NEWS

പക്വതയില്ലായ്മ പ്രകടിപ്പിക്കുന്ന രാഷ്ട്രീയക്കാരന്‍; തരൂരിനെതിരെ രൂക്ഷവമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ്‌

കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് സോണിയയ്ക്ക് അയച്ച കത്തില്‍ ശശിതരൂരിനെ വിമര്‍ശിച്ച് നിരവധി കേരള നേതാക്കളാണ് മുമ്പോട്ട് വരുന്നത്.

കത്തിന്റെ ഉത്ഭവം അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് തരൂര്‍ നടത്തിയ വിരുന്നില്‍ നിന്നാണെന്ന റിപ്പോര്‍ട്ടുകളടക്കം പുറത്ത് വന്ന സാഹചര്യത്തിലാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഇപ്പോഴിതാ തരൂരിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കൊടിക്കുന്നില്‍ സുരേഷ്. തരൂര്‍ പാര്‍ട്ടിയിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റാണെന്നും രാഷ്ട്രീയ പക്വതയില്ലാത്തയാളാണെന്നും കൊടിക്കുന്നില്‍ പറയുന്നു.

തരൂര്‍ വിശ്വപൗരനാണെന്ന് പറയുമ്പോഴും പാര്‍ട്ടി നിലപാട് തനിക്ക് ബാധകമല്ലെന്ന് തരൂര്‍ കരുതരുതെന്നും പാര്‍ട്ടിക്കുളളില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും കൊടിക്കുന്നില്‍ വിമര്‍ശിച്ചു.

തരൂര്‍ പക്വതയില്ലായ്മ പ്രകടിപ്പിക്കുന്ന രാഷ്ട്രീയക്കാരനാണ്. പാര്‍ട്ടിയുടെ ഉളളില്‍ നിന്നുളള പ്രവര്‍ത്തനമോ പാര്‍ലമെന്ററി പ്രവര്‍ത്തനമോ അദ്ദേഹത്തിന് ഇതുവരെയും മനസ്സിലായിട്ടില്ല. അതിനാല്‍ എടുത്തുചാട്ടം കാണിക്കുന്നു കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി. ഗസ്റ്റ് ആര്‍ട്ടിസ്റ്റിനെ പോലെ വന്നു ഇപ്പോഴും ആ റോള്‍ തന്നെ കൈകാര്യം ചെയ്യുന്നു. കൊടിക്കുന്നില്‍ കൂട്ടിച്ചേര്‍ത്തു.

എത്ര അറിവും പാണ്ഡിത്യവും ഉളള ആളാണെങ്കിലും രാഷ്ട്രീയപരമായ പക്വതയില്ലായ്മയാണ് അദ്ദേഹത്തിന്റെ പല പ്രവര്‍ത്തികളില്‍ നിന്നും വ്യക്തമാകുന്നത്. കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

രണ്ടാഴ്ച മുമ്പാണ് ദേശീയ നേതൃത്വത്തില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ടാണ് ശശി തരൂര്‍ അടക്കം 23 നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചത്. ഇതേ ചൊല്ലി ഈ നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, നടപടികള്‍ ഒന്നുമുണ്ടായില്ല. പൂര്‍ണസമയ നേതൃത്വം വേണമെന്നാണ് കത്തിലൂടെ നേതാക്കള്‍ ആവശ്യപ്പെട്ടത്.

Back to top button
error: