NEWS

ബിനീഷ് കോടിയേരിക്ക് അടുത്തബന്ധം; ലഹരിക്കടത്ത് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

കോഴിക്കോട്: ലഹരിക്കടത്ത് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കഴിഞ്ഞയാഴ്ച ബെംഗളൂരുവില്‍ പിടിയിലായ ലഹരിമരുന്ന് സംഘത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. പിടിയിലായ അനിഖയ്ക്കൊപ്പം ഉണ്ടായിരുന്ന മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ട്. മുഹമ്മദ് അനൂപ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍നിന്ന് ഇക്കാര്യം വ്യക്തമാണെന്നും പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അനൂപ് കമ്മനഹള്ളിയില്‍ തുടങ്ങിയ ഹയാത്ത് ഹോട്ടലിന് ബിനീഷ് കോടിയേരി പണം മുടക്കിയിട്ടുണ്ട്. 2019-ല്‍ അനൂപ് തുടങ്ങിയ മറ്റൊരു ഹോട്ടലിന് ആശംസയര്‍പ്പിച്ച് ഫെയ്സ്ബുക്ക് പേജില്‍ ലൈവ് ഇടുകയും ചെയ്തിരുന്നു. പിടിയിലായവര്‍ക്കൊപ്പം ലോക്ക്ഡൗണ്‍ കാലത്ത് ജൂണ്‍ 19-ന് കുമരകത്തെ നൈറ്റ് പാര്‍ട്ടിയില്‍ ബിനീഷ് കോടിയേരിയും പങ്കെടുത്തുവെന്നും പി.കെ ഫിറോസ് ഫോട്ടോയടക്കം പുറത്ത് വിട്ട് ആരോപിച്ചു.

പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ജൂലായ് പത്തിന് അനൂപും ബിനീഷും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി.പിടിയിലായവര്‍ക്ക് കേരളത്തിലെ സിനിമാ സംഘവുമായും രാഷ്ട്രീയ നേതൃത്വവുമായും സ്വര്‍ണക്കടത്തുകാരുമായെല്ലാം അടുത്ത ബന്ധമുണ്ട് പി.കെ ഫിറോസ് പറഞ്ഞു.
പിടിയിലായവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലും ഇത്തരം ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും പി.കെ ഫിറോസ് ചൂണ്ടിക്കാട്ടി.

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നില്‍ ലഹരിബന്ധമുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സിനിമ മേഖലയിലെ ലഹരിബന്ധങ്ങളുടെ ചുരുളഴിയുന്നത്. കഴിഞ്ഞ ദിവസമാണ് ലഹരി ഇടപാട് കേസില്‍ ടെലിവിഷന്‍ സീരിയല്‍ നടി ഡി.അനിഖയും കൂട്ടാളികളും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ
പിടിയിലായിരുന്നു.

നിരവധി വിഐപികളും സിനിമാ പ്രവര്‍ത്തകരും ഇവരുടെ ലഹരിക്കണ്ണിയില്‍ ഉണ്ടെന്നാണു പുറത്തുവരുന്ന വിവരം. മാത്രമല്ല സംഗീതജ്ഞര്‍ക്കും മുന്‍ നിര അഭിനേതാക്കള്‍ക്കും ഇവരുടെ കണ്ണിയാണെന്നും സംസ്ഥാനത്തെ വിഐപികളുടെ മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലാണെന്നും എന്‍സിബി ഡപ്യൂട്ടി ഡയറക്ടര്‍ കെ.പി.എസ്. മല്‍ഹോത്ര പറഞ്ഞിരുന്നു.

എക്സ്റ്റസി എന്നറിയപ്പെടുന്ന 145 എംഡിഎംഎ ഗുളികകളാണു കഴിഞ്ഞ ദിവസം കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്‌സ് ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പിടിച്ചെടുത്തത്. ഒരു എക്സ്റ്റസി ഗുളികയ്ക്ക് 1500 മുതല്‍ 2500 രൂപ വരെയാണു വില. 96 എംഡിഎംഎ ഗുളികകളും 180 എല്‍എസ്ഡി ബ്ലോട്ടുകളും ബെംഗളൂരുവിലെ നിക്കു ഹോംസില്‍നിന്നും കണ്ടുകെട്ടി. അനിഖയുടെ ദൊഡാഗുബ്ബിയിലുള്ള വീട്ടില്‍നിന്നു 270 എംഡിഎംഎ ഗുളികകളും പിടിച്ചെടുത്തു.

ആവശ്യക്കാര്‍ക്ക് ഓണ്‍ലൈനില്‍ ബുക്ക് ചെയ്താണ് ലഹരിമരുന്നു നല്‍കിയിരുന്നത്. അനിഖയ്‌ക്കൊപ്പം പിടിയിലായ രവീന്ദ്രനും അനൂപും മലയാളികളാണെന്നാണ് അറിയുന്നത്.

ബെംഗളൂരുവില്‍ ചെറിയ സീരിയല്‍ റോളുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന അനിഖ, സമ്പത്തുണ്ടാക്കാന്‍ ക്രമേണ അഭിനയം നിര്‍ത്തി ലഹിമരുന്ന് വിതരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് സിനിമ, ടിവി മേഖലയിലെ തന്റെ പരിചയം ഇതിനായി ഉപയോഗപ്പെടുത്തുകയായിരുന്നു.

Back to top button
error: