NEWS

കേരളത്തിലും തൊട്ടുകൂടായ്മ ,ചക്കിലിയൻ സമുദായത്തിന് മുടിവെട്ട് നിഷേധിച്ച് വട്ടവടയിലെ ബാർബർ ഷോപ്പുകൾ

2020 ൽ കേരളത്തിൽ ഒരിക്കലും നടക്കില്ലെന്നു കരുതിയ തൊട്ടുകൂടായ്മക്ക് ഇരയാവുകയാണ് ഷെഡ്യൂൾഡ് കാസ്റ്റ് വിഭാഗത്തിൽപ്പെട്ട ചക്കിലിയൻ സമുദായം .ഇടുക്കി വട്ടവടയിലെ 270 കുടുംബങ്ങൾക്ക് മുടിവെട്ടൽ നിഷേധിക്കപ്പെട്ടിരിക്കുകയാണ് .ഉയർന്ന ജാതിക്കാർ എന്ന് പറയുന്നവർ തങ്ങൾക്ക് മുടിവെട്ട് നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ് സമുദായ അംഗങ്ങൾ .

ഒന്ന് മുടി വെട്ടാൻ സമുദായ അംഗങ്ങൾ 12 കിലോമീറ്റർ അകലെയുള്ള എല്ലപ്പെട്ടിയിലേക്കോ 42 കിലോമീറ്റർ അകലെയുള്ള മൂന്നാറിലേക്കോ പോകേണ്ട ഗതികേടിലാണ് .കോട്ടകമ്പൂർ ,വട്ടവട ,കോവിലൂർ വില്ലേജുകളിൽ ആണ് ഇവർ താമസിക്കുന്നത് .മന്നാഡിയാർ ,ചെട്ടിയാർ ,മറവർ വിഭാഗങ്ങളിൽ പെടുന്ന 2000 കുടുംബങ്ങൾ ഈ പ്രദേശത്തുണ്ട് .

മുടി വെട്ടാൻ നിവർത്തിയില്ലാതെ ഇപ്പോൾ ചക്കിലിയൻ സമുദായക്കാർ പരസ്പരം മുടി വെട്ടലും ആരംഭിച്ചിട്ടുണ്ട് .തൊട്ടുകൂടായ്മ കാരണം ഇവർക്ക് ബാർബർ ഷോപ്പിലേക്ക് പ്രവേശനം ഇല്ല .മറ്റു സമുദായ അംഗങ്ങളുടെ വീടുകളിലോ എന്തിനു പറമ്പിലോ കയറാൻ ഇവരെ അനുവദിക്കാറില്ല .ആന്ധ്രയിൽ നിന്നും കർണാടകയിൽ നിന്നും തമിഴ്‌നാട് വഴിയാണ് ചക്കിലിയൻ സമുദായക്കാർ കേരളത്തിൽ എത്തിയത് .

വട്ടവട പഞ്ചയത്ത് സിപിഐഎം ആണ് ഭരിക്കുന്നത് .ചക്കിലിയൻ സമുദായക്കാർ അടക്കമുള്ളവർക്ക് ഒരു പൊതു ബാർബർ ഷോപ് പണിയുകയാണ് പഞ്ചായത്ത് .കാന്തല്ലൂരിൽ നിന്നുള്ള ഒരു ബാർബർ മുടിവെട്ടാമെന്നു സമ്മതിച്ചിട്ടുണ്ടെന്നു പഞ്ചായത്ത് പ്രസിഡണ്ട് പി രാമരാജു പറയുന്നു .തൊട്ടുകൂടായ്മ സംബന്ധിച്ച് മറ്റു സമുദായ അംഗങ്ങളുമായി ചർച്ചകൾ നടത്തിയെങ്കിലും ഫലം ഉണ്ടായില്ലെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറയുന്നു .

1985 വരെ മറ്റുള്ളവർ കുടിക്കുന്ന ഗ്ലാസിൽ സമുദായ അംഗങ്ങൾക്ക് ചായ പോലും നല്കാറുണ്ടായിരുന്നില്ലെന്നും പി രാമരാജു ചൂണ്ടിക്കാട്ടുന്നു .പിന്നീട് അത് രണ്ടു തരം ഗ്ലാസ് സംവിധാനം ആയി .1991 ൽ വലിയ സമരങ്ങൾക്ക് ശേഷമാണ് ഈ സ്ഥിതിയിൽ വ്യത്യാസം ഉണ്ടായത് .മുടിവെട്ടലിലെ തൊട്ടുകൂടായ്മ എന്നാൽ അപ്പോഴും നിലനിന്നു .

Back to top button
error: