NEWS

വെഞ്ഞാറമൂട് കേസിലെ ആരോപണങ്ങൾ ചെറുക്കാൻ കോൺഗ്രസ്‌ നേതൃത്വം ഒന്നടങ്കം രംഗത്ത്, അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും മുല്ലപ്പള്ളി

മരണങ്ങളെ ആഘോഷമാക്കുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

രക്തസാക്ഷികളുടെ പേരില്‍ പാര്‍ട്ടി ഫണ്ട് പിരിക്കുന്നതിലാണ് സി.പി.എമ്മിന് താല്‍പ്പര്യം.ഓരോ മരണവും തീവ്രമായ ദുഖമാണ്..വെഞ്ഞാറമൂട് കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു.നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണം. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥര്‍ നടത്തുന്ന അന്വേഷണത്തില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ല.അതുകൊണ്ട് വെഞ്ഞാറമുട് ഇരട്ടക്കൊലപാതകം സി.ബി.ഐയ്ക്ക് വിടാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

അക്രമത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്.രണ്ട് സംഘങ്ങള്‍ നടത്തിയ അക്രമമാണ് തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടില്‍ കൊലപാതകത്തില്‍ കാലാശിച്ചത്. ആ സംഭവുമായി കോണ്‍ഗ്രസിന് ഒരു ബന്ധവുമില്ല.ഈ ദാരുണ സംഭവത്തെ കെ.പി.സി.സി ശക്തമായി അപലപിക്കുന്നു. ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ മോഡല്‍ അക്രമം തലസ്ഥാനത്തേക്കും വ്യാപിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഹിംസയെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അക്രമികളെ എക്കാലവും സംരക്ഷിക്കുന്നത് സി.പി.എമ്മാണ്. ബോംബ് നിര്‍മ്മാണം കുടില്‍ വ്യവസായമാക്കിയ പാര്‍ട്ടിയാണ് സി.പി.എം.അക്രമം സി.പി.എമ്മിന്റെ ശൈലിയാണ്.വ്യാജപ്രചരണം നടത്തുന്നത് സി.പി.എമ്മിന്റെ രീതിയാണ്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തെ വീണുകിട്ടിയ അവസരമായിട്ടാണ് സി.പി.എം കാണുന്നത്.അതിന്റെ ഭാഗമാണ് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി വ്യാപകമായി അക്രമം അഴിച്ചുവിടാനുള്ള സി.പി.എം നേതാക്കളുടെ ബോധപൂര്‍വ്വമായ ശ്രമം.

കഴിഞ്ഞ ദിവസം പി.എസ്.സി ആസ്ഥാനത്ത് മുന്നില്‍ പട്ടിണി സമരം നടത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു പ്രകോപനവും ഇല്ലാതെ അക്രമിക്കുകയും സമരം അലങ്കോലപ്പെടുത്തുകയും ചെയ്തു.സംസ്ഥാനത്തുടനീളം നൂറിലേറെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ സി.പി.എം ഗുണ്ടകള്‍ അക്രമം അഴിച്ചുവിടുകയാണ്.കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ ഇരച്ചുകയറി നാശനഷ്ടം ഉണ്ടാക്കി. തൊടുപുഴയിലും ഇത് ആവര്‍ത്തിച്ചു. കോഴിക്കോട് കുണ്ടായിത്തോട് മുഹമ്മദ് അഹ്ദുറഹ്മാന്‍ വായനശാലയിലേക്ക് ബോംബെറിഞ്ഞു. നാദാപുരത്ത് മണ്ഡം കോണ്‍ഗ്രസ് ഓഫീസിനും ബോംബേറിഞ്ഞു. കേശവദാസപുരത്ത് ബോംബ് നിര്‍മ്മാണത്തിനിടെ രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതരപരിക്കേറ്റിരുന്നു.കണ്ണൂരിലും കോഴിക്കോടും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപകമായ അക്രമം സി.പി.എം അഴിച്ചുവിടുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൊലപാതികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്:രമേശ് ചെന്നിത്തല

കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും കൊലപാതികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വെഞ്ഞാറമൂട് കൊലപാതകത്തെ രാഷ്ട്രീയ ആയുധമാക്കി സി.പി.എം സംസ്ഥാനത്ത് അക്രമപരമ്പര സൃഷ്ടിച്ച് അഴിഞ്ഞാടുകയാണ്.അക്രമികളെ നിലയ്ക്കു നിര്‍ത്താന്‍ സി.പി.എം തയ്യാറാകണം.സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.

സി.പി.എമ്മിന്റെ അക്രമങ്ങള്‍ക്ക് ഏകീകൃതസ്വഭാവം:ഉമ്മന്‍ചാണ്ടി

വെഞ്ഞാറമൂട് കൊലപാതകത്തിന്റെ മറവില്‍ സി.പി.എം സംസ്ഥാനവ്യാപകമായി നടത്തുന്ന അക്രമങ്ങള്‍ക്ക് ഏകീകൃതസ്വഭാവമുണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി.ആരുടെയോ ആഹ്വാന പ്രകാരം അക്രമം നടത്തുന്നത് പോലെയാണ് തോന്നുന്നത്.കുറ്റവാളികളെ പിടികൂടി ശിക്ഷിക്കുന്നതിന് പകരം അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സി.പി.എം ശ്രമമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Back to top button
error: