LIFE

ആകാംക്ഷയുണര്‍ത്തി മിന്നല്‍ മുരളിയുടെ ടീസര്‍: അണിയറയില്‍ ഒരുങ്ങുന്നത് ലോക്കല്‍ സൂപ്പര്‍ ഹീറോ മൂവി

കുഞ്ഞിരാമായണം, ഗോദ എന്നീ രണ്ട് ചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് ബേസില്‍ ജോസഫ്. ആദ്യ ചിത്രങ്ങളുടെ വലിയ വിജയത്തിന് ശേഷം മൂന്നാം അങ്കത്തിനിറങ്ങുന്ന ബേസില്‍ ജോസഫില്‍ നിന്നും ബ്ലോക്ക് ബസ്റ്ററില്‍ കുറഞ്ഞതൊന്നും സിനിമാ ലോകം പ്രതീക്ഷിക്കുന്നില്ല. ഗോദയ്ക്ക് ശേഷം ബേസില്‍-ടൊവിനോ തോമസ് കൂടി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും മിന്നല്‍ മുരളിക്കുണ്ട്. തിരുവോണ നാളില്‍ പുറത്തിറങ്ങിയ ടീസര്‍ കൂടി ഗംഭീരമായതോടെ ചിത്രത്തിന് വേണ്ടി വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

കുറുക്കന്‍മൂല എന്ന സാങ്കല്‍പ്പിക ഗ്രാമവും അവിടുത്തെ ജനങ്ങളുടെ കഥയുമാണ് മിന്നല്‍ മുരളി പറയുന്നത്. മുരളിയെന്ന ചെറുപ്പക്കാരന് ഒരു ഘട്ടത്തില്‍ സൂപ്പര്‍ ഹീറോ പരിവേഷം ലഭിക്കുന്നതോടെയുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. വീക്കെന്റ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സമീര്‍ താഹിറും സംഗീതം ഷാന്‍ റഹ്മാനുമാണ്.

നിരവധി വിദേശ ചിത്രങ്ങളുടെ സംഘട്ടന സംവിധായകനായ വ്‌ളാഡ് റിംബര്‍ഗ് ആണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളൊരുക്കിയിരിക്കുന്നത്. അണിയറയിലും വലിയ പ്രതിഭകളെ അണിനിരത്തി ബേസില്‍ ജോസഫ് ഒരുക്കുന്ന ചിത്രം ഒരേ സമയം അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യുന്ന പാന്‍ ഇന്ത്യന്‍ സിനിമയാണെന്നാണ് പുറത്ത് വരുന്ന വിവരം.

https://www.youtube.com/watch?v=pxDynq9hAXE

Back to top button
error: