LIFE

മോഹന്‍ലാല്‍ ചെയ്യേണ്ടിയിരുന്ന കഥാപാത്രം ശ്രീനിവാസന് ലഭിച്ച കഥ

ലയാള സിനിമയിലെ ഏറ്റവും മികച്ച നടനും, തിരക്കഥാകൃത്തും, സംവിധായകനും, നിര്‍മ്മാതാവുമാണ് ശ്രീനിവാസന്‍. എഴുതിയ തിരക്കഥകളില്‍ ഭൂരിഭാഗവും വിജയമായ ചുരുക്കം ചില തിരക്കഥാകൃത്തുകളില്‍ ഒരാള്‍ കൂടിയാണദ്ദേഹം. സാമൂഹിക പ്രശ്‌നങ്ങളില്‍ തന്റേതായ നിലപാടുകള്‍ തുറന്ന് പറയുന്നതിലും താരം ഏറെ ശ്രദ്ധിക്കാറുണ്ട്. ഇതുകൊണ്ട് തന്നെ പലപ്പോഴും അദ്ദേഹത്തിന് ഓണ്‍ ലൈന്‍ മാധ്യമങ്ങളില്‍ സൈബര്‍ ആക്രമണത്തിന് ഇരയാകേണ്ടിയും വന്നിട്ടുണ്ട്.

ശ്രീനിവാസന്‍ നായകനായി അഭിനയിച്ച ചിത്രങ്ങളെല്ലാം മലയാളിക്ക് പ്രീയപ്പെട്ടതാണ്. ഇക്കൂട്ടത്തില്‍ പലരും ഇപ്പോഴും ഓര്‍ത്ത് വെച്ചിരിക്കുന്ന കഥാപാത്രമാണ് പൊന്‍മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ തട്ടാന്‍ ഭാസ്‌കരന്‍ എന്ന കഥാപാത്രം. നിഷ്‌കളങ്കനായ ചെറുപ്പക്കാരനെ ചതിച്ചിട്ട് മറ്റൊരു ആലോചന വന്നപ്പോള്‍ കടന്നു കളഞ്ഞ പെണ്‍കുട്ടിയുടെയും അവള്‍ക്ക് മുക്കുപണ്ടത്തില്‍ സ്വര്‍ണമാല പണിഞ്ഞു നല്‍കിയ തട്ടാന്റെ പ്രതികാരവും മലയാളികള്‍ ഏറെ ഇഷ്ടത്തോടെയാണ് സ്വീകരിച്ചത്.

പൊന്‍മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ രഘുനാഥ് പലേരി തന്നെയാണ് ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത്. പിന്നീട് ചില കാരണങ്ങളാല്‍ ഇത് നടക്കാതെ വരികയും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കഥ കേട്ട് ഇഷ്ടപ്പെട്ട സത്യന്‍ അന്തിക്കാട് ചിത്രം സംവിധാനം ചെയ്യാന്‍ തയ്യാറാവുകയുമായിരുന്നു. ചിത്രത്തിന്റെ കഥ രൂപപ്പെടുന്ന സമയത്ത് തന്നെ തട്ടാന്‍ ഭാസ്‌കരനായി രഘുനാഥ് പലേരിയുടെ മനസിലുണ്ടായിരുന്നത് മോഹന്‍ലാല്‍ ആയിരുന്നു. പിന്നീട് സത്യന്‍ അന്തിക്കാട് സംവിധായകനായി വന്നപ്പോളും രഘുനാഥ് പലേരി ഈ കാര്യം സൂചിപ്പിച്ചു. മോഹന്‍ലാലിനെ നായകനാക്കാന്‍ സത്യന്‍ അന്തിക്കാടിനും സമ്മതമായിരുന്നു. ഇതിനായി ചര്‍ച്ചകളും ആരംഭിച്ചു.

പിന്നീട് ചിത്രത്തിന്റെ കഥ കേട്ട ശേഷം നടനായ ഇന്നസെന്റാണ് തട്ടാന്‍ ഭാസ്‌കരനാവാന്‍ മോഹന്‍ലാല്‍ പറ്റില്ലയെന്ന് സംവിധായകനോടും തിരക്കഥാകൃത്തിനോടും പറയുന്നത്. മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിച്ചാല്‍ ചിത്രത്തിന് അത് ഓവര്‍വെയിറ്റ് ആവാനാണ് സാധ്യതയെന്ന് ഇന്നസെന്റ് പറഞ്ഞു. മോഹന്‍ലാലിന് പകരം ശ്രീനിവാസന്‍ തന്നെ നായക കഥാപാത്രം ചെയ്യുന്നതാവും നല്ലതെന്ന് ഇന്നസെന്റ് പറഞ്ഞു. ഇതോടെ നായകനെ മാറ്റി ചിന്തിക്കാന്‍ തീരുമാനിച്ചു. അങ്ങനെ കഥയില്‍ ഗള്‍ഫില്‍ നിന്നും വരുന്ന കഥാപാത്രമായി തീരുമാനിച്ചിരുന്ന ശ്രീനിവാസനെ തട്ടാന്‍ ഭാസ്‌കരനാക്കുകയും, ഗള്‍ഫില്‍ നിന്ന് വരുന്ന കഥാപാത്രമായി ജയറാമിനെ തീരുമാനിക്കുകയുമായിരുന്നു. ശ്രീനിവാസന്‍ നായകനായെത്തി പൊന്‍മുട്ടയിടുന്ന താറാവ് അക്കാലത്തെ വിജയചിത്രങ്ങളിലൊന്നായി മാറുകയും ഇന്നും മലയാളികള്‍ ഓര്‍ത്ത് വെക്കുന്ന ജനപ്രിയ ചിത്രമായി മാറുകയും ചെയ്തു.

Back to top button
error: