സ്വപ്‌നയുടെ മൊഴിയില്‍ അനില്‍ നമ്പ്യാര്‍ക്ക് കുരുക്ക് മുറുകുന്നു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ജനം ടിവി എക്‌സിക്യൂട്ടിവ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ നിര്‍ണായക പരാമര്‍ശവുമായി പ്രതി സ്വപ്‌ന സുരേഷ്.

വിമാനത്താവളത്തില്‍ വെച്ച് പിടിച്ചെടുന്ന സ്വര്‍ണം അടങ്ങിയ ബാഗേജ് നയതന്ത്രപാഴ്‌സലല്ലെന്നും വ്യക്തിപരമായ ആവശ്യത്തിന് കൊണ്ടുവന്നതാണെന്ന് കോണ്‍സുല്‍ ജനറല്‍ കത്ത് നല്‍കിയാല്‍ രക്ഷപെടാമെന്നും അനില്‍ നമ്പ്യാര്‍ ഉപദേശിച്ചെന്നാണ് സ്വപ്‌നയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ അനില്‍ നമ്പ്യാരുടെ മൊഴിയുമായി എന്‍ഐഎ ഒത്തുനോക്കിയാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.

അതേസമയം, കൊച്ചി എന്‍ഐഎ ഓഫീസില്‍ അനില്‍ നമ്പ്യാരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. 11 മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ മൂന്നേമുക്കാല്‍ വരെ നീണ്ടു നിന്നു.

ചോദ്യം ചെയ്യലിനായി രാവിലെ പത്തരയോടെയാണ് അനില്‍ നമ്പ്യാര്‍ കൊച്ചിയിലെ എന്‍ഐഎയുടെ ഓഫീസില്‍ ഹാജരായത്. സ്വര്‍ണക്കടത്ത് കേസ് പിടി കൂടി മണിക്കൂറുകള്‍ കഴിയും മുന്‍പ് സ്വപ്നയുടെ ഫോണിലേക്ക് വന്ന അനില്‍ നമ്പ്യാരുടെ കോളാണ് കേസില്‍ ഇരുവരേയും പരസ്പരം ബന്ധിപ്പിച്ച തെളിവായി മാറിയത്. ഇരുവരുടെയും സംസാരത്തിന്റെ രേഖകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.എന്നാല്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വിവരശേഖരണത്തിനായി മാത്രമാണ് സ്വപ്‌ന സുരേഷിനെ വിളിച്ചതെന്നാണ് അനില്‍ നമ്പ്യാര്‍ നല്‍കുന്ന വിശദീകരണം.

അതേസമയം,കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ രാമചന്ദ്രനേയും എന്‍ഐഎ ചോദ്യം ചെയ്യും.സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്നയുടെ ഭര്‍ത്താവിനായി ഫ്ളാറ്റ് ബുക്ക് ചെയ്തത് അരുണ്‍ ആണെന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല സുഹൃത്തിനും കുടുംബത്തിനും വേണ്ടിയാമെന്ന് എം.ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണ് താന്‍ ഫ്ളാറ്റ് ബുക്ക് ചെയ്തതെന്നും അരുണ്‍ മൊഴിനല്‍കിയിരുന്നു. തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

നയതന്ത്ര ബാഗിന്റെ മറവില്‍ ആരുടെ പേരിലാണ് ദുബായില്‍ നിന്ന് സ്വര്‍ണമയച്ചത് എന്നതില്‍ എന്‍ഫോഴ്‌സ്‌മെന്റും എന്‍ഐഎയും അടക്കമുളള കേന്ദ്ര ഏജന്‍സികള്‍ക്ക് വ്യക്തമായ സൂചന കിട്ടിയിട്ടുണ്ട്. നേരത്തെ പലരുടേയും പേരില്‍ സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടെങ്കിലും അവസാനത്തേതാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version