ഒരു നല്ല കാലത്തിന്റെ പിറവിക്കായി എന്നും പ്രചോദനമാവട്ടെ ഓണം: ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

വര്‍ഷത്തെ ഓണത്തിന് മങ്ങലേല്‍പ്പിച്ച് കടന്ന് കൂടിയിരിക്കുകയാണ് കോവിഡെന്ന മഹാമാരി. എന്നാല്‍ ഏത് പ്രതിസന്ധിയും തരണം ചെയ്ത കേരളീയര്‍ക്ക് അതൊന്നും പുത്തരിയല്ല. ഇപ്പോഴിതാ ഈ പരിമിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇത്തവണ ഓണമാഘോഷിക്കണമെന്ന് പറഞ്ഞ് എല്ലാ മലയാളികള്‍ക്കും ഓണാശംസ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്കില്‍ വീഡിയോയിലൂടെയാണ് അദ്ദേഹം ആശംസ നേര്‍ന്നത്.

അസാധാരണമായ ഒരു ലോക സാഹചര്യത്തിലാണ് ഇത്തവണ തിരുവോണം കടന്ന് വരുന്നത്. അതുകൊണ്ട് തന്നെ അസാധാരണമാം വിധം മ്ലാനമായ ഈ അന്തരീക്ഷത്തെ മുറിച്ച് കടക്കുവാന്‍ നമുക്ക് കവിയുക തന്നെ ചെയ്യും എന്ന പ്രത്യാശ പടര്‍ത്തി കൊണ്ടാവണം ഇത്തവണത്തെ ഓണാഘോഷം. പഞ്ഞ കര്‍ക്കിടകത്തെ കടന്ന് ആണല്ലോ നാം പൊന്‍ചിങ്ങ തിരുവോണത്തില്‍ എത്തുന്നത് അപ്പോള്‍ ഓണം വലിയൊരു പ്രതീക്ഷയാണ് പ്രത്യാശയാണ്. ഏത് പ്രതികൂല സാഹചര്യത്തിനും അപ്പുറത്ത് അനുകൂലമായ പ്രകാഷ പൂര്‍ണമായ ഒരു കാലമുണ്ട് എന്ന പ്രതീക്ഷ. ആ പ്രതീക്ഷയുടെ കൈത്തിരികള്‍ മനസ്സില്‍ വെളിച്ചം പടര്‍ത്തട്ടെ. ഇക്കാലത്ത് അതിനൊരു പ്രത്യേകമായ പ്രാധാന്യമുണ്ട്. ഓണം ഭാവിയെക്കൂടി പ്രസക്തമാക്കുന്ന ഒരു സങ്കല്‍പ്പമാണ്. മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്നൊരു കാലം പണ്ട് ഉണ്ടായിരുന്നുവെന്ന് ആ സങ്കല്‍പ്പം പറഞ്ഞ് തരുന്നു. അതുകൊണ്ട് തന്നെ വറ്റാത്ത ഊര്‍ജ്ജത്തിന്റെ കേന്ദ്രമാണ് ആ സങ്കല്‍പ്പം. എല്ലാ മനുഷ്യരും ഒരുമയില്‍ സമത്വത്തില്‍ സ്‌നേഹത്തില്‍ സമൃതിയില്‍ കഴിയുന്ന ഒരു കാലം ഉണ്ടാവണമെന്ന് ആഗ്രഹിച്ച് അതിനായി യത്‌നിക്കുന്ന ആര്‍ക്കും അളവില്‍ കവിഞ്ഞ പ്രചോദനം പകര്‍ന്ന് തരും ആ സങ്കല്‍പ്പം. ആ യത്‌നങ്ങള്‍ സഫലമാവട്ടെ. എല്ലാവിധ വേര്‍തിരിവുകള്‍ക്കും അതീതമായി എല്ലാവിധ ഭേദ ചിന്തകള്‍ക്കും അതീതമായി സന്തോഷത്തോടെ എല്ലാ മനുഷ്യരും കഴിയുന്ന ഒരു നല്ല കാലത്തിന്റെ പിറവിക്കായി എന്നും പ്രചോദനമാവട്ടെ ഓണം. കോവിഡ് വ്യവസ്ഥകള്‍ പാലിച്ച് കൊണ്ട് പരിമിധികള്‍ക്ക് ഉളളില്‍ നിന്ന് നമുക്ക് ഓണം ആഘോഷിക്കാം. എല്ലാ മലയാളികള്‍ക്കും ഹൃദയപൂര്‍വ്വമായ ഓണാശംസകള്‍. മുഖ്യമന്ത്രി വീഡിയോ സന്ദേശത്തിലൂടെ ആശംസിച്ചു.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. പ്രതികൂലസാഹചര്യങ്ങളെ സധൈര്യം അതിജീവിക്കാന്‍ കേരളത്തിന് കരുത്തേകിയ ഒരുമയുടെയും സ്‌നേഹത്തിന്റെയും ഉത്സവമാകട്ടെ ഓണമെന്ന് ഗവര്‍ണര്‍ ആശംസിച്ചു. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിക്കൊപ്പമാണ് ഇത്തവണ ഗവര്‍ണറുടെ ഓണാഘോഷം. ഓണഘോഷത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ലിഫ് ഹൗസിലെത്തും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version