കോടിയേരിയുടെത് പരസ്യകുറ്റസമ്മതം: മുല്ലപ്പള്ളി രാമചന്ദ്രൻ

മുന്നത സി.പി.എം നേതാവിന്റെ മകന്‍ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ടെന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരായ സി.പി.എമ്മിന്റെ അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഡി.സി.സി അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ ഉപവാസ സത്യാഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഡി.സി.സി ഓഫീസില്‍ നിര്‍വഹിച്ച് പ്രസംഗിക്കുക ആയിരുന്നു മുല്ലപ്പള്ളി. പെരിയ ഇരട്ടക്കൊലയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം സി.പി.എമ്മിനാണെന്ന കുറ്റസമ്മതമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരസ്യപ്രസ്താവനയിലൂടെ പുറത്തുവന്നത്. പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പകരംവീട്ടലാണ് വെഞ്ഞാറമൂട് കൊലപതാകമെന്നാണ് പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന. പെരിയ ഇരട്ടക്കൊല സി.പി.എം നടത്തിയതാണെന്നാണ് കോടിയേരിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ പ്രതികളുടെ പേരും അദ്ദേഹം വെളിപ്പെടുത്തണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൊലപാതക രാഷ്ട്രീയം കേരളത്തിന് അംഗീകരിക്കാന്‍ സാധ്യമല്ല. സി.പി.എം വിചാരിച്ചാല്‍ ഒരു നിമിഷം കൊണ്ട് കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സാധിക്കും. ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ ഉണ്ടെങ്കില്‍ ആയുധം താഴെവയ്ക്കാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും തയ്യാറാകണം. അത് ചെയ്യാതെ അക്രമത്തിനെതിരെ സംസാരിക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും ധാര്‍മ്മിക അവകാശമില്ല. ഒരു കള്ളം പലതവണ ആവര്‍ത്തിക്കുമ്പോള്‍ സത്യമാകുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് വെഞ്ഞാറമൂട് കൊലപാതക ശേഷം സി.പി.എം പയറ്റുന്നത്. ആത് പ്രബുദ്ധകേരളം തിരിച്ചറിയുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

വെഞ്ഞാറമൂട് കൊലപാതക കാരണം രണ്ട് ഗ്യാങ്ങുകള്‍ തമ്മിലുള്ള കുടിപ്പകയാണ്. ഇതില്‍ കോണ്‍ഗ്രസിന് എന്തുപങ്കാണുള്ളത്. പാര്‍ട്ടി നടത്തിയ അന്വേഷണ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന് ഈ സംഭവുമായി യാതൊരു ബന്ധവുമില്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്വര്‍ണ്ണക്കള്ളക്കടത്തും രാജ്യദ്രോഹവും അഴിമതിയും ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍പ്പെട്ട് മുഖം നഷ്ടമായ കേരള സര്‍ക്കാരിനും സി.പി.എമ്മിനും വീണുകിട്ടിയ അവസരമായിട്ടാണ് വെഞ്ഞാറമൂട് കൊലപാതകത്തെ അവര്‍ കാണുന്നത്. സി.പി.എം നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകള്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നത് ഓര്‍ക്കുന്നത് നല്ലതാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

അക്രമത്തിന്റെ പാതയല്ല കോണ്‍ഗ്രസിന്റേത്. അക്രമം കോണ്‍ഗ്രസിന്റെ നയവുമല്ല. പെരിയയിലും മട്ടന്നൂരിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം കൊലയാളികള്‍ വെട്ടിക്കൊന്നപ്പോള്‍ സംസ്ഥാനത്ത് സി.പി.എമ്മിന്റെ ഒരു ഓഫീസിന് നേരെയും ഒരു കല്ല് പോലും പതിച്ചിട്ടില്ല. അതാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശൈലി. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് ആയുധങ്ങളിലൂടെയല്ല പരിഹാരം കാണേണ്ടതെന്നും മുല്ലപ്പള്ളി ഓര്‍മ്മിപ്പിച്ചു.
ഡി.ഐജിയും ആറ്റിങ്ങള്‍ ഡി.വൈ.എസ്.പിയും ആദ്യം പറഞ്ഞത് രാഷ്ട്രീയ കൊലപാതമാണെന്ന് പറയാറായിട്ടില്ലെന്നാണ്. റൂറല്‍ എസ്.പി അന്വേഷണ ചുമതല ഏറ്റെടുത്തതിന് ശേഷമാണ് ഇരട്ടക്കൊല കേസിന് ഗതിമാറ്റം ഉണ്ടായത്. റൂറല്‍ എസ്.പിയുടെ പഴയകാല ചരിത്രം പരിശോധിക്കണം. കളങ്കിത ഭൂതകാലത്തിന് ഉടമയാണ് ഈ റൂറല്‍ എസ്.പി. സ്വഭാവദൂഷ്യത്തിന് പേരുകേട്ട അദ്ദേഹത്തിന് കണ്‍ഫേര്‍ഡ് ഐ.പി.എസ് നല്‍കിയത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നത് കൊണ്ടാണ് കോണ്‍ഗ്രസ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

രക്തസാക്ഷികളെ തിരക്കി നടക്കുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ഭരണത്തിന്റെ തണലില്‍ മയക്കുമരുന്ന് മാഫിയ അരങ്ങുതകര്‍ക്കുകയാണ്. കേരളം മയക്കുമരുന്നു മാഫിയയുടെ താവളമായി. ഉന്നത ബന്ധം മയക്കുമരുന്ന് ലോബിക്ക് പിന്നിലുണ്ട്. കേരള നെര്‍ക്കോട്ടിക് സെല്‍ കേസ് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ അധ്യക്ഷത വഹിച്ചു. മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്‍, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ ശരത്ചന്ദ്ര പ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, മണക്കാട് സുരേഷ്, എം.എല്‍.എമാരായ വി.എസ്.ശിവകുമാര്‍, എം.വിന്‍സന്റ്, കെ.എസ്.ശബരീനാഥന്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.മോഹന്‍കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version