപ്പോള്‍ സിബിഐ അന്വേഷണത്തിനും വഴി തുറന്നത്.

Back to top button
error: