ബംഗാൾ പിടിക്കാൻ ബിജെപിക്ക് ആവില്ല ,കാരണം ഇതാണ്

നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കാലമാണ് വരുന്നത് .ഇതിൽ ഏവരും ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരു കാര്യം പശ്ചിമ ബംഗാളിലെ രാഷ്ട്രീയ മാറ്റങ്ങളെയാണ് .ബിഹാറിലേതു പോലെ മുന്നണി രാഷ്ട്രീയം അല്ല ബംഗാളിലേത് .ആകെയുള്ള സഖ്യ സാധ്യത കോൺഗ്രസും സിപിഐഎമ്മും തമ്മിലാണ് താനും .

മമത ബാനർജിയും ബിജെപിയും തമ്മിലുള്ള പോരാട്ടത്തിൽ ആര് ജയിക്കും എന്നത് തന്നെയാണ് പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ നിർണ്ണയിക്കുക .കടുത്ത ബിജെപി – മോഡി വിരുദ്ധത മമത പരീക്ഷിക്കുന്നുണ്ട് .ഇത് വോട്ട് ആകുമോ അതോ പുതിയൊരു ശക്തിയായി ബിജെപി മമതയെ തളയ്ക്കുമോ എന്നതൊക്കെ ദേശീയ രാഷ്ട്രീയത്തിൽ തന്നെ സ്വാധീനം ചെലുത്തും .

രാഷ്ട്രീയ അക്രമങ്ങൾക്ക് പേര് കേട്ട ഇടമാണ് ബംഗാൾ .അക്രമ രാഷ്ട്രീയം ദിനംപ്രതി തഴച്ചു വളരുകയാണ് ബംഗാളിൽ .2019 ലെ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനം ആണ് കാഴ്ച വച്ചത് .ബിജെപി കടന്നു കയറ്റത്തിൽ ഏറ്റവുമധികം തിരിച്ചടിയുണ്ടായത് സിപിഐഎമ്മിനാണ് .സിപിഐഎം വോട്ട് ഷെയർ കവർന്നെടുത്ത് ബിജെപി തടിച്ചു കൊഴുത്തു .

മമത നേരിടുന്നത് രണ്ട് പ്രശ്നങ്ങൾ ആണ് .ഒന്ന് ശക്തമായ ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട് .രണ്ടാമത്തേത് സിപിഎം അണികളിൽ ഉണ്ടായ ഹിന്ദുത്വ വികാരമാണ് .അതേസമയം മമതയുടെ ശക്തിയായി നിലനിൽക്കുന്നതു അവരുടെ പ്രതിച്ഛായയും ഒപ്പം കഠിനാദ്ധ്വാനി എന്ന പേരുമാണ് .

സിംഗൂർ ,നന്ദിഗ്രാം സംഭവങ്ങൾക്ക് ശേഷം വികസന നായിക ആയാണ് മമത വാഴ്ത്തപ്പെടുന്നത് .ഒപ്പം ജനപ്രിയ പദ്ധതികളിലൂടെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഹൃദയത്തിൽ മമത കയറിപ്പറ്റി .

ബിജെപി ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട അതെ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് .ഉയർത്തിക്കാട്ടാൻ ഒരു നേതാവ് സംസ്ഥാനത്തില്ല .മികച്ച നേതാക്കൾ ഇല്ല എന്ന് മാത്രമല്ല ഉള്ളവർ തന്നെ തമ്മിൽ തല്ലും .ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷും പാർട്ടി നേതാവ് മുകുൾ റോയും തമ്മിലുള്ള വഴക്ക് ബംഗാളിലെ എല്ലാ വോട്ടര്മാര്ക്കുമറിയാം .തൃണമൂലിനെ തകർക്കാൻ സഹായിക്കാം എന്ന വാഗ്ധാനവുമായാണ് മുകുൾ റോയ് പാർട്ടി വിട്ട് ബിജെപിയിലെത്തിയത് .എന്നാൽ ഇത് വരെ അത് മാത്രം നടന്നില്ല .

ഭരണവിരുദ്ധ വികാരവും ഹിന്ദുത്വ വാദവും കൊണ്ട് മാത്രം ബിജെപിക്ക് ബംഗാൾ പിടിക്കാനാവില്ല .മോഡി,ഷാ,യോഗി എന്നിവരെക്കൊണ്ടൊന്നും ബംഗാളിൽ വോട്ടു നേടാനാവില്ല .ഭാഷാപരവും സംസ്കാരപരവുമായ അന്തരം തന്നെയാണ് മുതിർന്ന ബിജെപി നേതാക്കൾക്ക് ബംഗാൾ വോട്ടർമാരിൽ സ്വാധീനം ചെലുത്താൻ ആകാതെ പോകുന്നത് .

മമതയ്ക്കെതിരായ മുസ്ളീം പ്രീണന ആരോപണവും 35 വര്ഷം ഇടതുപക്ഷം ഭരിച്ച മതേതര ബംഗാളിൽ വിലപ്പോവില്ല .ത്രിപുര ഗാവര്ണര് തഥാഗത റോയ് ഇപ്പോൾ ബംഗാൾ രാഷ്ട്രീയത്തിൽ ഒരു താല്പര്യം കാണിക്കുന്നുണ്ട്.ഒപ്പം രാജ്യസഭാ എംപി സ്വപൻ ദാസ് ഗുപ്‌തയും .ഇവരിൽ ആരെങ്കിലും ആകാം ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി.ഇരുവർക്കും നല്ല പ്രതിച്ഛായ ആണെങ്കിലും കേഡർമാരുടെ കഷ്ടകാലത്ത് ഇരുവരും ചിത്രത്തിലേ ഉണ്ടായിരുന്നില്ല .അതുകൊണ്ട് കേഡർമാർക്ക് ഇവരോട് വൈകാരിക അടുപ്പവുമില്ല .

മറ്റു സംസ്ഥാനങ്ങളിൽ ബിജെപി ഹിന്ദു വോട്ട് പിടിക്കുക സാധാരണ നിലയിൽ മുസ്ലിം വിരോധം പറഞ്ഞാണ് .അത് ബംഗാളിൽ വിലപ്പോവില്ല .ബംഗാളിൽ മുസ്‌ലിം വോട്ട് നേടാതെ അധികാരത്തിൽ വരാൻ ആവില്ല .ദളിത് വോട്ടുകൾ ആണ് മറ്റൊരു പ്രധാന ഭാഗം .സാധാരണ ഗതിയിൽ അത് ഇടതു തട്ടകമായിരുന്നു .കാലാന്തരത്തിൽ അത് തൃണമൂലിലേക്ക് പോയി .എന്നാൽ ഇപ്പോൾ ദളിത് വോട്ടുകളിൽ ബിജെപിക്ക് ഒരു നിർണായക മുന്നേറ്റം ഉണ്ടാക്കാൻ ആയിട്ടുണ്ട് .എന്നാലും വിജയിക്കാൻ അതൊന്നും പോരാ .വ്യക്തമായ വികസന അജണ്ടയോ നയമോ പറയാതെ വർഗീയത പറഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിച്ചാൽ ലോക്സഭയിൽ നേടിയത് പോലും ബിജെപിക്ക് നഷ്ടമാവും .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version